Skip to main content

മാലിന്യമുക്ത നഗരങ്ങള്‍ക്ക് 7 സ്റ്റാര്‍ റേറ്റിംഗ് സംവിധാനം: ശില്‍പശാല ഇന്ന് (മേയ് 15)

    സ്വച്ഛ് ഭാരത് മിഷനും ശുചിത്വ മിഷനും ചേര്‍ന്ന് നഗരങ്ങള്‍ക്ക് 7 സ്റ്റാര്‍ റേറ്റിംഗ് സംവിധാനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട്  സംസ്ഥാനത്തെ  മേയര്‍മാര്‍, നഗരസഭാ ചെയര്‍മാന്‍/ചെയര്‍പേഴ്‌സണ്‍/സെക്രട്ടറിമാര്‍ക്കായി സംസ്ഥാനതല ശില്‍പശാല സംഘടിപ്പിക്കും. ഇന്ന് (മേയ് 15) രാവിലെ പത്തിന് മാസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ശില്‍പശാലയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ നിര്‍വഹിക്കും. തദ്ദേശഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, സെക്രട്ടറിമാരായ എ. അജിത്കുമാര്‍, ഡോ. ബി. അശോക്, കേന്ദ്ര പാര്‍പ്പിട, നഗരകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
    നഗരങ്ങളെ മാലിന്യമുക്തമാക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര പാര്‍പ്പിട, നഗരകാര്യ വകുപ്പ് 2018 ജനുവരിയില്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ നഗരസഭകള്‍ക്ക് പരിചയപ്പെടുത്തുന്നതിനാണ് ശില്‍പശാല. മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ നഗരസഭകള്‍ നിശ്ചിത വിലയിരുത്തല്‍ ഫോര്‍മാറ്റ് പ്രകാരം സ്വയം വിലയിരുത്തി ജനറല്‍ കൗണ്‍സില്‍ തീരുമാനത്തിലൂടെ സ്റ്റാര്‍ പദവി സ്വയം പ്രഖ്യാപിക്കും. അത് സംസ്ഥാന സര്‍ക്കാര്‍ വഴി കേന്ദ്ര പാര്‍പ്പിട, നഗരകാര്യ മന്ത്രാലയത്തിനെ അറിയിക്കണം. തുടര്‍ന്ന് കേന്ദ്ര പാര്‍പ്പിട, നഗരകാര്യ മന്ത്രാലയം ഒരു മൂന്നാംകക്ഷി മുഖേന വിലയിരുത്തി അവരുടെ റിപ്പോര്‍ട്ട് അനുസരിച്ച് സ്റ്റാര്‍ റേറ്റിംഗ് പ്രഖ്യാപിക്കും.
പി.എന്‍.എക്‌സ്.1784/18

date