Skip to main content

ബിമ്മരം കോളനി നിവാസികള്‍ക്ക് ആശ്വാസമേകി സര്‍ക്കാര്‍ വകുപ്പുകള്‍

 

സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിവരാന്‍ പെരുനാട് പഞ്ചായത്തിലെ ബിമ്മരം കോളനി നിവാസികള്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ആവശ്യമായ സേവനങ്ങള്‍ നല്‍കുകയാണ്.  ആര്‍ത്തിരമ്പിയെത്തിയ ഉരുള്‍പൊട്ടലുകളാണ് ബിമ്മരം കോളനി നിവാസികളുടെ ജീവിതം തകര്‍ത്തെറിഞ്ഞത്. പത്ത് തവണയാണ് ഇവിടെ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായത്. മലവെള്ളത്തിന്റെ ഒഴുക്കിനെ അതിജീവിച്ച് സര്‍വസമ്പാദ്യങ്ങളും ഉപേക്ഷിച്ച് ഓടിയ ഇവര്‍ക്ക് തുണയേകിയത് പെരുനാട് പഞ്ചായത്തിന്റെ കമ്യൂണിറ്റി ഹാളായിരുന്നു. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളും വസ്ത്രവുമെല്ലാം സര്‍ക്കാര്‍ വകുപ്പുകളുടെയും സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ പഞ്ചായത്ത് പ്രസിഡന്റ് ബീനാ സജി, വാര്‍ഡ് മെമ്പര്‍ ലക്ഷ്മിമോള്‍ എന്നിവര്‍ എത്തിച്ചുനല്‍കുകയായിരുന്നു. കോളനിയിലെ ആറ് വീടുകളും ഒരു അങ്കണവാടിയും ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും നശിച്ചു. പട്ടികജാതി വകുപ്പ് ഇവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. നഷ്ടപ്പെട്ട വീടുകളുടെ കണക്കെടുപ്പ് നടത്തി വീടുകളുെട നിര്‍മാണം ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികളാണ് നടന്നുവരുന്നതെന്ന് എസ്‌സി ഡെവലപ്‌മെന്റ് ഓഫീസര്‍ ഇ.എസ്. അംബിക അറിയിച്ചു. ഭാഗികമായി തകര്‍ന്ന വീടുകളുടെ അറ്റകുറ്റപണികള്‍ നടത്തും.  സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ഇവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതിന് കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കുന്നുണ്ട്. കൂടാതെ കേരള മഹിളാ സമഖ്യാ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍ത്താമര എന്ന പേരില്‍ കുട്ടികള്‍ക്കായി ഇന്ന് പ്രത്യേക ക്യാമ്പും സംഘടിപ്പിക്കും.                                                                        (പിഎന്‍പി 2991/18)

date