Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

സൗജന്യമായി കാര്‍ഷിക യന്ത്രങ്ങള്‍ നല്‍കുന്നു
    ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാടശേഖര സമിതികള്‍ക്ക് മൂന്ന് ലക്ഷം രൂപ വരെ വിലവരുന്ന കാര്‍ഷിക യന്ത്രങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി സൗജന്യമായി വിതരണം ചെയ്യുന്നു. നടീല്‍യന്ത്രം, മെതിയന്ത്രം, സ്പ്രേയറുകള്‍. ടില്ലര്‍ എന്നിവയാണ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം പദ്ധതിയില്‍ യന്ത്രങ്ങള്‍ ലഭിച്ചവര്‍ അതേ യന്ത്രങ്ങള്‍ക്ക് വീണ്ടും അപേക്ഷിക്കേണ്ടതില്ല. തെരഞ്ഞെടുക്കപ്പെടുന്ന പാടശേഖര സമിതി ഗുണഭോക്തൃ വിഹിതമായി 10 ശതമാനം തുക ജില്ലാ പഞ്ചായത്തില്‍ മുന്‍കൂറായി അടക്കേണ്ടതാണ്. അപേക്ഷാ ഫോറം കൃഷി ഭവനിലും പഞ്ചായത്ത് ഓഫീസുകളിലും കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസിലും ജില്ലാ പഞ്ചായത്തിന്റെ വെബ് സൈറ്റായ www.lsgkerala.in/kannur ലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ കൃഷി ഓഫീസറുടെ സാക്ഷ്യപത്രത്തോടൊപ്പം കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പോസ്റ്റ് ചൊവ്വ, കണ്ണൂര്‍- 670006 എന്ന വിലാസത്തില്‍ സെപ്തംബര്‍ 24 നകം സമര്‍പ്പിക്കണം. ഫോണ്‍. 0497 2725229, 9383472050.
പി എന്‍ സി/2938/2019

പ്രദര്‍ശന സ്റ്റാള്‍ ആവശ്യമുള്ളവര്‍ അപേക്ഷിക്കണം
    ഓണത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആഗസ്ത് 28 മുതല്‍ സപ്തംബര്‍ 10 വരെ നടത്തുന്ന കാര്‍ഷിക പരമ്പരാഗത വ്യവസായ ഉല്‍പന്ന പ്രദര്‍ശന വിപണന മേളയില്‍ സ്റ്റാള്‍ ആവശ്യമുള്ള ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകള്‍, സ്വയം സഹായ സംഘങ്ങള്‍, കാര്‍ഷിക യൂണിറ്റുകള്‍, പരമ്പരാഗത വ്യവസായ യൂണിറ്റുകള്‍, സഹകരണ സംഘങ്ങള്‍, ചെറുകിട-വനിതാ വ്യവസായ യൂണിറ്റുകള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  ബന്ധപ്പെട്ട വകുപ്പില്‍ നിന്നും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം ആഗസ്ത് 24 നകം അപേക്ഷ മാനേജര്‍(ജില്ലാ പഞ്ചായത്ത്), ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ എന്ന വിലാസത്തില്‍ ലഭിക്കണം.  അപേക്ഷാ ഫോറം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലഭിക്കും.  ഫോണ്‍: 0497 2700928.
പി എന്‍ സി/2939/2019

ഡോക്ടര്‍ നിയമനം
    പട്ടുവം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു.  എം ബി ബി എസ് ബിരുദവും ടി സി എം സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമുള്ളവരായിരിക്കണം അപേക്ഷകര്‍.  താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പിയും സഹിതം ആഗസ്ത് 26 ന് രാവിലെ 10 മണിക്ക് പട്ടുവം പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
പി എന്‍ സി/2940/2019

മെഡിക്കല്‍ ഓഫീസര്‍  നിയമനം
    ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ കരാറടിസ്ഥാനത്തില്‍ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു.    അപേക്ഷകര്‍ എം ബി ബി എസ് ബിരുദവും ടി സി എം സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമുള്ളവരായിരിക്കണം.  താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പിയും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും സഹിതം ആഗസ്ത് 22ന് രാവിലെ 11 മണിക്ക് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
പി എന്‍ സി/2941/2019

സ്വാതന്ത്ര്യസമര ചരിത്രം;
ജില്ലാതല ക്വിസ് മത്സരം ആഗസ്ത് 22 ന്
    ജനമൈത്രി പൊലീസ് കണ്ണൂരും കോളേജ് ഓഫ് കൊമേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യസമര ചരിത്രത്തെ ആസ്പദമാക്കിയുള്ള ജില്ലാതല ക്വിസ് മത്സരം ആഗസ്ത് 22 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ജില്ലാ പൊലീസ് സഭാഹാളില്‍ നടക്കും. ഒരു സ്‌കൂളില്‍ നിന്ന് ഹയര്‍സെക്കണ്ടറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി രണ്ടുപേര്‍ ചേര്‍ന്ന ഓരോ ടീമുകള്‍ക്ക് പങ്കെടുക്കാം. ഫോണ്‍. 9497925854, 9497935415.
പി എന്‍ സി/2942/2019

വാഹനം വാടകക്ക് ആവശ്യമുണ്ട്
    ജില്ലാ മാനസിക ആരോഗ്യ പരിപാടിയുടെ ആവശ്യത്തിലേക്ക് എട്ട് സീറ്റുള്ള വാഹനം ലഭ്യമാക്കുന്നതിന് താല്‍പര്യമുള്ള കരാറുകാര്‍/ഏജന്‍സികള്‍ എന്നിവരില്‍ നിന്നും ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍  ഇ ടെണ്ടര്‍ ക്ഷണിച്ചു.   ആഗസ്ത് 24 ന് വൈകിട്ട് അഞ്ച് മണി വരെ ഇ ടെണ്ടര്‍ സമര്‍പ്പിക്കാം.  ഫോണ്‍: 0497 2700194.
പി എന്‍ സി/2943/2019

ക്വട്ടേഷന്‍ ക്ഷണിച്ചു
    സെന്‍ട്രല്‍ ജയില്‍ ആന്റ് കറക്ഷണല്‍ ഹോമിലെ ബജാജ് സി ടി 100 മോട്ടോര്‍ ബൈക്കിന്  300-17 സൈസിലുള്ള പുതിയ ടയര്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ആഗസ്ത് 26 ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
പി എന്‍ സി/2944/2019

അപേക്ഷ ക്ഷണിച്ചു
    എസ് സി വി ടി ട്രേഡ് ടെസ്റ്റ് ജൂലൈ 2019 സെമസ്റ്റര്‍ ഒന്ന്, രണ്ട്, മൂന്ന്, നാല് സപ്ലിമെന്ററി പരീ്യക്ഷയില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ആഗസ്ത് 27 ന് മൂന്ന് മണിക്ക് മുമ്പ്  കണ്ണൂര്‍ ഗവ.ഐ ടി ഐ പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം.  ഫോണ്‍: 0497 2835183.
പി എന്‍ സി/2945/2019

മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം
    ജില്ലാ മൃഗാശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ആഗസ്ത് 26, 27 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു.   താല്‍പര്യമുള്ളവര്‍ക്ക് 21 ന് രാവിലെ 10 മണി മുതല്‍ അഞ്ച് മണി വരെ ഫോണ്‍ മുഖേന പേര് രജിസ്റ്റര്‍ ചെയ്യാം  50 പേര്‍ക്കാണ് പ്രവേശനം.  ഫോണ്‍: 0497 2763473.  
പി എന്‍ സി/2946/2019

ഇ ടെണ്ടര്‍ 
    പയ്യന്നൂര്‍ മുത്തത്തിയില്‍ പ്രവര്‍ത്തിക്കുന്ന പകല്‍ വീടിന്റെ ആവശ്യത്തിലേക്ക് 15 സീറ്റുള്ള വാഹനം ലഭ്യമാക്കുന്നതിനും ഭക്ഷണം വിതരണം ചെയ്യുന്നതിനും  താല്‍പര്യമുള്ള കരാറുകാര്‍/ഏജന്‍സികള്‍ എന്നിവരില്‍ നിന്നും ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍  ഇ ടെണ്ടര്‍ ക്ഷണിച്ചു.   ആഗസ്ത് 24 ന് വൈകിട്ട് അഞ്ച് മണി വരെ ഇ ടെണ്ടര്‍ സമര്‍പ്പിക്കാം.  ഫോണ്‍: 0497 2700194.
പി എന്‍ സി/2947/2019

ജലജന്യരോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം: ഡി എം ഒ
    പ്രളയത്തെത്തുടര്‍ന്ന് ജില്ലയിലെ ഭൂരിഭാഗം മേഖലകളിലും വെള്ളപ്പൊക്കമുണ്ടാകുകയും കുടിവെള്ളസ്രോതസ്സുകളിലും മറ്റും മലിനജലം കലരുകയും ചെയ്ത സാഹചര്യത്തില്‍ ജലജന്യരോഗങ്ങളായ വയറിളക്കം, വൈറല്‍ ഹെപ്പറ്റൈറ്റിസ്-എ, ഇ, ടൈഫോയ്ഡ്, കോളറ തുടങ്ങിയവയ്ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക് അറിയിച്ചു.
    പ്രതിരോധ മാര്‍ഗ്ഗങ്ങള്‍: തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുക, ആഹാരം പാചകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുമ്പ് കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക, ആഹാരം പാചകം ചെയ്ത് ചൂടാറുംമുമ്പ് കഴിക്കുക, കുടിവെള്ളവും ആഹാരസാധനങ്ങളും അടച്ചു സൂക്ഷിക്കുക, കുട്ടികള്‍ മണ്ണില്‍ കളിച്ച ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക, തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം പാടില്ല, ശൗചത്തിനുശേഷം കൈകള്‍ സോപ്പും വെളളവുമുപയോഗിച്ച് വൃത്തിയായി കഴുകുക, കിണറ്റിലെ ജലം മലിനപ്പെടാതെ സൂക്ഷിക്കുക, ഇടയ്ക്കിടെ കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യുക, വീടിന്റെ പരിസരത്ത് ചപ്പുചവറുകള്‍ കുന്നുകൂടാതെ ശ്രദ്ധിക്കുക,
മാലിന്യങ്ങള്‍ തരംതിരിച്ച് സംസ്‌കരിക്കുക, ഈച്ചശല്യം ഒഴിവാക്കുക, തൊഴുത്ത്, പട്ടിക്കൂട് തുടങ്ങിയവ ശുചിയായി സൂക്ഷിക്കുക, പൊതുടാപ്പുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക, വീടിനു വെളിയില്‍ നിന്നുള്ള ഭക്ഷണശീലം കഴിവതും ഒഴിവാക്കുക.  
    അമിതമായ വയറിളക്കം, അമിതദാഹം, നിര്‍ജ്ജലീകരണം, പാനീയങ്ങള്‍ കുടിക്കാന്‍ കഴിയാത്ത അവസ്ഥ, മയക്കം, കുഴിഞ്ഞുതാണ കണ്ണുകള്‍, വരണ്ട വായും നാക്കും തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് ഡോക്ടറുടെ സേവനം തേടണം. വയറിളക്കം ഉണ്ടായാല്‍ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങവെള്ളം, ഉപ്പിട്ട മോരിന്‍വെള്ളം തുടങ്ങിയ പാനീയങ്ങള്‍ കുടിക്കുക. ജലാംശനഷ്ടം പരിഹരിക്കാന്‍ ഡോക്ടറുടെയോ ആരോഗ്യ പ്രവര്‍ത്തകരുടെയോ നിര്‍ദ്ദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും ഒ ആര്‍ എസ് ലായനി കുടിക്കേണ്ടതാണ്. എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും ഒ ആര്‍ എസ് പാക്കറ്റ് സൗജന്യമായി ലഭിക്കും. ഛര്‍ദ്ദിയുണ്ടെങ്കില്‍ അല്‍പസമയം കഴിഞ്ഞ് അല്‍പാല്‍പമായി ഒ ആര്‍ എസ് ലായനി കൊടുക്കണം. അതോടൊപ്പം എളുപ്പം ദഹിക്കുന്ന ആഹാരവും (കഞ്ഞി, ഇഡ്ലി, പുഴുങ്ങിയ ഏത്തപ്പഴം മുതലായവ) നല്‍കണം.
പി എന്‍ സി/2948/2019

date