Skip to main content

ഉത്തരവാദിത്വ ടൂറിസം - കാഴ്ചപ്പാടുകള്‍ ' സെമിനാര്‍ നടന്നു

 

 

വിനോദസഞ്ചാരം മൂലമുണ്ടാകുന്ന വികസനം പോലെ ദോഷകരമായ കാര്യങ്ങളും ചര്‍ച്ച ചെയ്യണം എന്ന സന്ദേശമാണ് ഉത്തരവാദിത്വ ടൂറിസം മുന്നോട്ട് വെക്കുന്നതെന്ന് ഉത്തരവാദിത്വ ടൂറിസം സംസ്ഥാന കോഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഉത്തരവാദിത്വ ടൂറിസം - കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. ടൂറിസം ഒരു നാടിന്റെ കലയോടും പരിസ്ഥിതിയോടും പരമ്പരാഗത തൊഴിലിനോടും ജനങ്ങളോടും ഉത്തരവാദിത്വ പൂര്‍ണ്ണമാകണം. അതോടൊപ്പം ജനങ്ങളും സര്‍ക്കാരും വിനോദ സഞ്ചാരികളോട് ഉത്തരവാദിതത്തോടെ പെരുമാറണം. ടൂറിസം മൂലം ഒരു നാട്ടിലെ ജനങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ പ്രയോജനം ഉണ്ടാകുമ്പോഴാണ് അത് ഉത്തരവാദിത്വ ടൂറിസമായി മാറുന്നത്. പാരിസ്ഥിതിക ഉത്തരവാദിത്വം, സാമൂഹ്യ - സാംസ്‌കാരിക ഉത്തരവാദിത്വം, സാമ്പത്തിക ഉത്തരവാദിത്വം എന്നിവ ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമാണ്. എക്‌സ്പീരിയന്‍സ് ടൂറിസവും അഡ്വഞ്ചര്‍ ടൂറിസവും കാലിക പ്രസക്തിയുള്ളതാണെന്നും ടൂറിസം ഒരു നാടിന്റെ കഥ അവതരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡി.റ്റി.പി.സി. സെക്രട്ടറി ബിന്ദു നായര്‍ ചര്‍ച്ച നയിച്ചു. തദ്ദേശ വാസികളുടെ പങ്കാളിത്തം കൂട്ടാനാണ് ഉത്തരവാദിത്വ ടൂറിസം ശ്രമിക്കുന്നതെന്നും അരുവിക്കുഴി, ഇല്ലിക്കല്‍ക്കുന്ന് എന്നിവിടങ്ങളില്‍ നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

ടൂറിസം വകുപ്പ് എറണാകുളം മേഖല ജോയിന്റ് ഡയറക്ടര്‍ കെ.പി.നന്ദകുമാര്‍ മോഡറേറ്ററായിരുന്നു. ഉത്തരവാദിത്വ ടൂറിസം ഫിനാന്‍സ് ഓഫീസര്‍ വി എസ് കമലാ സനന്‍, ഗ്രീന്‍ ടൂറിസം സി.ഇ.ഒ ജിജു ജോസ് എന്നിവര്‍ സംസാരിച്ചു. ടുറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ബിജു വര്‍ഗീസ് സ്വാഗതവും ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുനിത കെ നന്ദിയും പറഞ്ഞു.

date