Skip to main content

കാസര്‍കോടിന്റെ സാംസ്‌കാരിക ഭൂപടത്തില്‍ ഇടം പിടിക്കാന്‍ ഒരു കലോത്സവം കൂടി വരികയായി

തേജസ്വിനിയും പയസ്വിനിയും ചന്ദ്രഗിരിയും മധുവാഹിനിയും വിഹരിക്കുന്ന തുളുനാടന്‍ കരയില്‍ കലയുടെ കളിവിളക്ക് തെളിയുവാന്‍ ഇനി പതിനാല് രാപകലുകള്‍ കൂടി. സംഗീത, നൃത്ത, ശില്‍പ, നാട്യ, രചനാ വൈഭവങ്ങള്‍ ഇനി അരങ്ങ് കൊഴുപ്പിക്കും. സപ്ത ഭാഷാ സംഗമ ഭൂമിയില്‍ കലയുടെ കൊലുസ്സുകള്‍ കിലുങ്ങുമ്പോള്‍ വര്‍ണ്ണങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കുവാന്‍ ജില്ല ഒരുങ്ങുകയാണ്.
കലയുടെ കാഹളം മുഴക്കി കേരള സ്‌കൂള്‍ കലോത്സവം കൊടിയേറുന്ന കാസര്‍കോടു നിന്ന് സാംസ്‌കാരിക കേരളത്തിന്റെ ഭൂപടത്തില്‍ ഇടം നേടിയ നായകന്മാരെ ഓര്‍ക്കുമ്പോള്‍

പി.കുഞ്ഞിരാമന്‍ നായര്‍

കവിതയുടെ മധുരക്കടലായി പരന്നൊഴുകിയ വാക്കുകളാല്‍ കവിതയ്ക്ക് മാത്രമായൊരു ജന്മം. അതായിരുന്നു കാസര്‍കോടിന്റെ പി. കേരളത്തിന്റെ പ്രകൃതി സൗന്ദര്യത്തെ അപ്പാടെ കവിതകളില്‍ പകര്‍ത്തിയ മലയാളത്തിന്റെ പ്രിയ കവി പി. കുഞ്ഞിരാമന്‍ നായര്‍.
  യാത്രകളെ ജീവിതമാക്കിയ പ്രിയ കവിയെ സുകുമാര്‍ അഴീക്കോട് കാളിദാസന് ശേഷം പിറന്ന കവിയെന്ന് വിശേഷിപ്പിച്ചു. ഡോ. എം ലീലാവതിയുടെ വാക്കുകളില്‍, വിരഹ വേദനയും ഗൃഹാതുരുത്വവും കാല്‍പനിക കവികളുടെ പൊതുസ്വത്താണെങ്കിലും ആ ബാങ്കില്‍ ഏറ്റവും വിപുലമായ സ്ഥിര നിക്ഷേപം കുഞ്ഞിരാമന്‍ നായരുടെ പേരില്‍ തന്നെ പതിഞ്ഞു കിടക്കുമെന്ന്. കവിയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ വെള്ളിക്കോത്തിന്റെ മണ്ണിലും കലോത്സവ വേദി ഒരുങ്ങുകയാണ്.

 രാഷ്ട്ര കവി ഗോവിന്ദ പൈ

 മഞ്ചേശ്വരത്ത് 1883 ല്‍ ജനിച്ച ഗോവിന്ദ പൈ വള്ളത്തോളിനൊപ്പം രാഷ്ട്ര കവിപ്പട്ടം നേടിയ മഹാനാണ്. കന്നട ഭാഷയില്‍ ഈ പുരസ്‌കാരം നേടുന്ന ആദ്യ കവി കൂടിയായി ഗോവിന്ദ പൈ. ഗീതാഞ്ചലിയും ജപ്പാനീസ് ഭാഷയിലെ കൃതികളും കന്നടയിലേക്ക് വിവര്‍ത്തനം ചെയ്തു. കവിതയുടെ പുറം തോടുകള്‍ ഭേദിച്ച്, കവിതയെ സ്വതന്ത്രമാക്കിയ കവിയുടെ നാടും കലോത്സവ മേളം കാത്ത് കിടക്കുകയാണ്.

 ടി.ഉബൈദ്

മാപ്പിളപ്പാട്ടിന്റെ ശീലുകള്‍ കാസര്‍കോടിനെ പഠിപ്പിച്ച ഉബൈദിന്റെ ചന്ദ്രഗിരിക്കരയും കലാ മാമാങ്കത്തെ ഹൃദയത്തോട് ചേര്‍ക്കാന്‍ ഒരുങ്ങുകയാണ്. സാമൂഹിക നവോത്ഥാനത്തിന്റെ ദിനങ്ങളില്‍ പൊരുതി. അധ്യാപകനും കവിയും മാപ്പിള എഴുത്തുകാരനുമായ ഉബൈദ് തുളു നാടിന്റെ പ്രതിഭയായി. സപ്ത ഭാഷാ സംഗമഭൂമിയില്‍ പിറന്ന്, മലയാളം, കന്നട, ഇംഗ്ലീഷ്, ഉറുദു, അറബി എന്നിങ്ങനെ ബഹുഭാഷാ പണ്ഡിതനായി. കാസര്‍കോട് സംസ്ഥാന കലോത്സവത്തെ എതിരേല്‍ക്കുമ്പോള്‍ ഉബൈദിന്റെ നാടും പറഞ്ഞറിയിക്കാനാകാത്ത ആഹ്ലാദത്തിലാണ്

മഹാകവി കുട്ടമത്ത്

മലബാറിന്റെ സാഹിത്യ മണ്ഡലത്തെ വളരെയേറെ സ്വാധീനിച്ച മഹാനായിരുന്നു മഹാകവി കുട്ടമത്ത്.  1941ല്‍ ചിറയ്ക്കല്‍ രാമവര്‍മ്മ മഹാരാജാവ് ഇദ്ദേഹത്തെ മഹാകവിപ്പട്ടം നല്‍കി ആദരിച്ചു. സംഗീത നാടകങ്ങള്‍ എഴുതി പ്രസിദ്ധി നേടിയ കവിയുടെ നാട് തികഞ്ഞ ആഹ്ലാദത്തില്‍ കലോത്സവത്തെ വരവേല്‍ക്കാന്‍ തയ്യാറായി കഴിഞ്ഞു 

കയ്യാര്‍ കിഞ്ഞണ്ണ റായ്

ചന്ദ്രഗിരിക്കിപ്പുറം കയ്യാറില്‍ ജനിച്ച് നാടക, കല, വ്യാകരണം, ബാലസാഹിത്യം മേഖലകളില്‍ സമഗ്ര സംഭവനകള്‍ നല്‍കിയ വ്യക്തിത്വം. മലയാള സാഹിത്യ കൃതികള്‍ക്ക് കന്നഡ പരിഭാഷ നടത്തി. കാസര്‍കോടന്‍ സാംസ്‌കാരിക ഭൂപടത്തിന്റെ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച കിഞ്ഞണ്ണ റായുടെ നാട് ഏഴു തിരിയിട്ട് കലയുടെ നാളുകളെ കാത്തിരിക്കുകയാണ്.

 വിദ്വാന്‍ പി കേളുനായര്‍

തന്റേതായ ശൈലിയില്‍ സംഗീതനാടകങ്ങള്‍ രചിച്ചും അവ അവതരിപ്പിച്ചും കയ്യടിനേടിയ പ്രതിഭ. നീലേശ്വരത്ത് ജനിച്ച് കര്‍ണാടക സംഗീതവും തമിഴ് ഭാഷയും പഠിച്ച് അനീതിക്കും അനാചാരങ്ങള്‍ക്കുമെതിരെ കലയെ പടവാളാക്കി. നാടകം കളിച്ച് ലഭിക്കുന്ന തുക സമൂഹത്തിനായി മാറ്റിവെച്ചു.  കേളുനായരുടെ നീലേശ്വരവും കലാമാമാങ്കത്തിനായി ഒരുങ്ങിക്കഴിഞ്ഞു.

 ടി.എസ് തിരുമുന്‍പ്

പാടുന്ന പടവാളെന്ന് ഇ.എം.എസ് വിശേഷിപ്പിച്ച ഉത്തരമലബാറിന്റെ വിപ്ലവ കവി. മലയാളത്തിലെ ആദ്യത്തെ ആക്ടിവിസ്റ്റ് പടപ്പാട്ടുകള്‍ എഴുതിയ കവി തിരുമുന്‍പ് ആകാം എന്ന് പറയപ്പെടുന്നു. തിരുമുന്‍പിന്റെ ജന്മനാടും കലോത്സവ തിമര്‍പ്പിലാണ്.
കോട്ടകള്‍ കഥ പറയുന്ന തേജസ്വിനിക്കര താളമേളങ്ങളില്‍ അലിയാന്‍ കൈമെയ് മറന്ന് സംഘാടനത്തിന്റെ പിറകെയാണ്. കലാമേളങ്ങളില്‍ മുഴുകാന്‍ നൂപുരം കെട്ടി കാത്തിരിക്കുന്ന തുളു മണ്ണ് ആഥിത്യമരുളുമ്പോള്‍, സാംസ്‌കാരിക കേരളത്തിന് കാസര്‍കോടിന്റെ സംഭാവനകളായ നായകന്‍മാരുടെ നാടുകളും ഒരുങ്ങുകയാണ്

date