Skip to main content

മലമ്പനി നിവാരണ യജ്ഞം സംസ്ഥാനതല ഔദ്യോഗിക പ്രഖ്യാപനവും  ശില്‍പശാലയും നാളെ (ഏപ്രില്‍ 25)

 

സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി 2020 ഓടെ കേരളത്തില്‍ നിന്നും മലമ്പനി നിവാരണം ചെയ്യുക എന്ന ലക്ഷ്യവുമായി നാളെ (ഏപ്രില്‍ 25) ലോക മലമ്പനി ദിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മലമ്പനി നിവാരണ യജ്ജം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം കോംപ്ലക്സ് ഒളിമ്പ്യ ചേമ്പേഴ്സ് ഹാളില്‍ ബുധനാഴ്ച രാവിലെ 10.30 നടക്കുന്ന ചടങ്ങില്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സംസ്ഥാനതല ഔദ്യോഗിക പ്രഖ്യാപനവും ശില്‍പശാലയുടെ ഉദ്ഘാടനവും നിര്‍വഹിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം എന്നിവയുടെ നേതൃത്വത്തില്‍ തൊഴില്‍, മത്സ്യബന്ധനം, സാമൂഹ്യനീതി തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് മലമ്പനി നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 2020-തോടു കൂടി കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും തദ്ദേശീയ മലമ്പനി ഇല്ലാതാക്കുന്നതോടൊപ്പം കേരളത്തിന് പുറത്ത് ഇതര സംസ്ഥാനങ്ങളില്‍ താമസിച്ച് തിരിച്ച് വരുന്നവരില്‍ നിന്നും ഇതരസംസ്ഥാന തൊഴിലാളികളില്‍ നിന്നും ഉണ്ടാകുന്ന മലമ്പനി രോഗബാധയില്‍ നിന്നും തദ്ദേശീയ മലമ്പനി ബാധ ഉണ്ടാകുന്നത് തടയുവാനും ലക്ഷ്യമിടുന്നു. 2018 -ഓടെ മലമ്പനി മൂലമുള്ള മരണം ഇല്ലാതാക്കുവാനും ലക്ഷ്യമിട്ടിട്ടുണ്ട്. 

2020-ഓടെ മലമ്പനി നിവാരണം ചെയ്യുക എന്ന ലക്ഷ്യം ഫലപ്രാപ്തിയില്‍ എത്തിക്കുന്നതിനായി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്‍ഷത്തില്‍ തന്നെ തീരുമാനിക്കുകയും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. മലമ്പനി യഥാസമയം കണ്ടെത്തി 24 മണിക്കൂറിനുള്ളില്‍ തന്നെ സൗജന്യമായി സമ്പൂര്‍ണ ചികിത്സ ലഭ്യമാക്കാനുള്ള സംവിധാനവും ലഭ്യമാണ്. 

പി.എന്‍.എക്‌സ്.1481/18

date