Skip to main content

ത്രിതല ക്ഷീര സഹകരണ മേഖല: പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

    കേരളത്തിലെ ത്രിതല ക്ഷീര സഹകരണ മേഖലയെ    ക്കുറിച്ച് പഠിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജുവിന് റിപ്പോര്‍ട്ട് കൈമാറി. ലിഡ ജേക്കബ് അധ്യക്ഷയായ കമ്മിറ്റിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 
    റിപ്പോര്‍ട്ട് വ്യക്തമായി പഠിച്ച ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി കെ. രാജു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്ഷീര മേഖലയുമായും ക്ഷീരസഹകരണ മേഖലയുമായി ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമ്മിറ്റി സ്വീകരിച്ചിട്ടുണ്ട്. 25 ശുപാര്‍ശകളാണ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെയും പുറത്തെയും വിവിധ ഡയറി പ്ലാന്റുകളും ഫാക്ടറികളുമുള്‍പ്പെടെ സന്ദര്‍ശിച്ചാണ് കമ്മിറ്റി പഠനം നടത്തിയത്.  
    കേരളത്തിലെ ത്രിതല ക്ഷീര സഹകരണ സംവിധാനം നിലനിര്‍ത്തിക്കൊണ്ട് മേഖലാ യൂണിയനുകളുടെ എണ്ണം മൂന്നില്‍ നിന്ന് രണ്ട് ആക്കി കുറയ്ക്കുന്നതിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. എറണാകുളം തിരുവനന്തപുരം മേഖലാ യൂണിയനുകളെ സംയോജിപ്പിച്ച് പുനസംഘടന നടത്തുന്നതിനും സമിതി ശുപാര്‍ശ ചെയ്തു. 
    മേഖലാ യൂണിയനുകളുടെ നിയമനങ്ങള്‍ പി. എസ്. സി മുഖേന നടത്തുക, അസി. മാനേജര്‍ മുതല്‍ മുകളിലുള്ള ജീവനക്കാരുടെ കോമണ്‍ കേഡര്‍ കൊണ്ടുവരിക, മേഖലാ യൂണിയനുകള്‍, ഫെഡറേഷന്‍ എന്നിവിടങ്ങളില്‍ പെര്‍ഫോമന്‍സ് ഓഡിറ്റ്, ടെക്‌നിക്കല്‍ ഓഡിറ്റ് എന്നിവ നടത്തുക, അഞ്ച് വര്‍ഷത്തെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധനകാര്യ വിശകലനം നടത്തുക, കോമണ്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പൊതുഅക്കൗണ്ടിംഗ് സംവിധാനം നടപ്പാക്കുക, ഭരണസമിതിയില്‍ പുതുമുഖങ്ങള്‍ക്ക് അവസരം ഒരുക്കുക, പരമാവധി മൂന്നു തവണ മാത്രമേ ഒരാള്‍ക്ക് ഭരണസമിതിയില്‍ തുടരാനാവൂ എന്ന വ്യവസ്ഥ നടപ്പാക്കുക, ആര്‍ ആന്റ് ഡി വിഭാഗത്തെ പൂര്‍ണമായി പുനസംഘടിപ്പിക്കുക, മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നതിനും വിപണനം നടത്തുന്നതിനും മികച്ച സംവിധാനം ഒരുക്കുക, പുതിയ മാര്‍ക്കറ്റിംഗ് മേഖലകള്‍ കണ്ടെത്തുക, മൂന്ന് വര്‍ഷത്തിലേറെയായി സംഘങ്ങളില്‍ പാല്‍ നല്‍കാത്തവരെ അംഗത്വത്തില്‍ നിന്ന് ഒഴിവാക്കുക, ഫുമുകള്‍ക്ക് ലൈസന്‍സിനുള്ള പരിധി അഞ്ചില്‍ നിന്ന് പത്ത് പശുക്കളായി ഉയര്‍ത്തുക തുടങ്ങിയവയാണ് പ്രധാന ശുപാര്‍ശകള്‍. 
പി.എന്‍.എക്‌സ്.1946/18

date