Skip to main content

പത്തുലക്ഷം രൂപവരെ സ്വയംതൊഴില്‍  വായ്പകള്‍ക്കായി അപേക്ഷിക്കാം

    വിവിധ സ്വയംതൊഴില്‍ പദ്ധതികള്‍ മുഖേന പരമാവധി പത്തുലക്ഷം രൂപവരെ വായ്പ ലഭിക്കുന്നതിന് ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാനവസരം. ജോബ് ക്ലബ്ബ്, കേരള സ്റ്റേറ്റ് സെല്‍ഫ് എംപ്ലോയ്‌മെന്റ് സ്‌കീം ഫോര്‍ ദി രജിസ്റ്റേര്‍ഡ് അണ്‍ എംപ്ലോയ്ഡ്(കെസ്‌റു), ശരണ്യ എന്നീ പദ്ധതികള്‍ മുഖേനയാണ്  2018-19 സാമ്പത്തിക വര്‍ഷം വായ്പ അനുവദിക്കുക. 
    ജോബ് ക്ലബ്ബിന് പരമാവധി പത്ത് ലക്ഷം രൂപ വരെ വായ്പ 25 ശതമാനം സബ്‌സിഡിയോടെ ലഭിക്കും. കുടുംബവാര്‍ഷിക വരുമാനം 1,00,000 കുറവുളള, 21 നും 40 നും മധ്യേ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം.  പട്ടികജാതി, പട്ടികവര്‍ഗ-അംഗപരിമിത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷവും കേരളത്തിലെ മറ്റു പിന്നാക്ക സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മൂന്നു വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. 
    കെസ്‌റു പദ്ധതി പ്രകാരം 50 ശതമാനം സബ്‌സിഡിയോടെ പരമാവധി ഒരു ലക്ഷം രൂപ വായ്പ ലഭിക്കും. കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കുറവുള്ള 21 നും 50 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സ്ത്രീകള്‍ക്കു മാത്രമായുള്ള ശരണ്യ പദ്ധതി മുഖേന 20 ശതമാനം സബ്‌സിഡിയോടെ പരമാവധി 50,000 രൂപ വായ്പ ലഭിക്കും. കുടുംബവാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തില്‍ കുറവായിരിക്കണം. പ്രായപരിധി 18 നും 55 നും മധ്യേ (അവിവാഹിതരായ സ്ത്രീകള്‍ക്ക് 30 വയസ് കഴിഞ്ഞിരിക്കണം). വിധവകള്‍, വിവാഹമോചിതര്‍, ഏഴു വര്‍ഷമായി  ഭര്‍ത്താവിനെ കാണാതാവുകയോ ഉപേക്ഷിച്ചുപോയവരോ ആയിട്ടുളള സ്ത്രീകള്‍, പട്ടികവര്‍ഗത്തിലെ അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്കായുള്ള പദ്ധതിയാണിത്. 
    വിവിധ സ്വയംതൊഴില്‍ പദ്ധതികള്‍ക്ക് അപേക്ഷിക്കുന്നതിനായി എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ് സഹിതം കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ, ഹോസ്ദുര്‍ഗ്  ടൗണ്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ, മഞ്ചേശ്വരം ബ്യൂറോയിലോ നേരിട്ടെത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 255582 (കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ്   എക്‌സ്‌ചേഞ്ച്),  04672 209068 (ഹൊസ്ദുര്‍ഗ്  ടൗണ്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്).
 

date