Skip to main content

കേരള മീഡിയ അക്കാദമി ദേശീയ ശില്പശാല സംഘടിപ്പിക്കുന്നു

ദൃശ്യമാധ്യമ രംഗത്തെ സങ്കേതങ്ങള്‍ അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ്. വെര്‍ച്വല്‍ റിയാലിറ്റി കൂടി വന്നതോടെ സാധാരണക്കാരുടെ ചിന്തകള്‍ക്കുമപ്പുറത്തെ ദൃശ്യവിരുന്ന് അവതരിപ്പിക്കാന്‍ ഇന്ന് അവസരമുണ്ട്. ഇത്തരം സാങ്കേതികമാറ്റങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ പരിചയപ്പെടുത്താനും പ്രാഥമിക പരിശീലനം ലഭ്യമാക്കാനും കേരള മീഡിയ അക്കാദമി ദേശീയ ശില്പശാല സംഘടിപ്പിക്കുന്നു. മാറുന്ന ദൃശ്യമാധ്യമ സങ്കേതങ്ങള്‍ എന്ന ശില്പശാല ഓഗസ്റ്റ് 31ന് തിരുവനന്തപുരം വിന്‍ഡ്സര്‍ രാജധാനി കണ്‍വെന്‍ഷന്‍ സെന്ററിലെ ഇംപീരിയല്‍ ഹാളില്‍ നടക്കും.  മായാ അക്കാദമി ഓഫ് സിനിമാറ്റിക്സും കേസരി സ്മാരക     ജേര്‍ണലിസ്റ്റ്സ് ട്രസ്റ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ക്ലാസുകള്‍ നയിക്കുന്നത് ദൃശ്യമാധ്യമ സാങ്കേതിക മേഖലയില്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ അറിയപ്പെടുന്ന പ്രഗത്ഭരായ പ്രൊഫഷണല്‍ വിദഗ്ദ്ധരാണ്. മാധ്യമ-ആവിഷ്‌കരണ രംഗത്തെ നവീന പ്രവണതകള്‍ ആയിരിക്കും ശില്പശാലയുടെ മുഖ്യവിഷയം. മള്‍ട്ടിമീഡിയ, ആനിമേഷന്‍, വി.എഫ്.എക്സ്., ഓഗ്മെന്റഡ് ആന്‍ഡ് വെര്‍ച്വല്‍ റിയാലിറ്റി എന്നിവയിലെ പുതിയ ആപ്ലിക്കേഷനുകള്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്യും. ഈ മേഖലയിലെ ഭാവി വെല്ലുവിളികള്‍, ആവശ്യകതകള്‍, പുതിയ പ്രവണതകള്‍ എന്നിവ ഒന്നൊന്നായി വിലയിരുത്തും. അവ വിശദമായി വിശകലനം ചെയ്യുന്നതിനും സ്വായത്തമാക്കുന്നതിനുമുള്ള വിദഗ്ദ സഹായം ലഭ്യമാക്കുകയാണ് ശില്പശാലയുടെ രീതിശാസ്ത്രമെന്ന് ക്യാമ്പ് ഡയറക്ടര്‍ ഡോ.എസ്.ശശികുമാരന്‍ അറിയിച്ചു. കംപൂട്ടര്‍ ഗ്രാഫിക്സ് ഇമേജറി, മോഷന്‍ ഗ്രാഫിക്സ്, ആനിമേഷന്‍, വി.എഫ്.എക്സിലെ തൊഴില്‍ സാദ്ധ്യതകള്‍ എന്നിവ വിശദമായി ശില്പശാലയില്‍ അവതരിപ്പിക്കും.
ഓഗസ്റ്റ് 31 രാവിലെ 9.30ന് മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബുവിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഐ.ടി. അറ്റ് സ്‌കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അന്‍വര്‍ സാദത്ത് ശില്പശാല ഉദ്ഘാടനം ചെയ്യും. താല്പര്യമുള്ളവര്‍ക്ക് ഓഗസ്റ്റ് 25ന് വൈകുന്നേരം 5 മണി വരെ രജിസ്റ്റര്‍ ചെയ്യാം.  keralamediaacademytvpm@gmail.com  എന്ന ഇ-മെയിലിലോ 9061593969 എന്ന വാട്ട്സാപ്പ് നമ്പരിലോ 0471-2726275 എന്ന ഫോണ്‍ നമ്പറിലോ രജിസ്റ്റര്‍ ചെയ്യാം.
 

date