Skip to main content

മലമ്പുഴയിലെ ടൂറിസം വികസനത്തിന് ഇനിയും ഫണ്ട്  അനുവദിക്കും: വി.എസ്. അച്യുതാനന്ദന്‍

 

ജലമലിനീകരണവും ജലചൂഷണവും ഇല്ലാതാക്കുന്നത് മലമ്പുഴയുടെ വിനോദസഞ്ചാര വികസനത്തിന് ആവശ്യമാണെന്ന് ഭരണ പരിഷ്കാര കമ്മീഷന്‍ അധ്യക്ഷനും മലമ്പുഴ എം.എല്‍.എയുമായ വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ജലസേചന വകുപ്പ് എന്നിവ സംയുക്തമായി ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ സഹകരണത്തോടെ മലമ്പുഴയില്‍ സ്ഥാപിച്ച വാനനിരീക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് മലമ്പുഴ. അതുള്‍കൊണ്ട് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും അവര്‍ക്ക് സൗകര്യം ഒരുക്കാനുമായി കോടിക്കണക്കിന് രൂപയുടെ എം.എല്‍.എ ഫണ്ടാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക അനുവദിക്കും. അനുനിമിഷം വളരുന്ന ശാസ്ത്ര രംഗത്തെ മാറ്റങ്ങള്‍ ജനങ്ങള്‍ക്കും സമൂഹത്തിനും എത്തിക്കാന്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് മുന്‍കൈയെടുക്കണം. നഗ്നനേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയാത്ത ഗ്രഹങ്ങളെ അടുത്തുകാണാന്‍ കഴിയുന്ന ദൂരദര്‍ശിനി സഞ്ചാരികള്‍ക്ക് പുറമേ  വിദ്യാര്‍ഥികള്‍ക്കും പൊതുജനത്തിനും സഹായകരമാവുമെന്നും വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി. ഇന്ദിരാ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഡി. സദാശിവന്‍, വാര്‍ഡ് അംഗം എന്‍. ബാബു, ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.എ. ഗോകുല്‍ദാസ്, ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്.എസ്. പത്മകുമാര്‍, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ വി. ഷണ്മുഖന്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി കെ.ജി. അജേഷ് എന്നിവര്‍ സംസാരിച്ചു. 

date