Skip to main content

അഗതി രഹിത കേരളം: 241 പേര്‍ക്ക് ഭക്ഷ്യധാന്യകിറ്റ് വിതരണം നടത്തി

 

മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ അഗതി രഹിത കേരളം പദ്ധതിയുടെ ഭാഗമായി 241 പേര്‍ക്ക് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു. പഞ്ചസാര ചെറുപയര്‍, കറിപ്പൊടികള്‍, എണ്ണ എന്നിങ്ങനെ 12 ഇനം ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാജലക്ഷ്മി നിര്‍വഹിച്ചു.  

തദ്ദേശസ്വയംഭരണ ഭരണ വകുപ്പും കുടുംബശ്രീയും സംയുക്തമായാണ് നിരാലംബരായവരെ മുഖ്യധാരയിലെത്തിക്കാനുള്ള അഗതിരഹിത കേരളം പദ്ധതി നടപ്പിലാക്കുന്നത്. 40 ലക്ഷം രൂപയാണ് കുടുംബശ്രീ ജില്ലാ മിഷനില്‍ നിന്നും മരുതറോഡ് പഞ്ചായത്തില്‍ പദ്ധതി നിര്‍വഹണത്തിനായി അനുവദിച്ചിരിക്കുന്നത്. നിലവില്‍ മൂന്നു വര്‍ഷത്തേക്കാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഓണ്‍ലൈന്‍ സര്‍വ്വേ വഴിയാണ് ഉപഭോക്താക്കളെ തിരഞ്ഞെടുത്തത്. ഒറ്റയ്ക്ക് താമസിക്കുന്നവര്‍, മാരകരോഗങ്ങള്‍ ഉള്ളവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, സ്വയം ഭക്ഷണം പാകം ചെയ്തു കഴിക്കുവാന്‍ സാധിക്കാത്തവര്‍ തുടങ്ങി അവശത അനുഭവിക്കുന്നവരെയാണ് പദ്ധതിയില്‍ ഗുണഭോക്താക്കളായി തിരഞ്ഞെടുക്കുന്നത്. ഓരോ ഗുണഭോക്താവിനും 500 രൂപ വിലയുള്ള ആവശ്യസാധനങ്ങള്‍ ഉള്‍പ്പെടെയുള്ള കിറ്റുകളാണ് വിതരണം ചെയ്തത്. പഞ്ചായത്ത് ഭരണ സമിതിയുടെ മേല്‍നോട്ടത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് കെ.ബി മുരളീധരന്‍ അധ്യക്ഷനായി. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാധാ രമണി, ബ്ലോക്ക് പഞ്ചായത്ത് അംഗം വിനീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇന്ദിര, കുമാരി, വിമല, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുഗുണ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുടുംബശ്രീ സാന്ത്വനം യൂണിറ്റിന്റെ നേതൃത്വത്തില്‍ ബ്ലഡ് ഷുഗര്‍,  ബ്ലഡ് പ്രഷര്‍, കൊളസ്‌ട്രോള്‍ എന്നിവയുടെ പരിശോധനയും നടത്തി.

date