Skip to main content

കളക്ടേഴ്സ് അറ്റ് സ്കൂള്‍ പദ്ധതിയ്ക്ക് വാഴൂര്‍ ബ്ലോക്കില്‍ തുടക്കം

 

കളക്ടേഴ്സ് അറ്റ് സ്കൂള്‍ പദ്ധതിക്ക് വാഴൂര്‍ ബ്ലോക്കില്‍ തുടക്കമായി. നെടുംകുന്നം ഗവണ്‍മെന്‍റ് എച്ച.്എസ്.എസില്‍ ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്‍റ് കെ. പി. ബാലഗോപാലന്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് കുപ്പികള്‍, ചില്ലു കുപ്പികള്‍, പ്ലാസ്റ്റിക് കവറുകള്‍, കടലാസുകള്‍ എന്നിവ വേര്‍തിരിച്ച് ശേഖരിക്കുന്നതിനായി നാല് ബൂത്തുകള്‍ സ്കൂളില്‍ സ്ഥാപിച്ചു.
 

കുട്ടികള്‍ക്ക് വീടുകളില്‍നിന്നും ബോട്ടിലുകളും കവറുകളും ശേഖരിച്ച് വൃത്തിയാക്കി ഈ ബൂത്തുകളില്‍ നിക്ഷേപിക്കാം. ഇവ ആഴ്ചയില്‍ ഒരിക്കല്‍ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ശേഖരിച്ച് പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റുകളില്‍ എത്തിക്കുകയോ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുകയോ ചെയ്യും.
 

വിദ്യാര്‍ഥികളിലൂടെ സമൂഹത്തില്‍ ശുചിത്വബോധം സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി ശുചിത്വ മിഷന്‍ ഫണ്ട് ഉപയോഗിച്ചാണ് ബ്ലോക്ക് തലത്തില്‍ സ്കൂളുകളില്‍ നടപ്പാക്കുന്നത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്ക് ഒരു ബൂത്തിന് 7400 രൂപ വീതം നാലു ബൂത്തുകള്‍ക്ക് 29,600 രൂപയും എല്‍.പി, യു.പി സ്കൂളുകളില്‍ ഒരു ബൂത്തിന് 5300 രൂപ വീതം 21,200 രൂപയുമാണ് പദ്ധതി വിഹിതം.
 

നെടുംകുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ബീന നൗഷാദ്, ബ്ലോക്ക് പഞ്ചായത്തംഗം രാകേഷ് കൈടാച്ചിറ, ഗ്രാമപഞ്ചായത്തംഗം മാത്യു ജോണ്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി  പി.എന്‍. സുജിത് എന്നിവര്‍ പങ്കെടുത്തു.

date