Skip to main content

നിർമ്മാണത്തിലിരിക്കുന്ന ചെറുകിട വൈദ്യുത ലൈനുകളെല്ലാം പൂർത്തിയാകും: എം എം മണി

 

കൊച്ചി: സംസ്ഥാനത്ത് നിർമ്മാണത്തിലിരിക്കുന്ന ചെറുകിട വൈദ്യുത ലൈനുകളെല്ലാം ഉടൻ പൂർത്തിയാക്കുമെന്ന് വൈദ്യുതി മന്ത്രി എം എം മണി. തമ്മനം 33 കെവി കണ്ടെയ്നർ സബ്സ്റ്റേഷന്റെ ഉദ്ഘാടനവും എറണാകുളം ഭരണ സമുച്ചയത്തിന്റെ ശിലാസ്ഥാപന കർമ്മവും നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ചെറുകിട ലൈനുകളുടെ നിർമ്മാണം പൂർത്തിയാക്കിയാലും വൈദ്യുതി പ്രശ്നം മാറുകയില്ല. അതിനാൽ 1000 മെഗാവാട്ട്  സൗരോർജ്ജം ഉൽപാദനമാണ് സർക്കാരിന്റെയും വൈദ്യുത ബോർഡിന്റെയും ലക്ഷ്യം. ഇതിൽ 500 മെഗാവാട്ട് കെട്ടിടങ്ങളുടെ മുകളിലും, ബാക്കി ഡാമുകളിൽ ഫ്ലോട്ടിങ് സോളാർ സംവിധാനം വഴിയും നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിൽ 100 മെഗാവാട്ടിൽ അധികം സൗരോർജ്ജം ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. മറ്റ് സംസ്ഥാനങ്ങളെക്കാൾ മെച്ചപ്പെട്ട സേവനം വൈദ്യുത മേഖലയിൽ നൽകുന്ന നമ്മുടെ സംസ്ഥാനത്ത് ആവശ്യമുള്ളതിന്റെ 30% മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. അതിനാൽ സൗരോർജ്ജ യൂണിറ്റുകൾ കൂടാതെ ഇടുക്കിയിൽ രണ്ടാംഘട്ട പവർഹൗസ് സ്ഥാപിക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. ഇത് സംബന്ധിച്ച തീരുമാനങ്ങൾ ഉടൻതന്നെ സംസ്ഥാന സർക്കാരിന് അനുമതിയോടെ കേന്ദ്രസർക്കാരിന് സമർപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.  

 

ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള വൈദ്യുതി തടസ്സം കൂടാതെ ലഭ്യമാക്കുന്നതിനായി കേന്ദ്ര സഹായത്തോടെ ആർ എ പി ഡി ആർ പി പദ്ധതിയിൽ 12 കോടി മുതൽമുടക്കിലാണ് തമ്മനം 33  കെ വി കണ്ടെയ്നർ സബ്സ്റേഷൻ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. നാലുകോടി രൂപയുടെ ഭരണാനുമതിയിൽ 969.4 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ രണ്ട് നിലകളിലായിട്ടാണ് ഭരണ സമുച്ചയം നിർമ്മിക്കുന്നത്. ഇതിൽ മധ്യമേഖല വിതരണ വിഭാഗം ചീഫ് എഞ്ചിനീയറുടെ കാര്യാലയം, പാലാരിവട്ടം ഇലട്രിക്കൽ സെഷൻ, പാലാരിവട്ടം സബ് ഡിവിഷൻ, ഇടപ്പള്ളി ഇലട്രിക്കൽ സെഷൻ എന്നിവയാണ് കെട്ടിടത്തിൽ പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത്. 18 മാസത്തിനുള്ളിൽ കെട്ടിടത്തിന് നിർമാണം പൂർത്തിയാക്കും. 

 

പാലാരിവട്ടം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് അങ്കണത്തിൽ വച്ച് നടന്ന പരിപാടിയിൽ പി ടി തോമസ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എംഎൽഎ, കെ എസ് ഇ ബി ഡിസ്ട്രിബ്യൂഷൻ ആൻഡ് ഐടി ഡയറക്ടർ പി കുമാരൻ,  ചീഫ് എൻജിനീയർ ജെയിംസ് എം ഡേവിഡ്, ചീഫ് എൻജിനീയർ വി ബ്രിജ്ലാൽ, ഡെപ്യൂട്ടി മേയർ ടി ജെ വിനോദ്, കൗൺസിലർമാരായ അജി ഫ്രാൻസിസ്,  ജോസഫ് അലക്സ്, പൊതുപ്രവർത്തകരായ അഡ്വക്കേറ്റ് കെ ഡി വിൻസെൻറ്, എം ആർ അഭിലാഷ്, ടി ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

date