Skip to main content

റേഷന്‍ നേരിട്ട് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പകരക്കാരെ ഏര്‍പ്പെടുത്തി വാങ്ങാം

 

ഗുരുതര രോഗബാധയാല്‍ കിടപ്പിലായവര്‍, 65 വയസിനുമേല്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങി റേഷന്‍ കടകളില്‍ നേരിട്ടെത്താന്‍ കഴിയാത്തവര്‍ മാത്രമുള്ള കാര്‍ഡുടമകള്‍ക്കും അംഗങ്ങള്‍ക്കും പകരക്കാരെ ഏര്‍പ്പെടുത്തി റേഷന്‍ വാങ്ങാം.  ഇത് സംബന്ധിച്ച സര്‍ക്കുലര്‍ എല്ലാ താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ക്കും നല്‍കിയിട്ടുണ്ട്. റേഷന്‍ വാങ്ങാന്‍ പകരക്കാരെ ഏര്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഗുണഭോക്താവ് ഉള്‍പ്പെട്ട റേഷന്‍ കടയിലെ കാര്‍ഡിലെ അംഗങ്ങള്‍ക്ക് മാത്രമേ പകരക്കാരാകാന്‍ കഴിയൂ.  

പകരക്കാരനാകുന്ന വ്യക്തി ഇതിനായി അദ്ദേഹത്തിന്റെ ആധാറും, മൊബൈല്‍ നമ്പറും റേഷന്‍ കാര്‍ഡുമായി ചേര്‍ത്തിരിക്കണം.  റേഷന്‍ കട ലൈസന്‍സികളോ അവരുടെ കുടുംബാംഗങ്ങളോ പകരക്കാരാകാന്‍ പാടില്ല.

പകരക്കാരെ ഏര്‍പ്പെടുത്തേണ്ടവര്‍ അതതു താലൂക്ക് സപ്ലൈ ഓഫീസില്‍ അപേക്ഷ നല്‍കണം.  രേഖകള്‍ പരിശോധിച്ച് അന്വേഷണം നടത്തി താലൂക്ക് സപ്ലൈ ഓഫീസര്‍ പകരക്കാരെ ഉള്‍പ്പെടുത്തി ഉത്തരവു നല്‍കും.  

കേരളത്തിലെ പൊതുവിതരണം സമ്പൂര്‍ണമായി ഇ-പോസ് മുഖാന്തിരം ബയോമെട്രിക് സംവിധാനത്തിലൂടെയാക്കിയതോടെ അസുഖങ്ങളാലും അവശതകളാലും മറ്റും റേഷന്‍ കടകളില്‍ നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്ക് റേഷന്‍ ലഭിക്കാത്ത അവസ്ഥ ഒഴിവാക്കാനാണ്  പ്രോക്‌സി സംവിധാനം ഒരുക്കിയത്.   

പി.എന്‍.എക്‌സ്.1880/18

date