Skip to main content

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ അദാലത്ത് നടത്തി

    കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ മലപ്പുറം ജില്ലയില്‍ നടത്തിയ അദാലത്ത് തിരൂര്‍ മുന്‍സിപ്പല്‍ സാംസ്‌കാരിക സമുച്ചയം കോണ്‍ഫറന്‍സ് ഹാളില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി. എസ്. ഗോപിനാഥന്റെ അദ്ധ്യക്ഷതയില്‍ നടന്നു. സിറ്റിംഗില്‍ കമ്മീഷന്‍ അംഗം കൂട്ടായി ബഷീര്‍ പങ്കെടുത്തു. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍, ജോയിന്റ് ഡയറക്ടര്‍ ഓഫീസുകളില്‍ നിന്നും ഉദ്യോഗസ്ഥരും വിവിധ ധനകാര്യ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ചും അദാലത്തില്‍ ഹാജരായി.
    57 കേസുകള്‍ കമ്മീഷന്‍ പരിഗണനക്കെടുത്തുവെങ്കിലും തിരൂര്‍ സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കുമായി ബന്ധപ്പെട്ട 26 കേസുകള്‍ കൂടുതല്‍ രേഖകള്‍ പരിശോധിക്കുന്നതിനായി ഹാജരാക്കുന്നതിനായി അടുത്ത അദാലത്തില്‍ പരിഗണിക്കാന്‍ മാറ്റി വെച്ചു.  
    പരപ്പനങ്ങാടി റൂറല്‍ കോ-ഓപ്പറേറ്റീവ് ഭവന നിര്‍മ്മാണ സംഘത്തില്‍ നിന്നും 2006-ല്‍ 15 വര്‍ഷ കാലാവധിക്ക് 1,25,000 രൂപയുടെ ഭവന വായ്പയെടുത്ത മത്സ്യത്തൊഴിലാളിക്ക് 22-12-2011-ല്‍ കടാശ്വാസം അനുവദിച്ചിട്ടും കൂടുതല്‍ പലിശ ആവശ്യപ്പെട്ട് മുതല്‍ ബാക്കി വാങ്ങിയില്ല എന്ന പരാതി കമ്മീഷന്‍ കേട്ടു. കടാശ്വാസമായി ലഭിച്ച മുതല്‍ സംഖ്യയും പലിശയും ക്രമ പ്രകാരം അതാത് ഇനത്തില്‍ വകയിരുത്തുകയും ബാക്കി മുതല്‍ സംഖ്യ അമ്പതിനായിരം രൂപ അടക്കാന്‍ വായ്പക്കാരന്‍ തയ്യാറാവുകയും ചെയ്ത നിലക്ക് മേപ്പടി തുക വാങ്ങി കടക്കണക്ക് ഒരു മാസത്തിനുള്ളില്‍ തീര്‍പ്പാക്കി ഈടാധാരം തിരികെ നല്‍കാന്‍ സഹകരണ സംഘത്തോട് കമ്മീഷന്‍ നിര്‍ദ്ദേശിച്ച് ഉത്തരവ് നല്കി.
പരപ്പനങ്ങാടി സര്‍വ്വീസ് സഹകരണ ബാങ്ക്, മത്സ്യഫെഡ് എന്നിടവിടങ്ങളില്‍ നിന്നും വായ്പയെടുത്ത നാലു മത്സ്യത്തൊഴിലാളികളുടെ വായ്പ രേഖകള്‍ പരിശോധിച്ച് കടാശ്വാസമായി 1,79,265 രൂപ  അനുവദിക്കാന്‍ കമ്മീഷന്‍ ഉത്തരവ് നല്കി.
    മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ പുറപ്പെടുവിച്ച മുന്‍ ഉത്തരവുകള്‍ നടപ്പാക്കാത്ത പരപ്പനങ്ങാടി റൂറല്‍ ഹൗസിംഗ് സഹകരണ സംഘം, പൊന്നാനി സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്, കേരള ഗ്രാമണ്‍ ബാങ്ക് അരിയല്ലൂര്‍ ശാഖ എന്നിവരോട് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു.
    2017 മാര്‍ച്ച് 28 ന് കടാശ്വാസ തുക കനാറാ ബാങ്ക് താനൂര്‍ ശാഖ കൈപ്പറ്റിയിട്ടും വായ്പ കണക്ക് തീര്‍പ്പാക്കാതെയിരിക്കുന്ന മാനേജരോട് വായ്പ കണക്ക് തീര്‍പ്പാക്കി ഉടന്‍ ഈടാധാരം തിരികെ നല്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
    കനറാ ബാങ്കിന്റെ ആനങ്ങാടി ശാഖയില്‍ നിന്നും വിദ്യാഭ്യാസ വായ്പയെടുത്ത മത്സ്യത്തൊഴിലാളിക്ക് കടാശ്വാസമായി തുക അനുവദിച്ചിട്ടും കടക്കണക്ക് ക്‌ളോസ് ചെയ്യാതെ അധിക തുക ഈടാക്കാന്‍ റവന്യൂ റിക്കവറി നടപടികളുമായി മുന്നോട്ട് പോയ ബാങ്കിന്റെ നടപടിയില്‍ കമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തി വായ്പ ക്‌ളോസ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരുന്നു. വായ്പ ക്‌ളോസ് ചെയ്തതായി അറിയിച്ചിട്ടുണ്ടെങ്കിലും തെറ്റായ രേഖകള്‍ ഹാജരാക്കി അധിക തുക സര്‍ക്കാരില്‍ നിന്നും ഈടാക്കിയത് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കൈപ്പറ്റിയ അധിക തുക ഉടന്‍ സര്‍ക്കാരിലേക്ക് തിരിച്ചടക്കുന്നതിന് ബാങ്കിനോട് നിര്‍ദ്ദേശിച്ചു വീണ്ടും കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു
.    കേരള ഗ്രാമീണ്‍ ബാങ്കിന്റെ അഴിഞ്ഞിലം ബ്രാഞ്ചില്‍ നിന്നും വായ്പയെടുത്ത ഒരു കേസില്‍ 2015 ജൂലൈ മാസത്തില്‍ മത്സ്യത്തൊഴിലാളി കടാശ്വാസ നിയമത്തിലെ 9-ാം വകുപ്പ് പ്രകാരം ലീഡ് ബാങ്കിന്റെ സഹായത്തോടെ നടത്തിയ അദാലത്തില്‍ ഉഭയ സമ്മത പ്രകാരം 75000 രൂപ മുതലിനത്തിലും 18000 രൂപ പലിശയിനത്തിനും സര്‍ക്കാരില്‍ നിന്നും അനുവദിച്ച് തീര്‍പ്പാക്കിയ കേസില്‍ ധാരണക്ക് വിരുദ്ധമായി  അധിക തുക ഈടാക്കിയ ബാങ്കിന്റെ നടപടിയില്‍ കമ്മീഷന്‍ വിശദീകരണം ചോദിച്ചിരുന്നെങ്കിലും ബാങ്ക് പ്രതിനിധി ഹാജരാകാത്തതിനാല്‍ അടുത്ത അദാലത്തിലേക്ക് മാറ്റി വെക്കുകയുണ്ടായി.
കടാശ്വാസമായി സര്‍ക്കാര്‍ അനുവദിച്ച തുക വായ്പാ കണക്കില്‍ വരവ് വെച്ചതിലും ഈടാധാരങ്ങള്‍ തിരികെ നല്‍കാത്തതിലും അമിത പലിശ ഈടാക്കിയതിലും തുടങ്ങി വിവിധങ്ങളായ പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.

 

date