Skip to main content

വിഴിഞ്ഞം കേരളത്തിന്റെ അഭിമാന പദ്ധതി: മുഖ്യമന്ത്രി പിണറായി വിജയന്‍

    വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട അഭിമാന പദ്ധതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതി ജീവനോപാധി നഷ്ടപരിഹാര വിതരണം തൈക്കാട് റസ്റ്റ് ഹൗസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
    കേരളത്തില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ നിര്‍മ്മാണ പ്രവൃത്തിയാണ് വിഴിഞ്ഞത്ത് നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ തീരദേശ റോഡും വേയ് ബ്രിഡ്ജും സൈറ്റ് ഓഫീസും പൂര്‍ത്തിയായിട്ടുണ്ട്. ഇതോടൊപ്പം 565 മീറ്റര്‍ പുലിമുട്ട് നിര്‍മാണം നടക്കുന്നു. ബെര്‍ത്ത് പൈലിംഗ് ആരംഭിച്ചിട്ടുണ്ട്. പദ്ധതി പൂര്‍ത്തിയാകുന്നതിന് നാട്ടുകാരുടെ പങ്കാളിത്തം പ്രധാനമാണ്. ഇപ്പോള്‍ നാട്ടുകാരില്‍ നിന്ന് നല്ല പിന്തുണ ലഭിക്കുന്നുണ്ട്. പദ്ധതിക്കാവശ്യമുള്ള 149 ഹെക്ടര്‍ ഭൂമിയില്‍ 95 ശതമാനവും ഏറ്റെടുത്തു. 53 ഹെക്ടര്‍ സ്ഥലം കടല്‍ നികത്തിയെടുത്തു. വീടും ഭൂമിയും നഷ്ടപ്പെട്ട 88 കുടുംബങ്ങള്‍ക്ക് സഹായം നല്‍കി. ഓരോരുത്തര്‍ക്കും അഞ്ച് സെന്റ് വീതം ഭൂമി നല്‍കി പുനരധിവസിപ്പിച്ചു.
    അടിമലത്തുറ, കോട്ടപ്പുറം ഭാഗത്തെ 731 കരമടി മത്‌സ്യത്തൊഴിലാളികള്‍ക്കാണ് നഷ്ടപരിഹാരം നല്‍കുന്നത്. 40.52 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക. ഓരോരുത്തര്‍ക്കും 5.60 ലക്ഷം രൂപ ലഭിക്കും. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ചിപ്പി മത്‌സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന 196 പേര്‍ക്കും കരമടി മത്‌സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന 174 പേര്‍ക്കുമായി 22.54 കോടി രൂപ വിതരണം ചെയ്തു. വിഴിഞ്ഞത്ത് നിന്ന് പുറപ്പെടുന്ന 1734 യന്ത്രവത്കൃത യാനങ്ങള്‍ക്ക് പുലിമുട്ട് നിര്‍മാണ കാലയളവില്‍ അധിക മണ്ണെണ്ണ വിതരണം ചെയ്യുന്നുണ്ട്. മൂന്നു മാസത്തിലൊരിക്കല്‍ 2.50 കോടി രൂപ ഇതിനായി ചെലവ് വരുന്നു. മത്‌സ്യബന്ധനം നടത്തിയിരുന്ന 2898 പേര്‍ക്ക് 68.89 കോടി രൂപയാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് നഷ്ടപരിഹാര പാക്കേജിലൂടെ ലഭ്യമാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടിമലത്തുറ സ്വദേശി അല്‍ഫോണ്‍സ്, കോട്ടപ്പുറം സ്വദേശി പനിയടിമ എന്നിവര്‍ക്ക് മുഖ്യമന്ത്രി ചെക്ക് കൈമാറി.
    പദ്ധതി പ്രദേശത്തെ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിച്ച് സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. വിഴിഞ്ഞത്തിന്റെ വടക്ക് പ്രദേശത്തുള്ളവര്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും അവരുടെ പ്രശ്‌നങ്ങള്‍ക്കും സര്‍ക്കാര്‍ പരിഹാരം കാണുമെന്നും മുഖ്യാതിഥിയായിരുന്ന ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു.
    അഡ്വ. എം. വിന്‍സെന്റ് എം. എല്‍. എ, തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ഫിഷറീസ് ഡയറക്ടര്‍ എസ്. വെങ്കിടേശപതി, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് എം. ഡി ഡോ. ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പി.എന്‍.എക്‌സ്.2323/18
 

date