Skip to main content

തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന സേവനത്തിന്റെ ഗുണമേന്മ ഉറപ്പാക്കണം:  ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്

*പഞ്ചായത്തീരാജ് കാല്‍ നൂറ്റാണ്ട്: ദേശീയ സമ്മേളനം ധനമന്ത്രി ഉദ്ഘാടനം ചെയ്തു

തദ്ദേശ സ്ഥാപനങ്ങള്‍ ചെലവഴിക്കുന്ന പണത്തിന് ആനുപാതികമായി സേവനത്തിന്റെ ഗുണമേന്മയും ഉറപ്പാക്കണമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. പഞ്ചായത്തീരാജിന്റെ 25ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കില സംഘടിപ്പിച്ച ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

ജനകീയാസൂത്രണം വഴി നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളിലൂടെ തദ്ദേശ സ്ഥാപനങ്ങള്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചിട്ടുണ്ട്. മൂന്നിലൊന്നിലേറെ തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതിപ്പണം നൂറു ശതമാനം ചെലവഴിച്ചത് വികേന്ദ്രീകൃത ആസൂത്രണം ജനകീയമാകുന്നതിന്റെ ലക്ഷണമാണ്. ജനങ്ങളുടെ പങ്കാളിത്തത്തോടെ സംസ്ഥാനത്തെ മിഷനുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ജനോപകാരപ്രദമാക്കണം. 

ഫിനാന്‍സ് കമ്മീഷന്‍ അനുവദിച്ച പണം തിരിച്ചുപിടിച്ചതു വഴി പ്രശ്‌നത്തിലായ പഞ്ചായത്തുകള്‍ക്ക് പണമനുവദിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. മാര്‍ച്ച് 30നു മുമ്പ് പദ്ധതി പണം മുഴുവന്‍ ചെലവഴിച്ച പഞ്ചായത്തുകള്‍ക്ക് അഡീഷണല്‍ പണമനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. 

ഈവര്‍ഷം നൂറുശതമാനം പദ്ധതിതുക ചെലവഴിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു കഴിയണമെന്നും ഡിസംബര്‍ അവസാനത്തോടെ 90 ശതമാനം തുകയും ചെലവഴിക്കും വിധം തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍വഹണ കലണ്ടര്‍ നേരത്തെതന്നെ തയ്യാറാക്കണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു. 

മേയ് ഏഴ്, എട്ട്, പത്ത് തിയതികളില്‍ മൂന്ന് മേഖലകളിലായി നടക്കുന്ന റിവ്യൂ മീറ്റിംുകളില്‍ മന്ത്രി തന്നെ നേരിട്ട് പങ്കെടുക്കും. ഈ വര്‍ഷത്തെ അഭിമാനപദ്ധതിയായ ലൈഫ് പദ്ധതി ഒരുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കണം. പലകാരണങ്ങളാല്‍ നിര്‍മ്മാണം മുടങ്ങിയ വീടുകള്‍ ജൂണ്‍ 30നകം പൂര്‍ത്തീകരിച്ചുവെന്ന് ഉറപ്പാക്കണം. ഹരിതകേരള മിഷന്‍, ആര്‍ദ്രം, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയ്ക്കും പ്രത്യേക ഊന്നല്‍ നല്‍കണം. കിണര്‍ റീചാര്‍ജ്ജിംഗ് പദ്ധതി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നടപ്പാക്കണം. സമ്പൂര്‍ണ കിണര്‍ റീചാര്‍ജിംഗ് സംസ്ഥാനമായി ഈ സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനം മാറണമെന്നും ഓരോ തദ്ദേശ സ്ഥാപനവും വെള്ളത്തിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തമാകണമെന്നും മന്ത്രി പറഞ്ഞു. 

2017-18 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഉപഹാരങ്ങള്‍ മന്ത്രി കെ.ടി. ജലീല്‍ വിതരണം ചെയ്തു. കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ. തുളസിടീച്ചര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത്, കേരള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌സ് ചേംബര്‍ ചെയര്‍മാന്‍ വി.കെ. മധു, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് 

ആര്‍. സുഭാഷ്, ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ആര്‍. അജയകുമാര്‍ വര്‍മ, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ. എന്‍. ഹരിലാല്‍, കില ഡയറക്ടര്‍ ജോയ് ഇളമണ്‍, വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, വകുപ്പ് മേധാവികള്‍, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

പി.എന്‍.എക്‌സ്.1511/18

 

date