Skip to main content

നഗരത്തെ ആവേശം കൊളളിച്ച് ജില്ലയില്‍ ശിശുദിന റാലി

നഗരത്തെ ആവേശം കൊളളിച്ച് കുരുന്നുകളുടെ റാലി ഈ വര്‍ഷത്തെ ശിശുദിനാഘോഷത്തിനു മാറ്റുകൂട്ടി. നഗരത്തിലേയും ചുറ്റുവട്ടത്തേയും കുട്ടികള്‍ 8 മണിയോടെ തൃശൂര്‍ സി.എം.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. ചിട്ടയോടെയുളള കുട്ടികളുടെ ഘോഷയാത്ര ടൗണ്‍ ഹാളില്‍ എത്തിയതോടെ ശിശുദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. എല്‍ പി വിഭാഗത്തില്‍ പ്രസംഗത്തിന് ഒന്നാം സമ്മാനം ലഭിച്ച സെന്റ് ആന്‍സ് സി ജി എച്ച് എസിലെ നിരജ്ഞന്‍ വാദ്ധ്യാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. യു പി വിഭാഗത്തില്‍ പ്രസംഗത്തിന് ഒന്നാം സമ്മാനം ലഭിച്ച എസ് എച്ച് സി ജി എച്ച് എസ് എസിലെ ശ്രീലക്ഷ്മി സുനില്‍ അദ്ധ്യക്ഷത വഹിച്ചു.

യു പി വിഭാഗത്തില്‍ പ്രസംഗത്തിന് രണ്ടാം സമ്മാനം ലഭിച്ച അരണാട്ടുകര ഐ ജെ ജി എച്ച് എസ് എസിലെ സ്‌നേഹ പി എസ് മുഖ്യാതിഥിയായി. കോര്‍പ്പറേഷന്‍ മേയര്‍ അജിതാ ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍, ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍, ശിശുക്ഷേമ സമിതി സംസ്ഥാന കമ്മിറ്റി അംഗം എം.കെ.പശുപതി, ജില്ലാ സെക്രട്ടറി പി.എന്‍.ഭാസ്‌ക്കരന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സുമതി തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.

വിവിധ മത്സരങ്ങളില്‍ സമ്മാനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കുളള സമ്മാനം ജില്ലാ കളക്ടര്‍ നല്‍കി. എല്‍ പി വിഭാഗത്തില്‍ പ്രസംഗമത്സരത്തിന് രണ്ടാം സമ്മാനം ലഭിച്ച ഒല്ലൂര്‍ സെന്റ് റാഫേല്‍ സി എല്‍ പി എസിലെ ഫെയ്‌ന ഫിജോ സ്വാഗതവും എല്‍ പി വിഭാഗത്തില്‍ പ്രസംഗമത്സരത്തില്‍ മൂന്നാം സമ്മാനം ലഭിച്ച അരണാട്ടുകര ഐ ജെ പി എല്‍ പി എസിലെ ദേവിക വി അജിത് നന്ദിയും പറഞ്ഞു. ജില്ലാ ഭരണകൂടം, ശിശുക്ഷേമ സമിതി, വിദ്യാഭ്യാസ വകുപ്പ്, കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത് സംയുക്തമായിട്ടാണ് ശിശുദിനാഘോഷം സംഘടിപ്പിച്ചത്.
 

date