Skip to main content

ഭരണമികവിന്റെ നേര്‍സാക്ഷ്യം ജനങ്ങളിലേക്ക്  മന്ത്രിസഭാ വാര്‍ഷികം: ജില്ലയില്‍ വിപുലമായ പരിപാടികള്‍

മെയ് 16 മുതല്‍ 22 വരെ പ്രദര്‍ശന 

വിപണന മേള മറൈന്‍ഡ്രൈവില്‍, സെമിനാറുകള്‍, സാംസ്‌കാരിക പരിപാടികള്‍

കൊച്ചി: പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയില്‍ വിപുലമായ പരിപാടികള്‍. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 16 മുതല്‍ 22 വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കും. മെയ് 16 ന് വൈകിട്ട് അഞ്ചിന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ഉദ്ഘാടന ചടങ്ങിനു ശേഷം സംഗീത സംവിധായകന്‍ എം.കെ. അര്‍ജുനന്‍ മാസ്റ്ററെ ആദരിക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ല ഭരണകൂടവും ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്നാണ് മേള സംഘടിപ്പിക്കുന്നത്. 

കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഭരണ മികവിന്റെ നേര്‍സാക്ഷ്യം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പ്രദര്‍ശന മേളയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേട്ടങ്ങളും വികസന ക്ഷേമപ്രവര്‍ത്തനങ്ങളും അവതരിപ്പിക്കും. എക്‌സൈസ്, തൊഴില്‍, ഫിഷറീസ്, സാമൂഹ്യനീതി, പോലീസ്, ട്രാഫിക്, ഫയര്‍ ആന്റ് റസ്‌ക്യു, ഐടി, ആരോഗ്യം, കുടുംബശ്രീ, ബാംബൂ മിഷന്‍, കോളേജ് വിദ്യാഭ്യാസ വകുപ്പ്, സപ്ലൈ ഓഫീസ്, ഹാര്‍ബര്‍ എന്‍ജിനീയറിംഗ്, ഹാന്‍ടെക്‌സ്, ന്യൂനപക്ഷ ക്ഷേമം, ചരക്ക് സേവന നികുതി, വനിത വികസന കോര്‍പ്പറേഷന്‍ തുടങ്ങിയ വകുപ്പുകളുടെ 140 ഓളം സ്റ്റാളുകളാണ് സജ്ജീകരിക്കുന്നത്. കുടുംബശ്രീ, തീരമൈത്രി, ജില്ല ജയില്‍ എന്നിവയുടെ ഫുഡ് കോര്‍ട്ടും മേളയിലുണ്ടാകും. സാമൂഹ്യനീതി വകുപ്പിന്റെയും വനിത ശിശു വികസന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് ഉപകരണ വിതരണം, ഭിന്നലിംഗക്കാര്‍ക്ക് ഐഡി കാര്‍ഡ് വിതരണം എന്നിവയും മേളയുടെ ഭാഗമായി നടക്കും. മൃഗസംരക്ഷണ വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. 

ഈ ദിവസങ്ങളില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സെമിനാറുകളും കലാസാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. ആദ്യ ദിവസമായ മെയ് 16 ന് ഉച്ചയ്ക്ക് രണ്ടിന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ നേതൃത്വത്തില്‍ വൈദ്യുതി സുരക്ഷയെക്കുറിച്ച് നടക്കുന്ന സെമിനാറോടെയാണ് പരിപാടികള്‍ക്ക് തുടക്കമാകുക. വൈകിട്ട് നാലിന് കുടുംബശ്രീ വനിതകളുടെയും ട്രൈബല്‍ കലാകാരന്മാരുടെയും മത്സര ശിങ്കാരി മേളം നടക്കും. വൈകിട്ട് ഏഴിന് സംഗീത സംവിധായകന്‍ എം.കെ. അര്‍ജുനന്‍ മാസ്റ്റര്‍ക്ക് ആദരമര്‍പ്പിച്ച് അര്‍ജുന സംഗീതം സംഗീത പരിപാടി നടക്കും. വിവിധ വകുപ്പുകളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ അണിനിരക്കും. 

മെയ് 17ന് രാവിലെ 11 ന് ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഉത്തരവാദ ടൂറിസം എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഉച്ചയ്ക്ക് രണ്ടിന് ദുരന്തനിവാരണം സംബന്ധിച്ച സെമിനാര്‍ ദുരന്ത നിവാരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടക്കും. വൈകിട്ട് ആറിന് ഭൂമിക അവതരിപ്പിക്കുന്ന ഭരതനാട്യവും തുടര്‍ന്ന് ഏഴിന് അഷ്‌റഫ് ഹൈദ്രോസും സംഘവും അവതരിപ്പിക്കുന്ന സൂഫി ഖവ്വാല്‍ ഗസല്‍ കച്ചേരിയും അരങ്ങേറും. 

മെയ് 18 ന് രാവിലെ 11 ന് അക്ഷയയുടെ നേതൃത്വത്തില്‍ ഇ-ഗവേണന്‍സിനെക്കുറിച്ച് സെമിനാര്‍ നടക്കും. ഉച്ചയ്ക്ക് 1.30 ന് സാമൂഹ്യനീതി വകുപ്പും വനിത ശിശു വികസന വകുപ്പും സംഘടിപ്പിക്കുന്ന സുരക്ഷ-നേട്ടങ്ങളും വെല്ലുവിളികളും എന്ന സെമിനാറും തുടര്‍ന്ന് അഞ്ചിന് സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള കലാസംഘങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും നടക്കും. ഏഴിന് കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന എന്റെ കേരളം നൃത്തശില്‍പ്പം. 

മെയ് 19 ന് രാവിലെ 11 ന് മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ റോഡ് സുരക്ഷ സെമിനാറും ഉച്ചയ്ക്ക് മൂന്നിന് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള സെമിനാറും നടക്കും. വൈകിട്ട് ആറിന് മഹാരാജാസ് കോളേജ് അധ്യാപക സംഘം അവതരിപ്പിക്കുന്ന ശാസ്ത്രീയ സംഗീതം ഏഴിന് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജ് അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ഫ്യൂഷന്‍ എന്നിവ നടക്കും. 

മെയ് 20 ന് രാവിലെ 11 ന് പാര്‍പ്പിട സുരക്ഷ ലൈഫ് പദ്ധതിയിലൂടെ സെമിനാര്‍, ഹരിതകേരളത്തിന്റെ ആഭിമുഖ്യത്തില്‍ ഉച്ചയ്ക്ക് രണ്ടിന് മാലിന്യ സംസ്‌കരണം 3.30 ന് ജലവിഭവ സംരക്ഷണം എന്നീ സെമിനാറുകള്‍ നടക്കും. വൈകിട്ട് ആറിന് കലാമണ്ഡലം സ്വര്‍ണ്ണദീപയും സംഘവും അവതരിപ്പിക്കുന്ന രബീന്ദ്രസംഗീതം നൃത്തശില്‍പ്പം, 7.30 ന് ഫോര്‍ട്ട്‌കൊച്ചി ഗ്രീനിക്‌സ് വില്ലേജ് അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്ത് എന്നിവ അരങ്ങേറും. 

മെയ് 21 ന് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ രാവിലെ 10 ന് ജീവിതഘട്ടങ്ങള്‍ എങ്ങനെ വിജയപ്രദമാക്കാം എന്ന വിഷയത്തിലും ഉച്ചയ്ക്ക് 12 ന് തീരദേശ വനിതകളുടെ ശാക്തീകരണവും സാഫിന്റെ അനുഭവവും ഭാവി പദ്ധതികളും എന്ന വിഷയത്തിലും സെമിനാറുകള്‍ നടക്കും. ഉച്ചയ്ക്ക് രണ്ടിന് തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നോക്കു കൂലി വിമുക്ത കേരളവും തൊഴില്‍ നിയമങ്ങളും സെമിനാര്‍ നടക്കും. വൈകിട്ട് അഞ്ചിന് മൃഗസംരക്ഷണ വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടക്കും. ആറിന് യുവജന ചവിട്ടുനാടക കലാസമിതി അവതരിപ്പിക്കുന്ന യാക്കോബിന്റെ മക്കള്‍ ചവിട്ടു നാടകം അരങ്ങേറും. 7.30 ന് കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ചലച്ചിത്ര മേള നടക്കും. 

മെയ് 22 ന് രാവിലെ 11 ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആര്‍ദ്രം മിഷന്‍, പ്രാഥമിക ജീവന്‍ രക്ഷാ പ്രവര്‍ത്തനം എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടക്കും. ഉച്ചയ്ക്ക് മൂന്നിന് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ലഹരി-മക്കളെ മനസിലാക്കുക എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. വൈകിട്ട് ആറിന് പ്രശാന്ത് നാരായണന്‍ അവതരിപ്പിക്കുന്ന എം.ടി. സാഹിത്യത്തെ ആസ്പദമാക്കിയുള്ള നാടകം മഹാസാഗരം അരങ്ങേറും. 7.30 ന് കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ചലച്ചിത്ര മേള നടക്കും. 

മറൈന്‍ഡ്രൈവില്‍ 30,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ തയാറാക്കുന്ന പന്തലിലാണ് പ്രദര്‍ശന വിപണന മേള നടക്കുക. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സ്റ്റാളില്‍ വകുപ്പിന്റെ പ്രസിദ്ധീകരണങ്ങളുടെ വരിക്കാരാകുന്നതിനുള്ള അവസരമുണ്ടാകും. പൂര്‍ണ്ണമായും ഹരിത നടപടിക്രമം പാലിച്ചായിരിക്കും പരിപാടികള്‍ നടക്കുക. 

ഉദ്ഘാടന ചടങ്ങില്‍ ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള സ്വാഗതം ആശംസിക്കും. മേയര്‍ സൗമിനി ജെയിന്‍, എംപിമാരായ പ്രൊഫ. കെ.വി. തോമസ്, ഇന്നസെന്റ്, ജോയ്‌സ് ജോര്‍ജ് എന്നിവര്‍ മുഖ്യാതിഥികളാകും. എംഎല്‍എമാരായ എസ്്. ശര്‍മ്മ, വി.കെ. ഇബ്രാഹിം കുഞ്ഞ്, പി.ടി. തോമസ്, വി.ഡി. സതീശന്‍, വി.പി. സജീന്ദ്രന്‍, അന്‍വര്‍ സാദത്ത്, അനൂപ് ജേക്കബ്, എം. സ്വരാജ്, കെ.ജെ. മാക്‌സി, ആന്റണി ജോണ്‍, എല്‍ദോ എബ്രഹാം, റോജി എം. ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി, ജോണ്‍ ഫെര്‍ണാണ്ടസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍, ഡപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ്, കൗണ്‍സിലര്‍ ഗ്രേസി ബാബു ജേക്കബ്, മുന്‍ എം.പിമാരായ പി. രാജീവ്, ഡോ. സെബാസ്റ്റിയന്‍ പോള്‍, കെ.പി. ധനപാലന്‍, പി.സി. തോമസ്, ബാംബൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.ജെ. ജേക്കബ്, ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ് ചെയര്‍മാന്‍ ടി.കെ. മോഹനന്‍, ടെല്‍ക് ചെയര്‍മാന്‍ എന്‍.സി. മോഹനന്‍, എ.ഡി.എം. എം.കെ. കബീര്‍, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.പി. നന്ദകുമാര്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ എന്‍. രാധാകൃഷ്ണപിള്ള, ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം പി.ആര്‍. റെനീഷ് എന്നിവര്‍ ആശംസയര്‍പ്പിക്കും. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍ നന്ദി രേഖപ്പെടുത്തും. 

date