Skip to main content

ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി: രണ്ടു വര്‍ഷത്തിനിടെ മാത്രം ജില്ലയില്‍ നല്‍കിയത് 29 കോടിയുടെ ധനസഹായം 65130 പേര്‍ക്ക് ആനുകൂല്യം ലഭിച്ചു

 

സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലൂടെ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മാത്രം ജില്ലയില്‍ സൗജന്യ ചികിത്സ സഹായം നല്‍കിയത് 65130 രോഗികള്‍ക്ക്. ഇതിനായി 29 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി പ്രകാരം ഒരു കുടുംബത്തിന് മുപ്പതിനായിരം രൂപയുടെ സൗജന്യ ചികിത്സയും 60 വയസ്സ് കഴിഞ്ഞ ഓരോ അംഗത്തിനും മുപ്പതിനായിരം രൂപയുടെ അധിക ചികിത്സയും ഹൃദയ, കരള്‍, കാന്‍സര്‍, വൃക്ക, ന്യൂറോ, അപകട ട്രോമാ കെയര്‍ മുതലായ അസുഖങ്ങള്‍ക്ക് എഴുപതിനായിരം രൂപയുടെ സൗജന്യ ചികിത്സയുമാണ് ലഭിക്കുക. പദ്ധതിയില്‍ 2016-17 വര്‍ഷത്തില്‍ 29397 പേര്‍ക്കാണ് ആനുകൂല്യം നല്‍കിയത്. ഇതിനായി 13 കോടി രൂപയും ചെലവഴിച്ചു. 2017-18 ല്‍ 16 കോടി രൂപ ചെലവില്‍ 35733 രോഗികള്‍ക്കും സൗജന്യ ചികിത്സയൊരുക്കി. ജില്ലയില്‍ 17 സര്‍ക്കാര്‍ ആശുപത്രികള്‍ മുഖേനയും 14 സ്വകാര്യ ആശുപത്രികള്‍ വഴിയുമാണ് സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുന്നത്. 2017-18 വര്‍ഷത്തില്‍ 335696 കുടുംബങ്ങളാണ് പദ്ധതിയില്‍ പുതുതായി അംഗങ്ങളായത്. 2018- 19 വര്‍ഷത്തില്‍ 355841 കുടുംബങ്ങളും പുതുതായി ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേര്‍ന്നു. മരം കയറ്റിറക്ക് ജോലിക്കിടെ പരുക്കേറ്റ് മരിച്ചവരുടെ ആശ്രിതര്‍ക്ക് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 22,00,000 രൂപ ധനസഹായമായി നല്‍കി. 39 തൊഴിലാളികളുടെ ആശ്രിതര്‍ക്കാണ് ആനുകൂല്യം ലഭിച്ചത്. പെന്‍ഷന്‍ തുക ഇനത്തില്‍ 46,72,140 രൂപയും അനുവദിച്ചു.
അസംഘടിത മേഖലയിലെ ദിവസ വേതനക്കാരായ തൊഴിലാളികള്‍ക്കുള്ള ആശ്വാസ പദ്ധതി പ്രകാരം 25 ഗുണഭോക്താക്കള്‍ക്ക് 50,000 രൂപ ധനസഹായമായും അസംഘടിത മേഖലയിലെ റിട്ട: വര്‍ക്കേഴ്സ് പെന്‍ഷന്‍ പദ്ധതി പ്രകാരം 257 പേര്‍ക്ക് 81,72,700 രൂപയും അനുവദിച്ചതായി ജില്ലാ ലേബര്‍ ഓഫിസര്‍ അറിയിച്ചു.

 

date