Skip to main content
ഐസിയു ആംബുലന്‍സിന്റെ താക്കോല്‍ എസ് രാജേന്ദ്രന്‍ എംഎല്‍എ ആശുപത്രി സൂപ്രണ്ടിന് കൈമാറുന്നു.

അടിമാലി താലൂക്കാശുപത്രിയുടെ പുതിയ ഐസിയു  ആംബുലൻസ് നിരത്തിലിറങ്ങി

 

 

 അടിമാലി താലൂക്കാശുപത്രിക്കായി അനുവദിച്ച അത്യാധുനിക സംവിധാനങ്ങളോട് ചേര്‍ന്ന ഐസിയു ആംബുലന്‍സ് നിരത്തിലിറങ്ങി.ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ ആസ്തി വികസന ഫണ്ടുപയോഗിച്ചാണ് അടിമാലി താലൂക്കാശുപത്രി, രോഗികള്‍ക്കായി പുതിയ ആംബുലന്‍സ് പ്രവര്‍ത്തന സജ്ജമാക്കിയത്.സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു എംഎല്‍എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് ഒരു താലൂക്കാശുപത്രിക്കായി ഐസിയു ആംബുലന്‍സ് വാങ്ങുന്നത്. ജീവനക്കാരുടെ സേവനമടക്കം അത്യാധുനിക സംവിധാനങ്ങള്‍ ആംബുലന്‍സില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.33 ലക്ഷം രൂപ ചിലവഴിച്ചാണ് ആംബുലന്‍സ് നിരത്തിലിറക്കിയത്. ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ ആംബുലന്‍സിന്റെ താക്കോല്‍ അടിമാലി താലൂക്കാശുപത്രി സൂപ്രണ്ട് പ്രസീതക്ക് കൈമാറി..ദേവികുളം,ഉടുമ്പന്‍ചോല താലൂക്കുകളുടെ ആരോഗ്യ രംഗത്തിന് ഏറെ പ്രയോജനകരമാണ് നിരത്തിലിറങ്ങിയിട്ടുള്ള പുതിയ ഐസിയു ആംബുലന്‍സ്.ആദിവാസികളടക്കമുള്ള നിര്‍ധന രോഗികള്‍ക്ക് ആംബുലന്‍സിന്റെ ലഭ്യത ഏറെ സഹായം ചെയ്യും.നിലവിലെ സാഹചര്യത്തില്‍ അടിമാലിയും തൊടുപുഴയും ഉള്‍പ്പെടുന്ന ഇടങ്ങളില്‍ നിന്നുള്ള സ്വകാര്യ ഐസിയു ആംബുലന്‍സുകളെയാണ് രോഗികള്‍ ആശ്രയിച്ച് വരുന്നത്.ഇതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതക്ക് ഒരു പരിധിവരെ കുറവുണ്ടാകുമെന്നതിനൊപ്പം വേഗത്തില്‍ ആംബുലന്‍സിന്റെ സേവനം ലഭ്യമാകാനും ഇന്നു മുതല്‍ അവസരമൊരുങ്ങും.അടിമാലിയില്‍ നടന്ന ആംബുലന്‍സിന്റെ താക്കോല്‍ദാന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ മുരുകേശന്‍ അധ്യക്ഷത വഹിച്ചു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍,ജനപ്രതിനിധികള്‍,ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

date