Skip to main content

കയ്പമംഗലം മണ്ഡലത്തിലെ  പൊതുവിദ്യാലയങ്ങൾ സ്മാർട്ടാകുന്നു

കയ്പമംഗലം നിയോജകമണ്ഡലത്തിലെ പ്രാഥമികതലം മുതൽ ഹൈസ്‌കൂൾ വരെയുള്ള എല്ലാ പൊതുവിദ്യാലയങ്ങളും ഹൈടെക്കാകുന്നു. ഇതിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിലേക്ക് 1.4 കോടി രൂപ ചിലവഴിച്ച് 333 ലാപ്‌ടോപ്പുകൾ, 142 എൽസിഡി പ്രൊജക്ടറുകൾ, 333 സ്പീക്കറുകൾ തുടങ്ങിയവ വിതരണം ആരംഭിച്ചു കഴിഞ്ഞു. 
മണ്ഡലത്തിലെ 36 ക്ലാസ് മുറികളാണ് ആണ് ഇത്തരത്തിൽ ആദ്യമായി സ്മാർട്ട് ആകുന്നത്. നിയോജകമണ്ഡലത്തിലെ എല്ലാ സർക്കാർ വിദ്യാലയങ്ങളിലേയും യുപി വിഭാഗം ക്ലാസ്മുറികളും സമ്പൂർണ്ണമായും സ്മാർട്ട് ആകും. ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയുടെ 2017-18 ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് 22.5 8 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതികൾ നടപ്പാക്കുന്നത്. സർക്കാർ ഏജൻസിയായ കെൽട്രോൺ ആണ് പദ്ധതി നിർവഹണ ഏജൻസി. ഇതിനാവശ്യമായ സാങ്കേതിക സാമഗ്രികളെല്ലാം വിദ്യാലയങ്ങളിൽ എത്തിക്കഴിഞ്ഞു. ഇതോടെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പിലാക്കുന്നതിൽ കയ്പമംഗലം നിയോജകമണ്ഡലം സംസ്ഥാനത്ത് തന്നെ ഏറ്റവും മുന്നിട്ടു നിൽക്കുന്ന മണ്ഡലം ആയി മാറും. 
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തുതന്നെ ശ്രദ്ധയാകർഷിക്കുന്ന നിരവധി പരിപാടികളാണ് മണ്ഡലത്തിൽ നടന്നുവരുന്നത്. എൽപി മുതൽ ഹയർസെക്കൻഡറി വരെ അക്കാദമിക് മാസ്റ്റർ പ്ലാനും ജനകീയ മാസ്റ്റർപ്ലാനും നിലവിലുള്ള സംസ്ഥാനത്തെ അപൂർവ്വ മണ്ഡലങ്ങളിൽ ഒന്നാണ് കയ്പമംഗലം. ഉന്നത വിദ്യാഭ്യാസപരിശീലന പരിപാടിയായ സുമേധ, വിദ്യാർത്ഥികളുടെ ആരോഗ്യ-ലഹരി വിമുക്ത പരിപാടിയായ സ്വരക്ഷ എന്നിവ സംസ്ഥാനത്ത് ശ്രദ്ധയാകർഷിച്ച പരിപാടികളാണ്. കഴിഞ്ഞ പ്രളയകാലത്ത് 1000 കിലോ പ്ലാസ്റ്റിക് കുപ്പികൾ വിദ്യാർഥികളുടെ നേതൃത്വത്തിൽ ശേഖരിച്ച് ലഭിച്ച 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുത്തിരുന്നു. ഇതേ മാതൃകയിൽ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളോടും പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ പ്രത്യേക ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയിരുന്നു.
 

date