Skip to main content

കരകൗശല വികസന കോർപ്പറേഷൻ ഓൺലൈൻ വ്യാപാരരംഗത്തേക്ക്

കേരളത്തിന്റെ തനതായ കരകൗശല ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വളരെ വേഗം എത്തിക്കുന്നതിന് കേരള കരകൗശല വികസന കോർപ്പറേഷൻ ഓൺലൈൻ ഷോപ്പിംഗ് പോർട്ടൽ ആരംഭിച്ചു. www.keralahandicrafts.in എന്ന പോർട്ടൽ വ്യവസായ മന്ത്രി ഇ. പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. 
കരകൗശല ഉത്പന്നങ്ങളുടെ സവിശേഷതകളും നിർമിച്ച കലാകാരൻമാരുടെ വിശദാംശങ്ങളും ഉൾപ്പെടുത്തിയാണ് പോർട്ടൽ തയാറാക്കിയിരിക്കുന്നത്. പേയ്‌മെന്റ് ഗേറ്റ്‌വേ വഴി പണമടയ്ക്കാനും സൗകര്യമുണ്ട്. കേരളത്തിന്റെ കരകൗശല ഉത്പന്നങ്ങളുടെ വ്യാജൻമാരെ ഒരുപരിധി വരെ തടയുക എന്ന ലക്ഷ്യവും ഓൺലൈൻ വിൽപന പോർട്ടലിനുപിന്നിലുണ്ട്. സിഡിറ്റിന്റെ സഹായത്തോടെയാണ് ഓൺലൈൻ പോർട്ടൽ തയാറാക്കിയിരിക്കുന്നത്.  
പരമ്പരാഗത തൊഴിലാളികൾക്ക് ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനും പുതിയ ഡിസൈനുകൾ നിർമിക്കാൻ പരിശീലനം നൽകുന്നതിനുമായി ഡിസൈൻ ആന്റ് ടെക്‌നോളജി വർക്ക്‌ഷോപ്പുകൾ നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഒരു പ്രത്യേക ക്രാഫ്റ്റിൽ പ്രാവീണ്യമുള്ള ശിൽപികൾക്ക് ഉത്പന്നങ്ങൾ നിർമിക്കാനും പരിശീലിപ്പിക്കാനുമായി മൂന്നു പൊതുസേവന കേന്ദ്രങ്ങളുടെ നിർമാണം ആരംഭിച്ചിട്ടുണ്ട്. കോർപ്പറേഷന്റെ വിപണന ശൃംഖലയായ കൈരളിയുടെ ഓൺലൈൻ സ്‌റ്റോറുകൾ ആമസോൺ, ഫ്‌ളിപ്പ്കാർട്ട് തുടങ്ങിയ ഇ കൊമേഴ്‌സ് സൈറ്റുകളിലും വിപണനം ആരംഭിച്ചിട്ടുണ്ട്. 
കേരള കരകൗശല വികസന കോർപറേഷൻ ചെയർമാൻ സുനിൽകുമാർ, എം. ഡി എൻ. കെ. മനോജ് എന്നിവർ സംബന്ധിച്ചു.
പി.എൻ.എക്സ്.2994/19

date