Skip to main content

ശിശുദിനത്തിൽ നഗരം കീഴടക്കി കുരുന്നുകൾ

ശിശുദിനത്തോടനുബന്ധിച്ച് നഗരത്തിൽ നടന്ന ശിശുദിന റാലി കുട്ടികളുടെ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായി. ജില്ലയിലെ 50 സ്‌കൂളുകളിൽ നിന്നായി നാലായിരത്തോളം കുട്ടികളാണ് റാലിയിൽ പങ്കെടുത്തത്. സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, എൻ സി സി, ബുൾ ബുൾ, കബ്, ജൂനിയർ റെഡ് ക്രോസ്സ്, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് എന്നിവ റാലിക്ക് മാറ്റുകൂട്ടി. വ്യാഴാഴ്ച രാവിലെ 8.30 ന് സി എം എസ് സ്‌കൂൾ പരിസരത്തു നിന്നും ആരംഭിച്ച റാലി കോർപറേഷൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം എൽ റോസി ഫ്‌ളാഗ് ഓഫ് ചെയ്തു. തുടർന്ന് പാലസ് റോഡ് വഴി ടൗൺഹാളിലെത്തിയ റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് സ്വീകരിച്ചു.
ശിശുദിനാഘോഷ ചടങ്ങിന്റെ ഉദ്ഘാടനം കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞടുക്കപ്പെട്ട വലിയപാടം എസ് എൻ ഡി പി എൽ പി എസിലെ ആദിൽ കൃഷ്ണ പി ജി നിർവഹിച്ചു. കുട്ടികളുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നാട്ടിക ഗവ ഫിഷറീസ് എച്ച്എസിലെ അഭിനവ കെ എ അധ്യക്ഷത വഹിച്ചു. മരോട്ടിച്ചാൽ എ യു പി എസിലെ ജോൺ ജോബി സ്വാഗതവും തൃശൂർ സെന്റ് തോമസ് ഹൈസ്‌കൂളിലെ അതുൽ കൃഷ്ണ എം എസ് നന്ദിയും പറഞ്ഞു. ശിശുക്ഷേമ വകുപ്പ് സംഘടിപ്പിച്ച വർണോത്സവം -2019 ലെ വിവിധ മത്സരങ്ങളിലെ വിജയികളായിരുന്നു ഇവർ. ജില്ലാ ശിശുക്ഷേമ സമിതിയുടെ പ്രസിഡന്റ് കൂടിയായ ജില്ലാ കളക്ടർ എസ് ഷാനവാസ് ശിശുദിന സന്ദേശം നൽകി.
തിരുവനന്തപുരം വഴുതക്കാട് കാർമൽ ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിലെ ആറാം തരം വിദ്യാർത്ഥിനി അലീന എ പി രൂപകൽപന ചെയ്ത ശിശുദിന സ്റ്റാമ്പിന്റെ പ്രകാശനം കളക്ടർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറിന് നൽകി നിർവ്വഹിച്ചു. ജില്ലയിൽ നടന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു. തൃശൂർ ജില്ലാ ഭരണകൂടവും ജില്ലാ ശിശുക്ഷേമ സമിതിയും ജില്ലാ പഞ്ചായത്തും തൃശൂർ കോർപ്പറേഷനും സംയുക്തമായാണ് ശിശുദിനാഘോഷം സംഘടിപ്പിച്ചത്. തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ എൻ ഗീത, ശിശുക്ഷേമ സമിതി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എം കെ പശുപതി മാസ്റ്റർ, ജില്ലാ ശിശു ക്ഷേമ സമിതി സെക്രട്ടറി എൻ ചെല്ലപ്പൻ, വിദ്യാഭ്യാസ, ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

date