Skip to main content

പ്രധാനമന്ത്രി ആവാസ് യോജന ഭവനപദ്ധതി- ജില്ലയില്‍ 10517 പേര്‍ രജിസ്റ്റര്‍ ചെയ്തു

പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍)  ഭവനപദ്ധതിയിലേക്ക് പുതിയ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി നടത്തുന്ന സര്‍വ്വെയില്‍ ജില്ലയില്‍ 10517 പേ ര്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച് ബ്ലോക്ക് , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെ അവലോകന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം. സമൂഹത്തില്‍ വാസയോഗ്യമല്ലാത്ത  വീടില്ലാത്തവരെ സഹായിക്കാന്‍ കഴിയുന്ന അവസരമാണിതെന്നും എല്ലാവര്‍ക്കും സഹായം ലഭിക്കത്തക്ക രീതിയില്‍ പ്രവര്‍ത്തനവുമായി സഹകരിക്കണമെന്നും പ്രസിഡന്റ് നിര്‍ദ്ദേശിച്ചു. പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് 200 തൊഴില്‍ ദിനം നല്‍കണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ആസ്തികള്‍ സൃഷ്ടിച്ച് തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനും, വരള്‍ച്ചാ നിവാരണ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കാനും യോഗത്തില്‍ തീരുമാനമായി. നിലവില്‍ ജില്ലയില്‍ ജലസേചനകുളം, കിണര്‍, ആട്ടിന്‍കൂട്, തൊഴുത്ത്, കമ്പോസ്റ്റ് പിറ്റ്, ഭവനനിര്‍മ്മാണം, കിണര്‍ റീചാര്‍ജ്ജിംഗ്, കോഴിക്കൂട് തുടങ്ങിയ പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്.
കൂടാതെ ജില്ലയില്‍ 44 അങ്കണവാടികളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും, കെട്ടിടനിര്‍മ്മാണസാമഗ്രികളുടെ  ഉത്പാദനവുമായി ബന്ധപ്പെട്ട് 16 യൂനിറ്റുകളും, റോഡുകളുടെ നിര്‍മ്മാണം, ഗവ.സ്‌കൂളുകളുടെ മൈതാനം, ചുറ്റുമതില്‍ നിര്‍മ്മാണം, വനവത്ക്കരണം, കയര്‍ ഭൂവസ്ത്രം ഉപയോഗിച്ചു തോടുകളുടെയും , കുളങ്ങളുടെയും പാര്‍ശ്വഭിത്തി സംരക്ഷണം, തുടങ്ങിയ പൊതു ആസ്തികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കി വരുന്നു. 47.34 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിനാവശ്യമായ പ്രവൃത്തികള്‍ കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. കൂടാതെ പ്രളയ ബാധിത മേഖലകളിലെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് മുന്‍തൂക്കം നല്‍കി കൊണ്ട് 65 ലക്ഷം തൊഴില്‍ ദിനങ്ങള്‍ മാര്‍ച്ച് 31 നകം സൃഷ്ടിക്കുന്നതിനും, 30000 കുടുംബങ്ങള്‍ക്ക് 100 ദിനം തൊഴില്‍ നല്‍കുന്നതിനും ഉതകുന്ന രീതിയില്‍ ജില്ലയില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയത് നടപ്പിലാക്കുവാനും യോഗം തീരുമാനിച്ചു.
മലപ്പുറം പ്രൊജക്ട് ഡയറക്ടര്‍ പ്രീതി മേനോന്‍ പ്രൊജക്ട് ഓഫീസര്‍ എന്‍.കെ ദേവകി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാം മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് അസോസി യേഷന്‍ പ്രസിഡന്റ് നാസര്‍,  പൊതുമരാമത്ത് സ്ഥിരസമിതി ചെയര്‍പേഴ്‌സന്‍ അനിതാ കിഷോര്‍,  ജില്ലാ വനിതാക്ഷേമ ഓഫീസര്‍ രജനി പുല്ലാനിക്കാട്  എന്നിവര്‍ സംസാരിച്ചു

 

date