Skip to main content

പാണ്ടിക്കണ്ടം  റഗുലേറ്റര്‍ കം ബ്രിഡ്ജ് മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്തു 

  ജലസേചന വകുപ്പ്  ജില്ലയില്‍ നടപ്പിലാക്കിയ വിവിധോദ്ദേശ പദ്ധതിയായ  പാണ്ടിക്കണ്ടം  റഗുലേറ്റര്‍കം ബ്രിഡ്ജ്  മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്തു. മിത ജല ചൂഷിത പ്രദേശമായി വിജ്ഞാപനം ചെയ്തിട്ടുള്ള കാസര്‍കോട്  താലൂക്കില്‍ കാര്‍ഷിക ജലസേചനം, കുടിവെള്ളം, ഗതാഗതം, ടൂറിസം വികസനം, തുടങ്ങിയ വിവിധ മേഖലകളില്‍ ഉപയോഗയോഗ്യമായ ഈ ബൃഹത്പദ്ധതി ബേഡഡുക്ക- മൂളിയാര്‍ ഗ്രാമ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കും വിധം പയസ്വിനി പുഴയിലെ  പാണ്ടിക്കണ്ടത്താണ്   നിര്‍മ്മിച്ചിട്ടുള്ളത്. 
ജലസേചന വകുപ്പിന്റെ ഡിസൈന്‍ വിഭാഗമായ ഐ.ഡി .ആര്‍.ഡി ആണ്   പദ്ധതിയുടെ ഡിസൈന്‍ തയ്യാറാക്കിയത്.  ഈ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നീളം 106.40 മീറ്ററാണ്.  4.00 മീറ്റര്‍ ഉയരത്തില്‍ ജലം സംഭരിക്കുന്നതിനാണ് ഇത്   ഡിസൈന്‍ ചെയ്തിട്ടുളളത്.  പൂര്‍ണ്ണ   സംഭരണശേഷിയില്‍ ഏകദേശം 3.00 കി.മീ. ദൂരം വരെ പുഴയില്‍ വെളളം  സംഭരിച്ചു നിര്‍ത്താവുതാണ്. 
പുഴയുടെ അടിത്തട്ടു മുതല്‍ ഒരു മീ. ഉയരത്തില്‍ കോണ്‍ക്രീറ്റ് വിയറും അതിനു  മുകളില്‍ മൂന്നു മീറ്റര്‍ . ഉയരത്തില്‍ സ്റ്റീല്‍ ഷട്ടറുമാണ് ഉള്ളത്. 9.80 മീ  വീതിയുളള ഒമ്പത്  സ്പാനുകളാണ് പാലത്തിനുളളത്.   മൂളിയാര്‍, കൊളത്തൂര്‍, ബേഡഡുക്ക വില്ലേജുകളിലായി 2010 ഏക്കര്‍ കൃഷി സ്ഥലത്ത്  ജലസേചനം സാധ്യമാക്കുവാന്‍ ഈ പദ്ധതി കൊണ്ട് സാധിക്കും.  സമീപ പ്രദേശങ്ങളിലെ ഭൂഗര്‍ഭ ജലവിതാനം ഗണ്യമായതോതില്‍ ഉയര്‍ത്തുന്നതിനും ഈ പദ്ധതിമൂലം സാധ്യമാകും . 
പാണ്ടിക്കണ്ടത്ത് നടന്ന ചടങ്ങില്‍  കെ.കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മൈനര്‍ ഇറിഗേഷന്‍ കോഴിക്കോട്  സര്‍ക്കിള്‍ സൂപ്രണ്ടിങ് എഞ്ചിനിയര്‍ കെ.പി രവീന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ , കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍, മുളിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ  വി.പി.പി  മുസ്തഫ, സുഫൈജ അബൂബക്കര്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്  ക്ഷേമ കാര്യ കമ്മറ്റി ചെയര്‍മാന്‍ പി.കെ ഗോപാലന്‍ , പഞ്ചായത്ത് അംഗങ്ങളായ കെ.പ്രഭാകരന്‍,സി. കുഞ്ഞി കണ്ണന്‍, കൃപാ ജ്യോതി വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.   ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.രാമചന്ദ്രന്‍ സ്വാഗതവും, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടിവ് എഞ്ചിനിയര്‍ കെ.എന്‍.സുഗുണന്‍ നദിയും പറഞ്ഞു.

 

date