Skip to main content

ജില്ലയുടെ സമഗ്രവികസനത്തിന്റെ ആധാരശിലയായി  ജില്ലാപദ്ധതി മാറും: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി     

ജില്ലയുടെ എല്ലാ മേഖലകളുടെയും സമഗ്രവികസനത്തിനുള്ള ആധാരശിലയായി ജില്ലാ പദ്ധതി രേഖ മാറുമെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ജില്ലാ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസൂത്രണം താഴേത്തട്ടില്‍ നിന്ന് ആരംഭിക്കുകയെന്ന സംസ്ഥാന സര്‍ക്കാരിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് ജില്ലാ പദ്ധതി തയ്യാറാക്കുന്നത്. വികസനം മുകളില്‍ നിന്ന് അടിച്ചേല്‍പ്പിക്കുന്നതാകുമ്പോള്‍ അത് പ്രായോഗികവും ഫലപ്രദവുമാവണമെന്നില്ല. വികസന കാര്യത്തില്‍ കാലങ്ങളായി അവഗണിക്കപ്പെട്ട കണ്ണൂര്‍ ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനനുസൃതമായ ആസൂത്രണം നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. 
    വടക്കന്‍ ജില്ലകളുടെ വികസനത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നുണ്ടെങ്കിലും പല രംഗങ്ങളിലും നാം വളരെ പിന്നിലാണെന്ന കാര്യം വിസ്മരിച്ചുകൂടെന്ന് ടി.വി രാജേഷ് എം.എല്‍.എ അഭിപ്രായപ്പെട്ടു. സ്‌പോര്‍ട്‌സ് മേഖലയില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍  ജില്ലയ്ക്ക് അനിവാര്യമാണ്. നിലവിലെ സ്‌പോര്‍ട്‌സ് ഡിവിഷന്‍ മികച്ചൊരു സ്‌പോര്‍ട്‌സ് സ്‌കൂളാക്കി മാറണം. മുണ്ടയാട് സ്റ്റേഡിയത്തോടനുബന്ധിച്ച് രാജ്യാന്തര നിലവാരത്തിലുള്ള പരിശീലന കേന്ദ്രം ഉയര്‍ന്നുവരണം. പ്രധാന പാതകളില്‍ അഞ്ച് കിലോമീറ്ററിലൊന്ന് എന്ന രീതിയില്‍ മികച്ച ടോയിലെറ്റ് സൗകര്യങ്ങള്‍ ഒരുക്കണം. സംസ്ഥാനത്തെ ആദ്യ സ്ത്രീസൗഹൃദ ജില്ലയായി കണ്ണൂരിനെ മാറ്റിയെടുക്കാനുതകുന്ന മികച്ച പദ്ധതികള്‍ ജില്ലാ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും എം.എല്‍.എ പറഞ്ഞു.
    കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാവുന്നതോടെ ജില്ലയിലുണ്ടാകുന്ന വികസനക്കുതിപ്പ് കൂടി മുന്നില്‍ക്കണ്ടുള്ള പദ്ധതികളാണ് ജില്ലയ്ക്കായി ആസൂത്രണം ചെയ്യേണ്ടതെന്ന് ചടങ്ങില്‍ അധ്യക്ഷനായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു. വികസനക്കുതിപ്പില്‍ പിന്തള്ളപ്പെട്ടുപോവാനിടയുള്ളവരെ കൂടി പരിഗണിച്ചുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
    ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെമിനാറില്‍ മേയര്‍ ഇ.പി ലത, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ കെ.പി ജയബാലന്‍ മാസ്റ്റര്‍, വി.കെ സുരേഷ് ബാബു, ടി.ടി റംല, കെ ശോഭ, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ആസൂത്രണ സമിതി അംഗങ്ങളായ പി.കെ ശ്യാമള ടീച്ചര്‍, എം സുകുമാരന്‍, അജിത്ത് മാട്ടൂല്‍, സുമിത്ര ഭാസ്‌ക്കരന്‍, കെ.വി ഗോവിന്ദന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
    ജില്ലാ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വിഷയ മേഖലകളുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച 15 ഉപസമിതികള്‍ തയ്യാറാക്കിയ കരട് റിപ്പോര്‍ട്ടുകള്‍ സെമിനാറില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ചയും നടന്നു. ജനുവരി 23നു മുമ്പായി ജില്ലാപദ്ധതി രേഖ സംസ്ഥാന വികസന കൗണ്‍സില്‍ മുമ്പാകെ സമര്‍പ്പിക്കും. 

date