Skip to main content

കഞ്ചിക്കോട് തൊഴില്‍ മേഖലയിലെ വിഷയങ്ങള്‍ പരിശോധിക്കുന്നതിന് യോഗം ചേര്‍ന്നു

 

കഞ്ചിക്കോട് വ്യവസായ മേഖലയിലെ തൊഴിലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കുന്നതിന് ട്രേഡ് യൂണിയനുകള്‍, വ്യവസായികള്‍, തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. 

വ്യവസായത്തിന്റെ അവസ്ഥ കണക്കിലെടുത്ത് ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ അത് തൊഴിലാളികളുടെയും തൊഴില്‍ ഉടമകളുടെയും സാമ്പത്തിക അവസ്ഥയെ ബാധിക്കുമെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ പറഞ്ഞു. വ്യവസായത്തിന്റെ നിലനില്‍പ്പിനായുള്ള മാറ്റങ്ങള്‍ തൊഴിലാളികള്‍ ഉള്‍ക്കൊള്ളണമെന്നും ജില്ലാ കലക്ടര്‍ യോഗത്തില്‍ നിര്‍ദേശിച്ചു. 

വ്യവസായമുണ്ടെങ്കില്‍ മാത്രമേ തൊഴിലാളികള്‍ക്ക് ജോലിയും കൂലിയും ലഭിക്കൂവെന്ന ബോധ്യത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നവരാണ് ട്രേഡ് യൂണിയന്‍ നേതാക്കളെന്ന് യോഗത്തില്‍ പങ്കെടുത്തുന്ന യൂണിയന്‍ പ്രതിനിധികള്‍ പറഞ്ഞു. കഞ്ചിക്കോട്ടെ അറുനൂറോളം വ്യവസായ സ്ഥാപനങ്ങളില്‍ 69 സ്ഥാപനങ്ങളില്‍ മാത്രമാണ് രജിസ്‌ട്രേഡ് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തിക്കുന്നത്. വ്യവസായ പ്രതിസന്ധി നേരിടുമ്പോള്‍ തൊഴിലുടമകളോടൊപ്പം നിന്ന് അത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരമുണ്ടാക്കാനാണ് ട്രേഡ് യൂണിയനുകള്‍ ശ്രമിക്കാറുള്ളത്. പൊതുവായ പ്രശ്‌നങ്ങള്‍ അല്ലാതെ കഞ്ചിക്കോട് മേഖലയ്ക്ക് മാത്രമായി പ്രത്യേക പ്രശ്‌നങ്ങള്‍ ഇല്ലെന്നും തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. 

തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ന്യായമായ ആവശ്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും യൂണിറ്റ് ലെവല്‍ ട്രേഡ് യൂണിയന്‍ നേതാക്കള്‍ നിലപാടെടുക്കുമ്പോള്‍ ചെറിയ പ്രശ്‌നങ്ങളില്‍ പോലും വ്യവസായം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാറില്ല. നിലനില്‍പ്പിന്റെ ഭാഗമായി വ്യവസായ സ്ഥാപനത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമ്പോള്‍ തൊഴിലാളികളെ കുറവ് ചെയ്ത് അധികമുള്ള തൊഴിലാളികളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുന്നതിന് പോലും ട്രേഡ് യൂണിയനുകള്‍ സഹകരിക്കുന്നില്ലെന്ന് വ്യവസായികളുടെ പ്രതിനിധികള്‍ അറിയിച്ചു.

കഞ്ചിക്കോട് വ്യവസായ മേഖലയില്‍ തൊഴിലുമായി ബന്ധപ്പെട്ടുണ്ടായ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. കഞ്ചിക്കോട് ഇന്‍ഡസ്ട്രീസ് ഫോറം, പാലക്കാട് മാനേജ്മെന്റ് അസോസിയേഷന്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് പേഴ്സണല്‍ മാനേജ്മെന്റ് പ്രതിനിധികള്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികളായ ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു, ബി.എം.എസ്, എസ്.ടി.യു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

date