Skip to main content

ശ്രദ്ധേയമായി കൊല്ലങ്കോട്ടെ വനിതാ കാന്റീന്‍ 

 

വനിത-ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തില്‍ ജീവനക്കാര്‍ക്കായി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച കുടുംബശ്രീ വനിതാ കാന്റീന്‍ ജനകീയമാകുന്നു. ഓഗസ്റ്റ് 17 ന്് 'പ്രിയ' കുടുംബശ്രീ യൂണിറ്റിന്റെ കീഴില്‍ തുടങ്ങിയ പ്ലാസ്റ്റിക് വര്‍ജ്ജിത വനിത കാന്റീന്‍ പ്രവര്‍ത്തനം ആരംഭിച്ച് ഒരു മാസം പിന്നിട്ടു.

ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന ഓഫീസ്, തൊഴിലുറപ്പ് ഓഫീസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, എല്‍.എസ്.ജി.ഡി ഓഫീസുകളിലെ ജീവനക്കാര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസുകളിലെത്തുന്ന പൊതുജനങ്ങള്‍ക്കും കാന്റീന്‍ ഏറെ ഉപകാരമാണ്. കൊല്ലങ്കോട് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണും ആറാം വാര്‍ഡ് അംഗവുമായ എം. രാജേശ്വരിയാണ് അഞ്ചംഗ വനിത കാന്റീന് നേതൃത്വം നല്‍കുന്നത്. പൂര്‍ണമായും ഹരിതച്ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ മാലിന്യം വളരെ കുറവാണ്. കൂടാതെ ഭക്ഷണാവശിഷ്ടങ്ങള്‍ വീട്ടില്‍ കൊണ്ടുപോയി ചാണകത്തിനൊപ്പം കലര്‍ത്തി പച്ചക്കറി കൃഷിക്ക് വളമായി ഉപയോഗിച്ചും ഇവര്‍ മാതൃകയാകുന്നു.

ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിനോട് ചേര്‍ന്ന് താത്ക്കാലികമായാണ് ഇപ്പോള്‍ കാന്റീന്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും അടുത്ത സാമ്പത്തിക വര്‍ഷത്തിനകം കാന്റീന്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറും. ഇതിനായി 2019 -20 സാമ്പത്തിക വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി അഞ്ചുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് വനിതാ ക്ഷേമം എക്സ്റ്റഷന്‍ ഓഫീസര്‍ എം. ശാന്തി അറിയിച്ചു.

date