Skip to main content

മുട്ട, പാല്‍, ഇറച്ചി ഉത്പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തത കൈവരിക്കണം: മന്ത്രി കെ രാജു 2018 ഡിസംബറില്‍ പാലുത്പാദത്തില്‍ സ്വയം പര്യാപ്തത നേടും

 

 

കൊച്ചി: മുട്ട, പാല്‍, ഇറച്ചി ഉത്പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തത കൈവരിക്കണമെന്ന് മൃഗസംരക്ഷണ-വനം-ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ്,  കെപ്‌കോ  എന്നിവയുമായി സഹകരിച്ചു കൊണ്ട് കുടുംബശ്രീ  നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതിയുടെ സംരംഭക സംഗമത്തിന്റെയും കമ്യൂണിറ്റി ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഉത്പാദനസ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്  കേരള ചിക്കന്‍ പദ്ധതി നടപ്പാക്കുന്നത്.  സംസ്ഥാനത്തിന് സമ്പന്നമായ മൃഗവളര്‍ത്തല്‍ പാരമ്പര്യമുണ്ട്. ഈ പാരമ്പര്യം  തിരിച്ചുകൊണ്ടുവരാനും ഇത്തരം പദ്ധതികളിലൂടെ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

 

ജിഎസ്ടി ഏര്‍പ്പെടുത്തിയപ്പോള്‍ കോഴിയിറച്ചിക്ക് മുമ്പുണ്ടായിരുന്ന നികുതി ഇല്ലാതായെങ്കിലും ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി കോഴിയിറച്ചിയുടെ വില കുറഞ്ഞില്ല. ഈ സന്ദര്‍ഭത്തില്‍ സര്‍ക്കാര്‍ ആലോചിച്ച് പരിഹാരമാര്‍ഗമായി നടപ്പാക്കുന്ന പദ്ധതിയാണ് കേരള ചിക്കന്‍. പദ്ധതിപ്രകാരം കുടുംബശ്രീ അംഗങ്ങള്‍ക്ക് കെപ്‌കോയില്‍ നിന്നും ആയിരം കോഴിക്കുഞ്ഞുങ്ങളെ വീതം വാങ്ങി വളര്‍ത്തി 45 ദിവസം കഴിഞ്ഞു തിരികെ നല്‍കിക്കൊണ്ട് ലാഭം സമ്പാദിക്കാം. കോഴിഫാം സജ്ജീകരിക്കുന്നതിന് ഒരു യൂണിറ്റിന് ഒരുലക്ഷം രൂപയാണ് നാലുശതമാനം പലിശയ്ക്ക് നല്‍കുന്നത്. ഇറച്ചിക്കോഴി വളര്‍ത്തല്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമായ രീതിയില്‍ മുന്നോട്ടു കൊണ്ടു പോകുന്നതിന് സംരംഭകരെ സഹായിക്കുന്നതിനായാണ് കമ്യൂണിറ്റി ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഇനത്തില്‍ ധനസഹായം വിതരണം ചെയ്യുന്നത്.  ഒരു കിലോഗ്രാമിന് 85 രൂപ വിലയിലാണ് കെപ്‌കോ ഇറച്ചിക്കോഴി തിരിച്ചെടുക്കുന്നത്. ഫാം നടത്തുന്നതിനുള്ള ലൈസന്‍സ് നല്‍കുന്നതില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഉദാരസമീപനം സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. 

 ക്ഷീരകര്‍ഷകരെ സഹായിക്കുന്ന പല പദ്ധതികളും സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. സംസ്ഥാനത്തിനാവശ്യമായ പാലിന്റെ 83 ശതമാനം ഇപ്പോള്‍ ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. 2018 ഡിസംബറോടെ പാലുത്പാദത്തില്‍ സ്വയം പര്യാപ്തത നേടുന്ന സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.

മരട് പ്രിയദര്‍ശിനി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മരട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുനില സിബി അദ്ധ്യക്ഷയായിരുന്നു.  കേരള ചിക്കന്‍ ജിയോ ടാഗിങ്ങ് ഉദ്ഘാടനം സുനില സിബി നിര്‍വഹിച്ചു.

 

അശമന്നൂര്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ കെ സരോജിനിയും സംരംഭക കൃഷ്ണകുമാരിയും കേരള ചിക്കന്‍ ധനസഹായവിതരണം മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. പദ്ധതി വഴി ആയിരം കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തി 45 ദിവസം കഴിഞ്ഞ് തിരികെ നല്‍കിയതുവഴി ലാഭം നേടിയ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അനുര ജോര്‍ജ്ജിന് കേരള ചിക്കന്‍ ഇറച്ചിക്കോഴിയുടെ തുക കെപ്‌കോ ചെയര്‍പേഴ്‌സണ്‍ ജെ.ചിഞ്ചുറാണി കൈമാറി. കൊല്ലം ജില്ലയിലെ ഹാച്ചറി യൂണിറ്റിനുള്ള ഹാച്ചിങ്ങ് എഗ്ഗ് വിതരണം കെപ്‌കോ മാനേജിങ്ങ് ഡയറക്ടര്‍ ഡോ.വിനോദ് ജോണ്‍ നിര്‍വഹിച്ചു. 

 

2017-18 സംസ്ഥാന ബഡ്‌സ് കലോത്സവത്തില്‍ സമ്മാനാര്‍ഹരായ ചെല്ലാനം ബഡ്‌സ് സ്‌കൂളിലെ എ കെ ബിജു,  സെലസ്റ്റിന്‍, കൃപ മരിയ, അഞ്ജു, സിമി, മിഥുന കുന്നത്തുനാട് ബഡ്‌സ് സ്‌കൂളിലെ അരുണ്‍ സുകുമാരന്‍, കരമാലൂര്‍ ബഡ്‌സ് സ്‌കൂളിലെ അജയകുമാര്‍ എന്നിവര്‍ക്കുള്ള സമ്മാനവും മന്ത്രി യോഗത്തില്‍ വിതരണം ചെയ്തു.

 

കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് ഹരികിഷോര്‍, കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗങ്ങളായ ജില്ലാ പഞ്ചായത്തംഗം ശാരദാ മോഹന്‍, വൈപ്പിന്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ജോഷി, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എന്‍.എന്‍.ശശി, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ കെ ആര്‍ രാഗേഷ്, മരട് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ജെ ജോണ്‍സണ്‍, വാര്‍ഡംഗം അജിതകുമാരി, ജില്ലാ മൃഗസംരക്ഷണ വകുപ്പ് അസി ഡയറക്ടര്‍  ഡോ കെ കെ ജയരാജ്, മൃഗസംരക്ഷണ വകുപ്പ് ഓഫീസര്‍ ഡോ  പി കെ സദാനന്ദന്‍,  കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍  ഡോ കെ ആര്‍ നികേഷ് കിരണ്‍, ഉദേ്യാഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ആദ്യഘട്ടത്തില്‍  പദ്ധതി തുടങ്ങുന്നതിന് അനുയോജ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഉള്ള 438 യൂണിറ്റുകളെയാണ് കുടുംബശ്രീ തിരഞ്ഞെടുത്തിട്ടുള്ളത്. ഇതര സംസ്ഥാനത്തു നിന്നെത്തുന്ന ഇറച്ചിക്കൊഴിയുടെ ഉപയോഗം പൂര്‍ണമായും കുറച്ച് ആഭ്യന്തര വിപണിയുടെ ആവശ്യമനുസരിച്ച് ഗുണനിലവാരമുള്ള ചിക്കന്‍ ഉല്‍പാദിപ്പിക്കുക എന്നതാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. അയല്‍ക്കൂട്ട വനിതകള്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുന്ന തൊഴിലവസരം ലഭ്യമാക്കുക എന്നതും ലക്ഷ്യമാണ്. കേരളത്തില്‍ ഇറച്ചിക്കോഴിയുടെ ഉപഭോഗം കണക്കിലെടുത്താല്‍ കോഴിക്കൃഷിക്ക് ഏറെ സാധ്യതകളുണ്ട്. ഈ മേഖലയിലെ സംരംഭ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി വ്യാവസായികാടിസ്ഥാനത്തില്‍ മുന്നേറാനാണ് കുടുംബശ്രീയുടെ ശ്രമം. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ഹാച്ചറി യൂണിറ്റുകളും കോഴിയിറച്ചി വിപണന കേന്ദ്രങ്ങളും ആരംഭിച്ച് പദ്ധതി വിപുലകരിക്കുക എന്നതിനാണ് ഊന്നല്‍ നല്‍കുന്നത്. മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്നു കൊണ്ട് ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കി ഉല്‍പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണകരമായ രീതിയില്‍ കേരള ചിക്കന്റെ മാര്‍ക്കറ്റിംഗും ബ്രാന്‍ഡിങ്ങും ഏര്‍പ്പെടുത്തും. 

date