Skip to main content

വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ സമൂഹം സ്വീകരിച്ചു തുടങ്ങി: ജോണ്‍ ഫെര്‍ണാണ്ടസ് എം എല്‍ എ

 

കൊച്ചി: പൊതു വിദ്യാഭ്യാസ രംഗത്ത് കേരളം തുടങ്ങിയ മാറ്റത്തെ സമൂഹം സ്വീകരിച്ചുതുടങ്ങിയതായി ജോണ്‍ ഫെര്‍ണാണ്ടസ് എം എല്‍ എ. ഇതിന്റെ തെളിവാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി മൂന്നു ലക്ഷം കുട്ടികള്‍ പുതിയതായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നേടിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് എറണാകുളത്തുപ്പന്‍ ഗ്രൗണ്ടില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണം പ്രസക്തിയും പ്രാധാന്യവും സെമിനാര്‍ ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം.  

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന മേഖലയാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപത്തിന് പരിധിയില്ല. എന്തും വില കൊടുത്തു വാങ്ങണമെന്നും വില കൊടുത്തു വാങ്ങുന്നതിനേ ഗുണമുള്ളൂ എന്ന ചിന്തയാണ് പൊതുവിദ്യാഭ്യാസ മേഖലയെ ഒരു കാലത്ത് തകര്‍ത്തത്. പണത്തേക്കാളുപരി വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസം കൊണ്ടു വന്നപ്പോള്‍ വലിയ നിഷേധചര്‍ച്ചകളാണ് ഉയര്‍ന്നത്. നിലവാരമില്ലാത്ത വിദ്യാഭ്യാസമാണെന്ന് സ്ഥാപിക്കാനാണ് ശ്രമങ്ങള്‍ നടന്നത്. ഇത് ആസൂത്രിതമായിരുന്നു. പക്ഷേ അതിനെയെല്ലാം അതിജീവിച്ച് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മുന്നേറുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തും അര്‍ത്ഥവത്തായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഗവേഷണ വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍ സമൂഹത്തിലെത്തിക്കാന്‍ കഴിയണമെന്നും എം എല്‍ എ പറഞ്ഞു. 

ഓരോ വിദ്യാര്‍ത്ഥിക്കും കഴിവുണ്ട്. എല്ലാ കഴിവിനെയും അംഗീകരിക്കുന്ന പൊതു ഇടമായി ക്ലാസ് മുറികള്‍ മാറണമെന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ഡോ.സി.രാമകൃഷ്ണന്‍ പറഞ്ഞു. അധ്യാപകരേക്കാളും ഉയര്‍ന്ന ബൗദ്ധികബോധമുള്ള കുട്ടികളെയാണ് ഇന്നത്തെ കാലത്ത് അധ്യാപകര്‍ നേരിടുന്നത്. ഇവരെ തിരിച്ചറിയേണ്ടതും പരിശീലിപ്പിക്കേണ്ടതും അധ്യാപകര്‍ നേരിടുന്ന വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഓര്‍ഡിനേറ്റര്‍ ജോര്‍ജ് ബാസ്റ്റിന്‍ , വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.കുസുമം, ആര്‍ ഡി ഡി ശകുന്തള എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.

date