Skip to main content

തലായി തുറമുഖം ഇന്ന് (മെയ് 18) മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

 

കണ്ണൂര്‍ ജില്ലയിലെ  തലായി മത്സ്യബന്ധന തുറമുഖം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (മെയ് 18) രാവിലെ 10ന് നാടിന് സമര്‍പ്പിക്കുമെന്ന് മത്സ്യബന്ധന, ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ അറിയിച്ചു.

തലായി, ഗോപാലപ്പേട്ട, ന്യൂമാഹി, തലശ്ശേരി, ധര്‍മ്മടം, മുഴുപ്പിലങ്ങാട് മത്സ്യഗ്രാമങ്ങളിലെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ചിരകാലാഭിലാഷമാണ് സര്‍ക്കാര്‍ സാക്ഷാത്കരിക്കുന്നത്.

മത്സ്യബന്ധനം കഴിഞ്ഞെത്തുന്ന ബോട്ടുകള്‍ക്കും വളളങ്ങള്‍ക്കുമുളള ലാന്റിംഗ് സൗകര്യം, മത്സ്യവിപണന സംവിധാനം എന്നിവ ഹാര്‍ബറില്‍ ഒരിക്കിയിട്ടുണ്ട്.  ഏതു കാലാവസ്ഥയിലും കടലിലേക്ക് പോകുന്നതിനും അനുകൂലമല്ലാത്ത കാലാവസ്ഥയില്‍ ബോട്ടുകള്‍ക്കും വളളങ്ങള്‍ക്കും കരയ്ക്കടുക്കുവാനും ഉതകുന്ന രീതിയിലാണ് ഹാര്‍ബര്‍ നിര്‍മ്മിച്ചിട്ടുളളത്.

കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കുന്നതിനും മറ്റ് ഹാര്‍ബറുകളില്‍ പോകേണ്ടാത്തതിനാല്‍ ഇന്ധന ചിലവ് ലാഭിക്കാനും കഴിയും.  ബോട്ട് ഒന്നിന് അഞ്ച് ലിറ്റര്‍ ഇന്ധന ലാഭവും  30 ദിവസത്തെ അധിക തൊഴില്‍ദിനവും ഉണ്ടാകും. മുപ്പത് ദിവസത്തെ അധിക തൊഴില്‍ ദിനം വഴി 45,000 പേര്‍ക്ക് നേരിട്ടും 2.25 ലക്ഷം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും.

28.61 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചിട്ടുളളത്.  815 മീറ്റര്‍ നീളമുളള ബ്രേക്ക് വാട്ടര്‍, 435 മീറ്റര്‍ നീളമുളള ലിവാഡ് ബ്രേക്ക് വാട്ടര്‍, 170 മീറ്റര്‍ നീളമുളള വാര്‍ഫ്, 470 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുളള ലേലപ്പുര, ഡ്രഡ്ജിംഗ് -ഇന്റേണല്‍ റോഡ്, പാര്‍ക്കിംഗ് ഏരിയ, ലോഡിംഗ് ഏരിയ, ഗിയര്‍ ഷെഡ്, നെറ്റ് മെന്റിംഗ് ഷെഡ്, വര്‍ക്ക്‌ഷോപ്പ് കെട്ടിടം, ക്യാന്റീന്‍, ഷോപ്പ്, റസ്റ്റ് റും എന്നിവയാണ് പ്രധാനമായി ഹാര്‍ബറില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. ചുറ്റുമതില്‍ കെട്ടി ഹാര്‍ബര്‍ ഏരിയ സംരക്ഷിച്ചിട്ടുണ്ട്.  ജലവിതരണ സംവിധാനം, വൈദ്യുതീകരണം, യാഡ് ലൈറ്റിംഗ് എന്നിവയും പൂര്‍ത്തീകരിച്ചിട്ടുണ്ട്.

എ.എന്‍. ഷംസീര്‍,എം.എല്‍.എ, എം.പിമാരായ മുല്ലപ്പളളി രാമചന്ദ്രന്‍, പി.കെ. ശ്രീമതി, കെ.കെ. രാഗേഷ്, റിച്ചാഡ് ഹേ, തലശ്ശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ സി.പി. കുഞ്ഞിരാമന്‍, ജില്ലാ കളക്ടര്‍ മീര്‍മുഹമ്മദ് അലി, മറ്റ് ജനപ്രതിനിധികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

പി.എന്‍.എക്‌സ്.1835/18

 

date