Skip to main content

നിശബ്ദ വിപ്ലവത്തിന്റെ കാവല്‍ക്കാര്‍

വായിച്ച് തീര്‍ത്ത പത്രങ്ങള്‍, നടന്ന് തേഞ്ഞ ചെരിപ്പുകള്‍, വീണുടഞ്ഞ ചില്ലു പാത്രങ്ങള്‍, കുടിച്ച് തീര്‍ത്ത ശീതള പാനീയക്കുപ്പികള്‍... ഇങ്ങനെയുള്ള പാഴ് വസ്തുക്കളെ പുനര്‍ജീവിപ്പിച്ച് ഉപജീവനം നടത്തുന്ന ചില പച്ച മനുഷ്യരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. വീടുകളില്‍ നിന്നും പാഴ് വസ്തുക്കള്‍ ശേഖരിച്ച് സംസ്‌കരിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നവരാണ് ആക്രികള്‍ എന്ന് അറിയപ്പെടുന്ന ഈ നിശബ്ദ സാമൂഹ്യ പ്രവര്‍ത്തകര്‍. ഒരു ടണ്‍ കടലാസ് പുനരുപയോഗിക്കുന്നതിലൂടെ പതിനേഴോളം വൃക്ഷങ്ങളും ഇരുപത്തിയാറായിരം ലിറ്ററിലധികം ജലവും സംരക്ഷിക്കാനാവുമെന്നതില്‍ നിന്നു തന്നെ ഇവര്‍ നല്‍കുന്ന സാമൂഹ്യസേവനത്തിന്റെ മഹത്വം മനസ്സിലാവും.
വെറുമൊരു ഉപജീവനമെന്നതിലുപരി സാമൂഹ്യസേവനത്തിന്റെ ഉദാത്ത മാതൃകകളാണ് ഇവര്‍. നമുക്ക് പാഴ് വസ്തുക്കളെന്ന് തോന്നുന്നവ ശേഖരിച്ച് പുനരുപയോഗയോഗ്യമാക്കുന്നതിനായി കയറ്റിയയക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇതിലൂടെ മാലിന്യ നിര്‍മാര്‍ജ്ജനമെന്ന വലിയൊരു ബാധ്യതയാണ് ഒഴിവാകുന്നത്.  
സക്കീറിന്റെ വിജയഗാഥ
എന്നാല്‍ ഇതൊരു കച്ചവട സാധ്യതയുള്ള മേഖലകൂടിയാണെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് പൊ•ളയിലെ സക്കീറിന്റെ തോപ്പില്‍ സ്‌ക്രാപ്പ് യൂണിറ്റ്. പാരമ്പര്യമായി കിട്ടിയ സംരംഭം ആണെങ്കിലും പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് കാതലായ മാറ്റങ്ങള്‍ക്ക് സക്കീര്‍ നേതൃത്വം നല്‍കുന്നു. പാഴ് വസ്തുക്കള്‍ ശേഖരിച്ച് സൂക്ഷിക്കാനായി വിശാലമായ ഷെഡ് സക്കീര്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ പ്രതിദിനം ശേഖരിക്കുന്നത് രണ്ട് ടണ്ണോളം പാഴ് വസ്തുക്കളാണ്. ഇവ ശേഖരിക്കാനായി നാല്‍പ്പതോളം ഗുഡ്സ് ഓട്ടോകളും ഓരോന്നിലും രണ്ട് വീതം ആളുകളും ജോലി ചെയ്യുന്നു. ദിനം പ്രതി 6000 ത്തിനും 6500 നുമിടയില്‍ തുകക്കുള്ള പാഴ് വസ്തുക്കള്‍ ഓരോ വാഹനവും ശേഖരിക്കും. ഓരോ ആളിനും 1500 രൂപയോളം അതാത് ദിവസം ലഭിക്കും. ഈ തൊഴിലാളികളെല്ലാവരും മലയാളികളാണെന്നതും ശ്രദ്ധേയമാണ്. ശേഖരണ കേന്ദ്രത്തില്‍ മാത്രമാണ് ഏഴോളം ഇതര സംസ്ഥാന തൊഴിലാളികളുള്ളത്.
ന്യൂസ്പേപ്പറുകളുള്‍പ്പടെയുള്ള പേപ്പര്‍ വെയ്സ്റ്റുകള്‍ പ്രമുഖ നോട്ട്ബുക്ക് നിര്‍മാതാക്കളായ ഐ.ടി.സി കമ്പനിയുടെ തമിഴ്നാട്ടിലെ യൂണിറ്റിലേക്കാണ് അയക്കുന്നത്. പേപ്പറുകള്‍ പുനരുപയോഗയോഗ്യമാക്കുന്നതിലൂടെ സമ്പാദ്യമെന്നതിലുപരി വന സംരക്ഷണമെന്ന ദൗത്യവും പൂര്‍ത്തീകരിക്കപ്പെടുന്നു. പുതിയ സംരംഭങ്ങള്‍ക്കായി നെട്ടോട്ടമോടുന്നവര്‍ കാണാതെ പോകുകയാണ് ഇത്തരം വ്യത്യസ്തരായ സംരംഭകരെ.  
അഴുക്കില്ലാത്ത മലപ്പുറം അഴകുള്ള മലപ്പുറം; ജൈവമാലിന്യ സംസ്‌കരണ യജ്ഞവുമായി ശുചിത്വ മിഷന്‍
ആക്രി കച്ചവടക്കാരുടെ സംഘടനയായ കെ.എസ്.എം.എയുടെ സഹകരണത്തോടെ വീടുകളിലെ അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് പാഴ് വസ്തു സമാഹരണ യജ്ഞത്തിന് ഒരുങ്ങുകയാണ് ശുചിത്വമിഷന്‍. അജൈവ മാലിന്യങ്ങള്‍ ശേഖരിക്കാനാളില്ലാത്തതാണ് പലപ്പോഴും മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടാനും അത് വഴി മാരക രോഗങ്ങള്‍ പകരാനും കാരണമാകുന്നതെന്ന തിറിച്ചറിവാണ് ഇത്തരമൊരു സംരംഭത്തിന് ശുചിത്വ മിഷന്‍ നേതൃത്വം നല്‍കുന്നത്.
കുപ്പിച്ചില്ലുകള്‍, ചെരിപ്പുകള്‍, ബാഗുകള്‍, തെര്‍മോക്കോള്‍, പ്ലാസ്റ്റിക്കുകള്‍, ബള്‍ബുകള്‍ തുടങ്ങിയ മാലിന്യങ്ങള്‍ പലപ്പോഴും ശേഖരിക്കപ്പെടാതെ പോവുകയാണ്. എന്നാല്‍ ഇതിന് പരിഹാരമായാണ് ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നത്.  പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന മാലിന്യങ്ങളില്‍ നിന്നും രക്ഷ നേടുകയും മഴക്കാല പൂര്‍വ്വ ശുചിത്വം ഉറപ്പുവരുത്താനും ലക്ഷ്യമാക്കിയുള്ള പദ്ധതിയില്‍ ജില്ലയിലെ നൂറോളം പാഴ് വസ്തു വ്യാപാര സ്ഥാപനങ്ങളില്‍ മെയ് 21 മുതല്‍ 31 വരെഅജൈവമാലിന്യങ്ങള്‍ ശേഖരിക്കും. പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍ മറ്റ് യുവജന സംഘടനകള്‍ എന്നിവര്‍ക്ക് അതാത് സ്ഥലങ്ങളിലെ മാലിന്യങ്ങള്‍ ശേഖരിച്ച് ശേഖരണ കേന്ദ്രങ്ങളില്‍ എത്തിക്കാവുന്നതാണ്. ഇത്തരത്തില്‍ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ക്ക് അവ സംസ്‌കരണ പുനര്‍നിര്‍മാണ കേന്ദ്രങ്ങളിലെത്തിക്കുന്നതിനാവശ്യമായ ചെറിയ തുക മാത്രം നല്‍കിയാല്‍ മതി.
ചെരിപ്പുകള്‍, ബാഗുകള്‍, പ്ലാസ്റ്റിക്കുകള്‍, കുപ്പിച്ചില്ലുകള്‍, തെര്‍മോക്കോള്‍ എന്നിവ ഉണക്കി വൃത്തിയാക്കി തരം തിരിച്ചാണ് ശേഖരണ കേന്ദ്രങ്ങളിലെത്തിക്കേണ്ടത്.     ഫോണ്‍ 9846034564, 9745007650.

 

date