Skip to main content

ആയിരം ദിനാഘോഷം-ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ജില്ലാതല പരിപാടികള്‍ക്ക് ഇന്ന്(ഫെബ്രുവരി 20) തിരൂരില്‍ തുടക്കമാവും

ജനകീയ സര്‍ക്കാര്‍ വിജയകരമായ ആയിരം ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി മികവ്-ആയിരം ദിനങ്ങള്‍ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ആഘോഷങ്ങള്‍ക്ക് ഇന്ന്(ഫെബ്രുവരി 20) മുതല്‍ ഏഴ് ദിവസം വരെ തിരൂര്‍ വേദിയാകും. തിരൂര്‍ നഗരസഭ സാംസ്‌കാരിക സമുച്ചയത്തില്‍ ഏഴ് ദിവസം നീളുന്ന  പരിപാടിയ്ക്ക് വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്രയോടു കൂടി തുടക്കമാവും. താഴെപാലം  സ്റ്റേഡിയത്തില്‍ നിന്നും തുടങ്ങി സാംസ്‌കാരിക സമുച്ചയത്തില്‍ അവസാനിക്കുന്ന വിളംബര ഘോഷയാത്രയില്‍ ജില്ലയുടെ സാംസ്‌കാരിക കലാപൈതൃകം വിളിച്ചോതുന്ന കളരിപ്പയറ്റ്, നിശ്ചലദൃശ്യങ്ങള്‍ എന്നിവ ഉണ്ടാവും.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകീട്ട് അഞ്ചിന് ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിക്കും. സി. മമ്മുട്ടി എം.എല്‍.എ അധ്യക്ഷനാവും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയാവും. ജില്ലയിലെ മറ്റ് എം.എല്‍.എമാരും ജനപ്രതിനിധികളും പങ്കെടുക്കും. തുടര്‍ന്ന്  വൈകീട്ട് ആറിന് ഡി.റ്റി.പി.സിയുടെ നേതൃത്വത്തില്‍ പട്ടറുമാല്‍ ഫെയിം കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന ഇശല്‍ സന്ധ്യ പരിപാടിക്ക് മാറ്റുകൂട്ടും.

വിവിധ വകുപ്പുകളുടെ നേട്ടങ്ങള്‍ പ്രതിപാദിക്കുന്ന 80-ഓളം സ്റ്റാളുകള്‍ പ്രദര്‍ശനത്തിലുണ്ടാകും.  കൂടാതെ കുടുംബശ്രീയുടെ വിവിധ ഉല്‍പ്പന്നങ്ങളുടെ 35 സ്റ്റാളുകളും അഞ്ച് ഫുഡ്‌കോര്‍ട്ടുകളും പ്രദര്‍ശനത്തിലുണ്ടാകും. മലബാറിന്റെ നാടന്‍ രുചിക്കൂട്ടുകളുമായി കുടുംബശ്രീ ഒരുക്കുന്ന ഉമ്മാന്റെ വടക്കിനി, ചക്ക മഹോത്സവം, ഫിഷറീസ് വകുപ്പിന്റെ സീഫുഡ് കിച്ചന്‍ തുടങ്ങിയവയും പ്രദര്‍ശനത്തിലുണ്ടാകും.

 

date