Skip to main content

വിദ്യാലയം പ്രതിഭകളോടൊപ്പം പരിപാടിക്ക് തുടക്കം കഥ പറഞ്ഞ് അനുഭവങ്ങളുടെ ഇടയിലേക്ക് വൈശാഖൻ മാഷിനൊപ്പം

മാഷെ സ്വാധീനിച്ച പുസ്തകമേതാ ? മലയാള കഥയിൽ ഒരുകാലത്ത് നവഭാവുകകത്വത്തിന്റെ അലയൊലികൾ തീർത്ത കഥാകാരൻ വൈശാഖനോട് തൃശൂർ മോഡൽ ഗേൾസ് സ്‌കൂളിലെ കുട്ടികളിലൊരാളുടെ ചോദ്യം. അക്കാദമി ലൈബ്രറി മുറ്റത്തെ തണലിൽ അവർ 25 പേരുണ്ടായിരുന്നു. എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി, വിഎച്ച്എസ്‌സി ക്ലാസ്സുകളിലെ വിദ്യാർത്ഥിനികൾ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നൂതന സംരംഭമായ 'വിദ്യാലയം പ്രതിഭകളോടാപ്പം' എന്ന പദ്ധതിയുടെ ഭാഗമായി കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖൻ മാഷെ കാണാനെത്തിയതായിരുന്നു അവർ.
സ്‌കൂളിലും പഠനകാലത്ത് ഫുട്‌ബോൾ ഗ്രൗണ്ടിൽ നിന്നും കളിമോശമായതിനാൽ പുറത്താക്കപ്പെടുന്ന ഒരു കൗമാരക്കാരൻ കുര്യാക്കോസ് എന്ന സുഹൃത്ത് വഴി ഒരു വായനശാലയിലെത്തിയതും കെ ദാമോദരൻ എഴുതിയ മനുഷ്യൻ എന്ന പുസ്തകം ആ കൗമാരക്കാരന്റെ ചിന്തകൾക്ക് തീകൊളുത്തിയതും മാഷ് ഓർത്തെടുത്തപ്പോൾ കുഞ്ഞുങ്ങളിലും കൗതുകമേറി. പിൽക്കാലത്ത് മാതൃഭൂമി ആഴ്ചപതിപ്പിന് അയച്ച കഥയ്ക്ക് മറുപടിയായി എം ടി വാസുദേവൻ നായരെഴുതിയ മറുപടികത്തും തന്റെ സാഹിത്യ ജീവിതത്തിന് മുതൽക്കൂട്ടായ കാര്യം കത്തിലെ വരികൾ ഓർത്തെടുത്തുകൊണ്ട് അദ്ദേഹം വിവരിച്ചു.
റെയിൽവേ ഉദ്യോഗജീവിതം നൽകിയ അനുഭവങ്ങളാണ് തന്റെ എഴുത്തിന് കരുത്തേകിയത്. വൈശാഖൻ എന്ന പേരു പോലും സ്വീകരിക്കുന്നതങ്ങിനെയാണ്. തമിഴ്‌നാട്-ആന്ധ്രപ്രദേശ് അതിർത്തി ഗ്രാമമായ ബെലക്കുണ്ടിയിൽ സ്റ്റേഷൻ മാസ്റ്റരായി ജോലി നോക്കുന്ന കാലം. സ്വന്തം പേര് വച്ച് കഥയെഴുതുന്നതിന് നിയമപരമായി അംഗീകാരമില്ലാത്ത കാലം. കഥയെഴുതാൻ ഒരു തൂലിക നാമം നോക്കി നടക്കുന്നതിനിടയിലാണ് അത് വൈശാഖ മാസക്കാലമാണെന്ന് അറിയുന്നത്. തന്നെ അലട്ടിയിരുന്ന ആസ്തമയ്ക്ക് കുറവുണ്ടാകുന്ന ശാന്ത സുന്ദരമായ ആ മാസത്തിന്റെ പേര് തൂലികാ നാമമാക്കുകയായിരുന്നു. കോവിലനെ പോലെ തൂലികാ നാമത്തിന്റെ നിഴലിൽ വൈശാഖനായി മാറിയ എഴുത്ത് ജീവിതം.
അനുഭവങ്ങളുടെ പുസ്തകമായിരുന്നു റെയിൽവേ ജീവിതം. സ്റ്റേഷൻ മാസ്റ്റരുടെ കൊളോണിയൽ യൂണിഫോം സമരം ചെയ്ത് മാറ്റിക്കാനായി ജയിലിൽ കിടന്നു. രാത്രി മുഴുവൻ ശവശരീരത്തിന് കാവൽ കിടന്ന് ജോലി ചെയ്തു. ഒന്നര കിലോമീറ്റർ നീളമുളള പ്ലാറ്റ് ഫോമും ഒരു പോർട്ടറും ഒന്നോ രണ്ടോ പാസഞ്ചർ ട്രെയിനുകളും മാത്രം നിർത്തുന്ന ഏകാന്തമായ സ്റ്റേഷൻമാസ്റ്ററുടെ ജീവിതം. ചുറ്റിനും കാണുന്ന നിരാലംബരും മുഴുപട്ടിണിക്കാരുമായ സാധാരണ മനുഷ്യരുടെ ദരിദ്രജീവിതം. ഇതൊക്കെ എഴുത്തിന് ഊർജ്ജം പകർന്നു. വിശപ്പ് മൂലം റെയിൽവേ ടിക്കറ്റ് തിന്ന് തീർത്ത കുഞ്ഞിന്റെ മുഖം മറക്കാനാവില്ല. എന്റെ അഹംഭാവം അവസാനിച്ചത് ഇങ്ങനെയാണെന്ന് വൈശാഖൻ മാഷ്. അനുഭവങ്ങളാണ് ഏറ്റവും വലിയ ഗുരു. ഇന്ത്യയിൽ ഇതു വരെ ഒരു റെയിൽവേ സ്റ്റേഷൻ മാസ്റ്റർ സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായിട്ടില്ല. എഴുത്ത് കൊണ്ട് മാത്രമാണത് സംഭവിച്ചത്. അനുഭവങ്ങളെ വായിച്ചറിയാൻ പഠിക്കണം. സഹാനുഭൂതിയും താദാത്മ്യം പ്രാപിക്കാനുളള കഴിവുമാണ് പ്രധാനം. പുസ്തകങ്ങൾ പല ജീവിതം ജീവിക്കാനുളള അവസരമാണ് നൽകുന്നത്. സാധാരണ മനുഷ്യർക്ക് മനസ്സിലാകുന്ന ഭാഷയിലാണെന്റെ എഴുത്ത്. പണ്ഡിതന്റെ ഭാഷ തനിക്കറിയില്ല. വൈശാഖൻ പറഞ്ഞു.
സാഹിത്യ അക്കാദമിയെ അറിവിന്റെ മേഖലയിലും ജനകീയമായി ഇടപെടുന്നതിലും ഒരു പോലെ സജ്ജമാക്കുകയാണ് ലക്ഷ്യം. അതിന്റെ ഭാഗമായാണ് കഴിഞ്ഞ വർഷം 200 മത്സ്യതൊഴിലാളികൾക്കായി മഞ്ചേശ്വരത്ത് സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചത്. ഈ വർഷം ഡോക്ടർമാർക്കായി സാഹിത്യക്യാമ്പ് നടത്തിയത്. പ്രളയാക്ഷരങ്ങൾ എന്ന പുസ്തകം പുറത്തിറക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അരക്കോടിയിലേറെ രൂപ സമാഹരിച്ചതും ഇതിന്റെ ഭാഗമാണ്.
മലയാളം ശ്രേഷ്ഠഭാഷയായി മാറിക്കൊണ്ടിരിക്കുന്നു. കഴിയുന്നത്ര മലയാള പദങ്ങൾ ഉപയോഗിച്ച് സംസാരിക്കാൻ ശ്രദ്ധിക്കണം. മലയാള ഭാഷയ്ക്ക് ഒട്ടേറെ സംഭാവനകൾ നൽകിയ ഒരു മാധ്യമ കുടുംബത്തിൽ നിന്ന് പുറത്തിറങ്ങിയ ഒരു മാസികയുടെ പേര് സ്റ്റാർ ആൻഡ് സ്റ്റൈൽ എന്നാണ്. ഭാഷയുടെ ശ്രേഷ്ഠത നിലനിർത്താൻ നമ്മൾ ബോധപൂർവ്വം ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ ബോർഡുകളും മലയാളത്തിലാക്കിയാൽ നന്നായിരിക്കും. ഭരണഭാഷ മലയാളമാക്കിയത് നല്ല ചുവട്‌വെപ്പാണ്.
അറിവിന്റെ ശാക്തീകരണവും സമ്പത്തിന്റെ ശാക്തീകരണവുമാണ് പെൺകുട്ടികൾക്കുണ്ടാവേണ്ടത്. ചതിക്കുഴികളെ തിരിച്ചറിയാനുളള ബോധമുണ്ടാവണം. ജീവിതം വിനോദമല്ല. ജീവിതത്തിലെ ഒരു ഘടകം മാത്രമാണ് വിനോദം. പ്രതീതി യാഥാർത്ഥ്യത്തിൽ മുഴുകി പോവരുത്. വായന ഒരു ഉൽപാദനവും കാഴ്ച ഉപഭോഗവുമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. വായനക്കായി സമയം കണ്ടെത്തണം. റെയിൽവേ ജീവിതത്തിന് ശേഷം പാരലൽ കോളേജ് അദ്ധ്യാപനം, നാടകാഭിനയം, പാട്ടെഴുത്ത്, സിനിമാഭിനയം തുടങ്ങിയ ജീവിത വേഷങ്ങളാടിയതിനെ പറ്റിയും വൈശാഖൻ മാഷ് പറഞ്ഞു. കുടുംബവിശേഷങ്ങൾ പങ്ക് വച്ച അദ്ദേഹം കുഞ്ഞുങ്ങളുടെ സ്‌നേഹ നിർബന്ധത്തിന് വഴങ്ങി രണ്ട് വരി പാടാനും തയ്യാറായി.
ജില്ലാ കളക്ടർ എസ് ഷാനവാസും കുട്ടികളോട് സംവദിച്ചു. തൃശൂർ പൊതുവിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ എൻ ഗീത, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബി സേതുരാജ് എന്നിവരും പങ്കെടുത്തു.

date