Skip to main content

സൗജന്യ സേവനങ്ങള്‍ ഒരു കുടക്കീഴില്‍: ദിശ ഇനി രണ്ട് ദിവസങ്ങള്‍ കൂടി മാത്രം

 

നാഗമ്പടം മൈതാനത്ത് നടക്കുന്ന ദിശ മേളയില്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ സൗജന്യ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ എത്തിച്ച് നടപ്പാക്കുന്ന ദിശ പ്രദര്‍ശന മേള നാളെ (മെയ് 20) അവസാനിക്കും.   55 വകുപ്പുകളുടെ 132 സ്റ്റാളുകളാണ് മേളയിലുള്ളത്. സൗജന്യമായി ആധാര്‍ കാര്‍ഡ് എടുക്കുന്നതിനും തെറ്റുതിരുത്തുന്നതിനും ഐടി വകുപ്പ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും ഇവിടെ എന്റോള്‍ ചെയ്യാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷയും പരാതി പരിഹാര സെല്ലിലേക്കുള്ള അപേക്ഷകളും ഇവിടെ സമര്‍പ്പിക്കാം. സൗജന്യ വൈഫൈ ഹോട്ട്‌സ്‌പോട്ട് സേവനങ്ങള്‍ ലഭിക്കുന്ന സ്ഥലങ്ങള്‍, ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ് തുടങ്ങിയവയും ഐടി മിഷന്റെ സ്റ്റാളുകളില്‍ ലഭ്യമാക്കുന്നുണ്ട്. 

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ ലഭ്യമാക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും അതാതു സ്റ്റാളുകളില്‍ നല്‍കുന്നുണ്ട്.  അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കു ഇഷുറന്‍സ് പരിരക്ഷ നല്‍കുന്ന ആവാസ് പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷനും ഇവിടെ ലഭ്യമാണ്.  ന്യൂനപക്ഷ ക്ഷേമ വകുപ്പ്, പിന്നാക്ക ക്ഷേമ വകുപ്പ്, പട്ടിക ജാതി - പട്ടികവര്‍ഗ വകുപ്പുകളുടെ വിവിധ സേവനങ്ങളും സംശയനിവാരണത്തിനുള്ള അവസരവും സ്റ്റാളിലുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ വിവിധ പദ്ധതികള്‍ മേളയില്‍ പരിചയപ്പെടുത്തുന്നുണ്ട്.

വനിതകള്‍ക്കായി കുടുംബശ്രീയുടെ സൗജന്യ ഹെല്‍പ് ലൈന്‍ സ്‌നേഹിതയുടെ സേവനം പ്രത്യേകമായി സജീകരിച്ചിട്ടുണ്ട്. ജി.എസ്.ടിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍, നൂതന കാര്‍ഷിക രീതികളെ കുറിച്ച് കര്‍ഷകരെ പരിചയപ്പെടുത്തുന്ന കൃഷി വകുപ്പിന്റെ സ്റ്റാളുകള്‍ തുടങ്ങി പുതിയ തൊഴില്‍ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതുള്‍പ്പെടെ സാങ്കേതിക വിദ്യയുടെ വാതിലാണ് ദിശ തുറന്നിടുന്നത്.

സര്‍ക്കാര്‍ പദ്ധതികളായ ഹരിത കേരളം, ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസം എന്നിവയുടെ സ്റ്റാളുകളാണ് പ്രദര്‍ശന നഗരിയില്‍  അതൊടൊപ്പം ചരിത്ര നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ചിത്രങ്ങളുടെ പ്രദര്‍ശനം പി.ആര്‍.ഡി വകുപ്പ് സജ്ജീകരിച്ചിട്ടുണ്ട്.

 ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ എക്‌സൈസ് വകുപ്പ് സ്റ്റാള്‍ കൂടുതല്‍ ശ്രദ്ധ ആര്‍ജ്ജിച്ചു. ലഹരി ഉപയോഗിച്ച് കേടായ അവയവങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ലഹരിക്കെതിരെ സ്‌പോര്‍ട്‌സ് എന്ന സന്ദേശവുമായി സൂചി ഏറ്, ബാസ്‌ക്കറ്റ് ബോള്‍ എന്നീ കായിക വിനോദങ്ങളും എക്‌സൈസ് സ്റ്റാളിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. പോലീസിന്റെ വനിതകള്‍ക്കായുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടികളും എല്ലാ ദിവസവും മേളയിലുണ്ട്.

ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വകുപ്പിന്റെ സ്വപ്ന തീരം ഹരിത മാതൃകയാണ് മറ്റൊരു ആകര്‍ഷണം. കടലാക്രമണം പ്രതിരോധിക്കുന്നതിനോടൊപ്പം പരിസ്ഥിതി സൗഹൃദ ഊര്‍ജോത്പാദന സംവിധാനം എന്നിങ്ങനെ  തയ്യാറാക്കാം എന്നും സ്റ്റാളില്‍ മാതൃകയോടു കൂടി പരിചയപ്പെടുത്തുന്നുണ്ട്. സൗജന്യ സിം കാര്‍ഡ്, റീ ചാര്‍ജിംഗ് സംവിധാനം എന്നിവ ബി എസ് എന്‍ എല്‍ സ്റ്റാളില്‍ ലഭ്യമാണ്.മെഡിക്കല്‍ കോളേജിന്റെ സ്റ്റാളില്‍ പ്രദര്‍ശനവും ജീവിതശൈലീരോഗ നിര്‍ണ്ണയ ക്യാപും നടത്തുന്നുണ്ട്. ബി.എം.ഐ നിര്‍ണ്ണയ മെഷീന്‍ ആണ് ആരോഗ്യ വകുപ്പിന്റെ ശ്രദ്ധേയമായ സേവനം - മെഷീന്‍ ഉപയോഗിച്ച് പൊതുജനങ്ങള്‍ക്ക് സൗജന്യമായി ശരീരഭാരം, ഉയരം, കൊഴുപ്പ്, വെള്ളത്തിന്റെ അളവ്, രക്തസമ്മര്‍ദം എന്നിവ അറിയാന്‍ സാധിക്കും. 

date