Skip to main content

ബാലാവകാശ സംരക്ഷണം - മലപ്പുറം മാതൃകയാവണം

ബാലാവകാശ സംരക്ഷണത്തിന്റെ കാര്യത്തില്‍ രാജ്യത്തിനു മറ്റൊരു മലപ്പുറം മാതൃക സൃഷ്ടിക്കാന്‍ കഴിയണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍. ജില്ലയിലെ ത്രിതല പഞ്ചായത്ത്തല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികളിലെ അംഗങ്ങള്‍ക്കായി ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ശില്‍പ്പശാലയുടെ മുന്നോടിയായി നടന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെ ആലോചനാ യോഗത്തില്‍    സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കര്‍മ്മ പദ്ധതി യോഗം തയ്യാറാക്കി. പൊലീസ്, ചൈല്‍ഡ് ലൈന്‍ എന്നിവരുടെ സഹകരണം ഉറപ്പുവരുത്താനും തീരുമാനിച്ചു. ജൂണ്‍ 26 മുതല്‍ 28 വരെ മലപ്പുറം, തിരൂര്‍ എന്നിവിടങ്ങളിലായാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്.
ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, സ്ഥിരംസമിതി അംഗങ്ങള്‍ എന്നിവരെക്കൂടാതെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികളിലെ അംഗങ്ങള്‍ക്കും വളണ്ടിയര്‍മാരായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുമാണ് പരിശീലനം നല്‍കുന്നത്.  
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം എം.പി. ആന്റണി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ ഹാജറുമ്മ ടീച്ചര്‍, അനിത കിഷോര്‍, പ്ലാനിംഗ് ഓഫീസര്‍ പി. പ്രദീപ് കുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.മുരളീധരന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ആര്‍. രേണുക എന്നിവര്‍ പങ്കെടുത്തു.

 

date