Skip to main content

ജില്ലയില്‍ ലഹരിക്കെതിരെയുള്ള ക്യാമ്പയിന്‍ കൂടുതല്‍ ശക്തമാക്കും - ജില്ലാ കളക്ടര്‍

 

ജില്ലയില്‍ ലഹരിക്കെതിരെ നടക്കുന്ന ക്യാമ്പയിന്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു. സ്‌കൂള്‍, കോളേജ്, റെസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവ ഉള്‍പ്പെടുത്തി ഊര്‍ജിത ടീമുകള്‍ രൂപീകരിച്ച്  ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും.  ലഹരിക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ലഭ്യമാക്കുന്നതിന്റെ  സാധ്യതയും പരിശോധിക്കും. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഡി-അഡിക്ഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം  കാര്യക്ഷമമാക്കി ഗ്രാമമപഞ്ചായത്തുകളില്‍ ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കേണ്ടതുണ്ടെന്നും കളക്ടര്‍  പറഞ്ഞു. കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ജില്ലാതല ജനകീയ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

 

പുതിയ കണക്ക് അനുസരിച്ച് ജില്ലയില്‍ 4574 റെയ്ഡുകളും 12 സംയുക്ത റെയ്ഡുകളും നടത്തി. ഇതിന്റെ ഭാഗമായി 686 അബ്കാരി കേസുകളും 195 എംബിപിഎസ് കേസുകളും 1918 കോട്പ ആക്ട് പ്രകാരമുള്ള കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 24 ലേബര്‍ ക്യാമ്പുകളില്‍ പരിശോധന നടത്തി ബന്ധപ്പെട്ട കേസുകളില്‍ ഉള്‍പ്പെടെ 597 പ്രതികളെ അറസ്റ്റ് ചെയ്തു. മദ്യത്തിന് ഗുണനിലവാരം പരിശോധിക്കുന്നതിനായി 348 തവണ വിവിധ ലൈസന്‍സ് സ്ഥാപനങ്ങള്‍ പരിശോധിക്കുകയും 217 സാമ്പിളുകള്‍ ശേഖരിച്ച് രാസപരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. 

 

 വിദ്യാര്‍ത്ഥികളില്‍ മദ്യം, മയക്കുമരുന്ന് വ്യാപാരം തടയുന്നതിനായി സ്‌കൂള്‍തലത്തില്‍ 167 ലഹരിവിരുദ്ധ ക്ലബ്ബുകളും കോളേജ് തലങ്ങളില്‍ 35 ലഹരിവിരുദ്ധ ക്ലബുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. സ്‌കൂളുകളിലും കോളേജുകളിലും വിവിധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ദിവസംതോറും ഷാഡോ എക്സൈസ് നിരീക്ഷണവും നടത്തുന്നുണ്ട്. എക്സൈസ് വകുപ്പിന് കീഴില്‍ ജില്ലയില്‍ ബീച്ച് ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ച് ഒരു ഡി അഡിക്ഷന്‍ സെന്ററും പുതിയറയില്‍ കൗണ്‍സിലിംഗ് സെന്ററും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. 

 

ഈ മാസം പത്താം തീയതി തുടങ്ങിയ ഓണം സ്പെഷ്യല്‍ ഡ്രൈവ് കാലയളവില്‍ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും മൂന്നു മേഖലകളിലായി സ്ട്രൈക്കിംഗ് ഫോഴ്സും, റേഞ്ചുകളില്‍ രഹസ്യവിവരം ശേഖരിക്കുന്നതിനായി ഇന്റലിജന്‍സ് ടീമും മാഹി അതിര്‍ത്തി പ്രദേശങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പട്രോളിങ് യൂണിറ്റും പ്രവര്‍ത്തിച്ചുവരുന്നു. കൂടാതെ അന്യ സംസ്ഥാന തൊഴിലാളികളുടെ താമസ ഇടങ്ങളില്‍ മിന്നല്‍ പരിശോധനയും വകുപ്പ് നടത്തുന്നുണ്ട്.

 

 യോഗത്തില്‍  പുരുഷന്‍ കടലുണ്ടി എം എല്‍ എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, സബ്കലക്ടര്‍ വി വിഘ്‌നേശ്വരി, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.ആര്‍ അനില്‍ കുമാര്‍, വിവിധ ജനപ്രതിനിധികള്‍, ജനകീയ സമിതി അംഗങ്ങള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

മഞ്ഞപ്പിത്തം; മുന്‍കരുതലെടുക്കണം 

 

ജില്ലയില്‍ ചില പ്രദേശങ്ങളില്‍ നിന്നും മഞ്ഞപ്പിത്തകേസുകള്‍  റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന  സാഹചര്യത്തില്‍ ജനങ്ങള്‍ മുന്‍കരുതല്‍  സ്വീകരിക്കണമെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി അറിയിച്ചു .  വെള്ളത്തിലൂടെയും  ഭക്ഷണത്തിലൂടെയും  പകരുന്ന  ഒരു രോഗമാണ് മഞ്ഞപ്പിത്തം. പധാനമായും  കരളിനെയാണ്  ഈ രോഗം ബാധിക്കുന്നത്. ശരീരവേദന, പനി, ക്ഷീണം, ഓക്കാനം, ചര്‍ദ്ദി, വയറുവേദന, മൂത്രത്തിനും  കണ്ണിനും ശരീരത്തിനും  മഞ്ഞ നിറം  എന്നിവയാണ്  രോഗലക്ഷണങ്ങള്‍. 

 

 

 

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

 

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക  ,വ്യക്തി  ശുചിത്വം പാലിക്കുക.

 

ആഹാരത്തിനുമുന്‍പും  മല മൂത്ര  വിസര്‍ജനത്തിനു  ശേഷവും  കൈകള്‍  സോപ്പും  വെള്ളവും ഉപയോഗിച്ച്  വൃത്തിയായി കഴുകുക.

 

മലമൂത്ര വിസര്‍ജനം  കക്കൂസില്‍  മാത്രം നടത്തുക.

 

ശീതള പാനീയങ്ങള്‍  ശുദ്ധ  ജലത്തില്‍  മാത്രം തയ്യാറാക്കുക.

 

കുടിവെള്ള സ്രോതസ്സുകള്‍  ക്ലോറിനേഷന്‍ നടത്തുക.

 

രോഗബാധിതര്‍ പ്രത്യേകം സോപ്പ്,  കപ്പ്, പാത്രം, തോര്‍ത്ത്  എന്നിവ ഉപയോഗിക്കുക. 

 

പാത്രങ്ങള്‍ ചൂടുവെള്ളത്തില്‍  കഴുകി  ഉപയോഗിക്കുക.

 

രോഗി പൂര്‍ണ വിശ്രമം  എടുക്കുക.

 

കൊഴുപ്പ് കുറഞ്ഞ  ഭക്ഷണവും  ധാരാളം വെള്ളവും നല്‍കുക. 

 

പച്ചക്കറികളും പഴവര്‍ഗങ്ങളും നല്ലവണ്ണം  കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക. 

 

date