Skip to main content

കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഇന്ന് (മേയ് 15) മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

    സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പറേഷന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോട തിരുവനന്തപുരത്ത് നടക്കുന്ന കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് (മെയ് 15) ഉച്ചയ്ക്ക് 12 ന് ടാഗോര്‍ തീയറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഫെസ്റ്റിവല്‍ കമ്മിറ്റി ചെയര്‍മാന്‍ എം. മുകേഷ് എം.എല്‍.എ. ആമുഖ പ്രഭാഷണം നടത്തും.
    സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം കുട്ടികള്‍ക്ക് പുതിയൊരനുഭവമായിരിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കേരളത്തിലെ കുട്ടികള്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചിത്രങ്ങളും സംസ്‌കാരങ്ങളും ഈ ചലച്ചിത്രോത്സവത്തിലൂടെ അടുത്തറിയാന്‍ കഴിയും. സംസ്ഥാനത്തെ ആദിവാസി മേഖലയിലേയും വിവിധ അനാഥാലയങ്ങളിലെയും കുട്ടികളെ സൗജന്യമായി ചലച്ചിത്രോത്സവം കാണിക്കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
    ലോകോത്തര ചലച്ചിത്രങ്ങളടക്കം 140 ഓളം ചലച്ചിത്രങ്ങളാണ് 14 മുതല്‍ 20 വരെ നടക്കുന്ന ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ടാഗോര്‍, കൈരളി, ശ്രീ, നിള, കലാഭവന്‍ എന്നീ അഞ്ച് തീയറ്ററുകളിലായി ഒരു ദിവസം 20 ചലച്ചിത്രങ്ങളും തെരഞ്ഞെടുക്കപ്പെട്ട ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി എന്നിവയും പ്രദര്‍ശിപ്പിക്കും. വിദേശീയരും തദ്ദേശീയരുമായ നാലായിരത്തിലധികം ഡെലിഗേറ്റുകള്‍ ചലച്ചിത്ര മേളയില്‍ പങ്കെടുക്കും. ഇന്നലെ
(മേയ് 14) രാവിലെ 9.30 മുതല്‍ ചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിച്ചു.
പി.എന്‍.എക്‌സ്.1780/18

date