Skip to main content

രണ്ട് വര്‍ഷത്തിനുള്ളില്‍ ജില്ലാ ആശുപത്രി  ഹൃദയ ശസ്ത്രക്രിയയ്ക്ക് സജ്ജമാകും: ആരോഗ്യമന്ത്രി

രണ്ട് വര്‍ഷത്തിനുള്ളില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രി ഹൃദയ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചര്‍. മാങ്ങാട്ടുപറമ്പ് ഇ കെ നായനാര്‍ സ്മാരക ഗവണ്‍മെന്റ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ പുതുതായി നിര്‍മ്മിച്ച കാഷ്വാലിറ്റി ബ്ലോക്കിന്റെയും കാന്റീന്‍ ബ്ലോക്കിന്റെയും ക്വാര്‍ട്ടേഴ്‌സുകളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് കാത്ത്‌ലാബ് അനുവദിച്ചതായും മന്ത്രി അറിയിച്ചു. 352 കുട്ടികളുടെ ഓപ്പറേഷന്‍ ഹൃദ്യം പദ്ധതി വഴി നടത്തിയതായും പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത നിരവധിപേര്‍ ഇനിയുമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 
ജില്ലയിലെ 12 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഏഴെണ്ണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.  കേരളത്തില്‍ 66 കേന്ദ്രങ്ങളിലാണ് 50 ല്‍ കൂടുതല്‍ പ്രസവങ്ങള്‍ നടക്കുന്നതെന്നും ഈ കേന്ദ്രങ്ങള്‍ ഏറ്റവും ആധുനികമാക്കുക എന്നതാണ് സര്‍ക്കാര്‍ ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനമെന്നും ഷൈലജ ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1.20 കോടി രൂപ ആശുപത്രിക്കായി അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനവും മന്ത്രി നടത്തി.
ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമള ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എം പി പി കെ ശ്രീമതി ടീച്ചര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഡീഷണല്‍ ഡയറക്ടര്‍ കെ നാരയണ നായിക്, പെതുമരാമത്ത് കെട്ടിക വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷാജി തയ്യില്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍ എല്‍ സരിത, തളിപ്പറമ്പ് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ അള്ളാംകുളം മുഹമ്മദ്,  മറ്റ് ജന പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. 

date