Skip to main content

പുരാരേഖാ കാര്യാലയങ്ങളിലേക്കുള്ള സന്ദര്‍ശനം പഠനയാത്രകളുടെ ഭാഗമാക്കണം: മന്ത്രി കടന്നപ്പള്ളി

കൊച്ചി: സംസ്ഥാന പുരാരേഖ വകുപ്പിന്റെ കൈശമുള്ള അമൂല്യമായ ചരിത്രരേഖകള്‍ പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളും അക്കാദമിക സമൂഹവും തയാറാകണമെന്ന് പുരാവസ്തു, പുരാരേഖ, മ്യൂസിയം, തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാന, മേഖലാ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പുരാരേഖ കാര്യാലയങ്ങളിലേക്കുള്ള സന്ദര്‍ശനം കൂടി വിദ്യാര്‍ത്ഥികള്‍ പഠനയാത്രകളുടെ ഭാഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
    ഭരണഭാഷാ വര്‍ഷാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് സംഘടിപ്പിച്ച മലയാള ഭാഷാ സെമിനാര്‍ ഭാരത് ടൂറിസ്റ്റ് ഹോമില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
    ഗോളാന്തരയാത്രകള്‍ക്ക് വരെ മനുഷ്യന്‍ പ്രാപ്തനായിട്ടുണ്ടെങ്കിലും അതിലേക്ക് വച്ച ചുവടുകള്‍ തിരിഞ്ഞുനോക്കേണ്ടത് അത്യാവശ്യമാണ്. ആ ചുവടുകളാണ് പുരാരേഖ കാര്യാലയങ്ങളിലുള്ളത്. അതത് കാലഘട്ടങ്ങളുടെ പ്രതിസ്പന്ദങ്ങളായ ഗ്രന്ഥങ്ങളുടെയും രേഖകളുടെയും വന്‍ ശേഖരം ശാസ്ത്രീയമായി സംരക്ഷിക്കാനും ക്രോഡീകരിക്കാനും പുരാരേഖ വകുപ്പിന് സംവിധാനമുണ്ട്. ഇത് കൂടുതല്‍ വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
    സംസ്ഥാന സര്‍ക്കാര്‍ മലയാളം ഭരണഭാഷയായി പ്രഖ്യാപിച്ച ശേഷം ഭൂരിഭാഗം ഫയലുകളും മലയാളത്തിലായിട്ടുണ്ട്. ജീവിതത്തിന്റെ സര്‍വതലങ്ങളെയും സ്പര്‍ശിക്കുന്നതാണ് മാതൃഭാഷ. ജാതി, മത ചിന്തകള്‍ക്കെല്ലാം അതീതമായ ഭാഷയ്ക്ക് അതിന്റേതായ സംഗീതവും അര്‍ത്ഥതലങ്ങളുമുണ്ടെന്ന് കടന്നപ്പള്ളി ചൂണ്ടിക്കാട്ടി.
    കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.ജി. പൗലോസ് അധ്യക്ഷനായിരുന്നു. സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് ഡയറക്ടര്‍ പി. ബിജു, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജെ. രജികുമാര്‍, മ്യൂസിയം - മൃഗശാല വകുപ്പ് ഡയറക്ടര്‍ കെ. ഗംഗാധരന്‍, കേരള മ്യൂസിയം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ചന്ദ്രന്‍പിള്ള, കേരള സാഹിത്യ അക്കാദമി അംഗം ഡോ. മ്യൂസ് മേരി ജോര്‍ജ്, എം.വി ബെന്നി, എറണാകുളം മേഖല ആര്‍ക്കൈവ്‌സ് സൂപ്രണ്ട് പി.കെ. സജീവ്, കെ.വി. ദേവദാസ്, വി.വി. സന്തോഷ് ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date