Skip to main content

നിപ്പ വൈറല്‍ പനി: കര്‍ഷകര്‍ ആശങ്കപ്പെടേണ്ട * മൃഗസംരക്ഷണ വകുപ്പ് നിരീക്ഷണ സമിതികളും ഹെല്‍പ്പ്‌ലൈനും തുടങ്ങി

    നിപ്പ വൈറല്‍ പനി നിലവില്‍ വളര്‍ത്തു മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേയ്ക്ക്  വ്യാപിക്കുന്ന സാഹചര്യം ഇല്ലെന്ന് മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു. 
    രോഗവ്യാപനം തടയാനുള്ള നടപടികള്‍ സ്വീകരിക്കണം. വവ്വാലുകള്‍ കടിച്ചതായി സംശയിക്കുന്ന ജാമ്പക്ക, പേരക്ക, മാങ്ങ തുടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ മനുഷ്യര്‍ കഴിക്കുകയോ വളര്‍ത്തു മൃഗങ്ങള്‍ക്ക് നല്‍കുകയോ ചെയ്യരുത്. മൃഗങ്ങളില്‍ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍, വിഭ്രാന്തി, തുടങ്ങിയവ ശ്രദ്ധയിപ്പെട്ടാല്‍ തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെടണം.
    സംസ്ഥാനതലത്തിലും ജില്ലാതലത്തിലും രോഗവ്യാപനം തടയുന്നതിനുള്ള നിരീക്ഷണ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.  കൂടാതെ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈനും പൊതുജനങ്ങളുടെ സംശയദൂരീകരണത്തിനായി പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ആനിമല്‍ ഡിസീസ് എമര്‍ജന്‍സി കണ്‍ട്രോള്‍ (നിപ്പ വൈറല്‍ പനി) ഹെല്‍പ്പ് ലൈന്‍ നമ്പര്‍ - 0471 2732151.
  രോഗം മൃഗങ്ങളെ ബാധിക്കുമെങ്കിലും വളര്‍ത്തുമൃഗങ്ങളില്‍ ഈ രോഗം വന്നതായി ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  നാടന്‍ ഫലങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളാണ് രോഗവാഹകര്‍.  രോഗവാഹകരായ വവ്വാലുകളുടെ വിസര്‍ജ്ജ്യം ശരീരസ്രവങ്ങള്‍ എന്നിവയുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കംമൂലമാണ് മനുഷ്യരിലേയ്ക്കും മൃഗങ്ങളിലേയ്ക്കും പടരുന്നത്.  വവ്വാലുകള്‍ കടിച്ച പഴവര്‍ഗങ്ങളിലൂടെയാണ് സാധാരണയായി രോഗവ്യാപനം നടക്കുന്നത്. 
    നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ ഉന്നതതല സംഘം പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.  നാഷണല്‍ സെന്റര്‍ ഫോര്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ് ഡയറക്ടര്‍ ഡോ. സുജീത് സിംഗ്, എപ്പിഡമിയോളജി വിഭാഗത്തിന്റെ തലവന്‍ ഡോ. എസ്.കെ. ജയിന്‍, ഇ.എം.ആര്‍ ഡയറക്ടര്‍ ഡോ. പി. രവീന്ദ്രന്‍, ജന്തുജന്യരോഗ വിഭാഗം തലവന്‍ ഡോ. നവീന്‍ ഗുപ്ത സതേണ്‍ റീജിയണല്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറി മേധാവി ഡോ. വെങ്കിടേഷ്, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസ് തലവന്‍ ഡോ. എം.കെ. പ്രസാദ്, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സ്ഥിതിഗതികള്‍ വിലയിരുത്തി രോഗവ്യാപനം തടയാനുള്ള തുടര്‍നടപടികള്‍ ഏകോപിപ്പിക്കുന്നുണ്ട്.  രോഗലക്ഷണങ്ങള്‍ സംശയിക്കപ്പെടുന്ന മൃഗങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് രോഗനിര്‍ണയത്തിന്റെ പ്രാഥമിക പരിശോധന സംസ്ഥാനതല ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്നതിനും, ആവശ്യമെങ്കില്‍ രോഗസ്ഥിരീകരണത്തിനായി ഭോപ്പാലിലെ ഹൈ സെക്യൂരിറ്റീ ലാബിലേയ്ക്ക് അയക്കുന്നതിനുമുള്ള സംവിധാനം മൃഗസംരക്ഷണ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്..    
പി.എന്‍.എക്‌സ്.1903/18

date