Skip to main content

സൗദി അംബാസഡര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

    ഇന്ത്യയിലെ സൗദി അംബാസിഡര്‍ ഡോ. സൗദ് ബിന്‍ മുഹമ്മദ് അല്‍ സാദി മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. മലയാളിക്ക് സൗദി അറേബ്യ ജന്‍മദേശം പോലെ പ്രിയപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ അതിഥി മര്യാദയും സംസ്‌കാരവും തന്നെ ഏറെ ആകര്‍ഷിക്കുകയുണ്ടായെന്ന് ഡോ. സൗദ് വ്യക്തമാക്കി.
    കേരളത്തില്‍ വിനോദസഞ്ചാരം, ഐ.ടി, പെട്രോകെമിക്കല്‍ മേഖലകളില്‍ നിക്ഷേപം നടത്താനുള്ള സാധ്യത യോഗം ആരാഞ്ഞു.  സൗദിയില്‍ നഗരവികസനം, ഐ.ടി. മേഖലകളില്‍ പുതിയ ഒട്ടേറെ വികസന പദ്ധതികള്‍ നടപ്പാക്കാനിരിക്കെ മലയാളികള്‍ക്ക് തൊഴിലവസരം വര്‍ദ്ധിക്കാനിടയുണ്ടെന്ന് ഡോ. സൗദ് പറഞ്ഞു. നിര്‍ദ്ദിഷ്ട പ്രവാസി ചിട്ടി ശരിയത്ത് നിയമങ്ങള്‍ക്കുവിധേയമായി നടപ്പാക്കാന്‍ കഴിയുമെന്നും ഇത് സംബന്ധിച്ച നിര്‍ദ്ദേശം തൊഴില്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കാവുന്നതാണെന്നും ഡോ. സൗദ് വ്യക്തമാക്കി.
    ഹൈക്കമ്മിഷനിലെ ഫസ്റ്റ് സെക്രട്ടറി മജീദ് അല്‍ ഹസബി, ചീഫ്‌സെക്രട്ടറി പോള്‍ ആന്റണി, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍,  കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. കെ.എം. എബ്രഹാം എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു.  കേരളത്തിന്റെ ഉപഹാരം മുഖ്യമന്ത്രി സമ്മാനിച്ചു.
പി.എന്‍.എക്‌സ്.1535/18

date