Skip to main content

പട്ടികജാതി പട്ടികവര്‍ഗ വികസന സഹകരണ ഫെഡറേഷന്‍ 17 വര്‍ഷത്തിനുശേഷം ലാഭത്തില്‍ -മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

    കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന സഹകരണ ഫെഡറേഷന്‍ 17 വര്‍ഷത്തിനുശേഷം പ്രവര്‍ത്തനലാഭത്തിലായതായി സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
    2017-18 സാമ്പത്തികവര്‍ഷം 17.51 ലക്ഷം രൂപയുടെ പ്രവര്‍ത്തനലാഭമാണ് ഫെഡറേഷന്‍ നേടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഫെഡറേഷന്റെ വില്‍പന 2017-18 സാമ്പത്തിക വര്‍ഷം 67.74 ശതമാനം വര്‍ധിച്ചു. ഈ സാമ്പത്തികവര്‍ഷം 200 ശതമാനം വര്‍ധന ലക്ഷ്യമിടുന്നുവെന്നും പട്ടികജാതി/പട്ടികവര്‍ഗ ജനവിഭാഗങ്ങള്‍ക്കായി ഫെഡറേഷനിലൂടെ 1000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
    ഫെഡറേഷന്റെ കീഴില്‍ 570 പട്ടികജാതി സൊസൈറ്റികളും 101 പട്ടികവര്‍ഗ സൊസൈറ്റികളുമുള്‍പ്പെടെ 671 പ്രാഥമിക സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തൃശൂര്‍ അഞ്ചേരിയില്‍ ആയുര്‍വേദ ഔഷധങ്ങള്‍ ഉത്പാദനം നടത്തുന്ന ആയൂര്‍ധാര ഫാര്‍മസ്യൂട്ടിക്കല്‍സ്, പേരൂര്‍ക്കടയില്‍ ഐ.ഒ.സി പെട്രോള്‍ പമ്പ്, തിരുവനന്തപുരത്തും തൃശൂരിലും പഞ്ചകര്‍മ സെന്റര്‍, തിരുവനന്തപുരം, വയനാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ ആയൂര്‍ധാരയുടേയും അംഗസംഘങ്ങളുടേയും ഉത്പന്നങ്ങള്‍ വിപണനത്തിനുള്ള ഷോറൂമുകള്‍ എന്നിവ ഫെഡറേഷനുകീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 
    കഴിഞ്ഞ സാമ്പത്തികവര്‍ഷം ഹെഡ്ഓഫീസ്, പെട്രോള്‍ പമ്പ്, പഞ്ചകര്‍മ സെന്റര്‍, ആയൂര്‍ധാര ബ്രാഞ്ചുകളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നെറ്റ്‌വര്‍ക്കിംഗ് സിസ്റ്റം കമ്പ്യൂട്ടറൈസേഷനും നടപ്പാക്കി. ഹെഡ്ഓഫീസില്‍ സോളാര്‍ പവര്‍ ഓണ്‍ഗ്രിഡ് പദ്ധതി നടപ്പാക്കി. ആയൂര്‍ധാര ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ അറ്റകുറ്റപണികള്‍ നടപ്പാക്കി ഉത്പാദനവും വില്‍പനയും വര്‍ധിപ്പിക്കാനായി. പെട്രോള്‍ പമ്പിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി 623 ലക്ഷം രൂപയുടെ വിറ്റുവരവില്‍നിന്ന് 2017-18 വര്‍ഷം 830 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു.
    പട്ടികജാതി വകുപ്പില്‍നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ച ഒരുകോടി രൂപയില്‍ 90 ലക്ഷം രൂപ 18 പട്ടികജാതി സംഘങ്ങള്‍ക്ക് നാലുശതമാനം ലോണ്‍ അനുവദിച്ചു. ഫെഡറേഷന്റെ ആസ്ഥാനമായ പേരൂര്‍ക്കടയില്‍ പട്ടികജാതി വകുപ്പിന്റെ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ നിര്‍മാണം നടക്കുകയാണ്. വനവിഭവ ശേഖരണം നടത്തുന്ന പട്ടികവര്‍ഗ അംഗങ്ങളിലെ വനവിഭവ ശേഖരണം വര്‍ധിപ്പിക്കുന്നതിനും ആ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് തൊഴിലും വരുമാനവും വര്‍ധിപ്പിക്കാനായിട്ടുണ്ട്.
    2018-19 സാമ്പത്തിക വര്‍ഷം ഫെഡറേഷന്റെ മൊത്തം ടേണ്‍ഓവര്‍ 4500 ലക്ഷം രൂപയായി വര്‍ധിപ്പിക്കുന്നതിനും സംഘാംഗങ്ങളിലെ ജനസമൂഹത്തിന് തൊഴിലും വരുമാനവും വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
    വാര്‍ത്താസമ്മേളനത്തില്‍ ഫെഡറേഷന്‍ പ്രസിഡന്റ് വേലായുധന്‍ പാലക്കണ്ടി, വൈസ് പ്രസിഡന്റ് ശെല്‍വരാജ്, മാനേജിംഗ് ഡയറക്ടര്‍ പി. ഡോണ്‍ ബോസ്‌കോ എന്നിവര്‍ സംബന്ധിച്ചു.
പി.എന്‍.എക്‌സ്.1532/18

date