Skip to main content

വയോജനങ്ങളുടെ ന്യൂറോ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ശ്രദ്ധ വേണം -ഗവര്‍ണര്‍

    വയോജനങ്ങളുടെ ന്യൂറോളജിക്കല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു. ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയില്‍ സംഘടിപ്പിച്ച 'സൂപ്പര്‍ ഇ.എം.ജി ഇന്ത്യ 2018' അന്തര്‍ദേശീയ ന്യൂറോ മസ്‌കുലാര്‍ സിമ്പോസിയം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ വയോജനങ്ങളുടെ എണ്ണം കൂടുതലാണ്. നിലവില്‍ 12 ശതമാനമുള്ളത് ഇനിയും കൂടുമെന്നാണ് കണക്ക്. അതുകൊണ്ട് അവര്‍ നേരിടുന്ന ന്യൂറോ സംബന്ധ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടികളുണ്ടാകണം.
    നൂറോ സൈക്യാട്രിക് രോഗങ്ങളായ പാര്‍ക്കിന്‍സണ്‍സ്, ഡിമന്‍ഷ്യ പോലുള്ളവ വ്യാപകമാകുന്നുണ്ട്. അതിനാല്‍ത്തന്നെ, ന്യൂറോളജിക്കല്‍ ചികിത്‌സകളില്‍ കൂടുതല്‍ വൈദഗ്ധ്യം നേടാന്‍ ഡോക്ടര്‍മാര്‍ക്ക് പരിശീലന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം. കൂടാതെ, ഈ മേഖലകളിലേക്ക് കൂടുതല്‍ ഡോക്ടര്‍മാരെ ആകര്‍ഷിക്കാനുമാകണം.
ജനങ്ങളില്‍ വിവിധ പ്രായങ്ങളില്‍ വരാന്‍ സാധ്യതയുള്ള ന്യൂറോ സംബന്ധ രോഗങ്ങളെപ്പറ്റി കൃത്യമായ അവബോധം നല്‍കാനും വിദഗ്ധര്‍ ശ്രദ്ധിക്കണം. ഇത്തരം രോഗങ്ങളെപ്പറ്റി സാമൂഹ്യ അവബോധം ഇല്ലാത്തതാണ് പല മൂന്നാംലോക രാജ്യങ്ങളിലേയും പ്രശ്‌നം. കുട്ടികളില്‍ ഇത്തരം രോഗങ്ങള്‍ വരാന്‍ കാരണമാകുന്ന കാരണങ്ങളെപ്പറ്റിയും ജനങ്ങള്‍ക്ക് അറിവുണ്ടാകണം.
    ന്യൂറോളജിക്കല്‍ മേഖലയിലെ പുത്തന്‍ ശാസ്ത്രമേഖലയിലെ വികാസങ്ങള്‍ മുമ്പ് ചികിത്‌സയില്ലായിരുന്ന പല രോഗങ്ങളും കണ്ടെത്താനും പരിഹരിക്കാനും സാധ്യമാക്കിയതായും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ നിംഹാന്‍സ് മുന്‍ ഡയറക്ടര്‍ ഡോ. എം. ഗൗരി ദേവിയെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ഗവര്‍ണര്‍ ആദരിച്ചു.
    ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ആശാ കിഷോര്‍ അധ്യക്ഷത വഹിച്ചു. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് കാര്‍ഡിയോ വാസ്‌കുലാര്‍ ആന്റ് തൊറാസിക് സര്‍ജറി ചെയര്‍മാന്‍ ഡോ. കെ. ജയകുമാര്‍, ന്യൂറോളജി പ്രൊഫസര്‍ ഡോ. സഞ്ജീവ് വി. തോമസ്, ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. മുരളീധരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. എബ്രഹാം കുരുവിള സ്വാഗതവും ശില്‍പശാലയുടെ കണ്‍വീനര്‍ ഡോ. ശ്രുതി എസ്. നായര്‍ നന്ദിയും പറഞ്ഞു.
പി.എന്‍.എക്‌സ്.1115/18

 

date