Skip to main content

ബാലാവകാശ വാരാചരണത്തിന് ജില്ലയിൽ തുടക്കമായി

ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി 'ചൈൽഡ്‌ലൈൻ സെ ദോസ്തി വീക്ക് 'ന് ജില്ലയിൽ തുടക്കമായി. കളക്ടറുടെ ചേംബറിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ എസ് ഷാനവാസ് നിർവഹിച്ചു. നവംബർ 14 മുതൽ 20 വരെയാണ് ചൈൽഡ് ലൈനിന്റെ നേതൃത്വത്തിൽ ദോസ്തി വാരം ആചരിക്കുന്നത്. അയ്യന്തോൾ നിർമല യു പി സ്‌കൂളിൽ നിന്നും വന്ന 10 വിദ്യാർത്ഥികൾ കളക്ടർക്ക് ചൈൽഡ്‌ലൈൻ ബാഡ്ജും രക്ഷാബന്ധനും അണിയിച്ചു കൊണ്ടായിരുന്നു വാരാചരണത്തിന് തുടക്കമിട്ടത്. ചൈൽഡ്‌ലൈൻ പ്രവർത്തകർ കുട്ടികൾക്കൊപ്പം വെസ്റ്റ് പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. വാരാചരണത്തിന്റെ ഭാഗമായി തൃശൂർ റയിൽവേ സ്റ്റേഷനിൽ ചൈൽഡ് ഹെൽപ് ഡെസ്‌ക് സ്ഥാപിച്ചു. സെന്റ് തോമസ് കോളേജിലെ എം എസ് ഡബ്ല്യൂ വിദ്യാർഥികൾ തെരുവ് നാടകം അവതരിപ്പിച്ചത് ശ്രദ്ധേയമായി. ഇന്ന് (നവംബർ 15) കടപ്പുറം ജി വി എച് എസിൽ കുട്ടികളിലെ ലഹരി ഉപയോഗത്തിനെതിരെ ജില്ലാതല പ്രചാരണം നടത്തും. 16 ന് ശക്തൻ സ്റ്റാൻഡ്, ശക്തൻ മാർക്കറ്റ്, ഹൈ റോഡ്, സ്വരാജ് റൗണ്ട്, മുനിസിപ്പൽ ബസ് സ്റ്റാൻഡ്, എന്നിവിടങ്ങളിലും 17 ന് അതിരപ്പിള്ളിയിലും, വാടാനപ്പള്ളി സ്നേഹതീരം ബീച്ചിലും ബോധവത്കരണം നടത്തും. 20 ന് വൈകീട്ട് 4 മണിക്ക് സുരക്ഷിത ബാല്യമെന്ന സന്ദേശവുമായി തൃശൂർ ഗവ മോഡൽ ബോയ്സ് ഹൈസ്‌കൂളിൽ നിന്ന് കൂട്ടയോട്ടം നടത്തും.

date