Skip to main content

തൊഴിലുറപ്പ്; കര്‍മ്മപദ്ധതിയും  ലേബര്‍ ബജറ്റും  ഡിസംബര്‍ 20ന് മുമ്പ് തയ്യാറാക്കണമെന്ന് കളക്ടര്‍

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2018-19 സാമ്പത്തിക വര്‍ഷത്തെ കര്‍മ്മപദ്ധതിയും  ലേബര്‍ ബജറ്റും ഡിസംബര്‍ 30ന് മുമ്പ്  തയ്യാറാക്കാന്‍ കഴിയുംവിധം പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തണമെന്ന് ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍കൂടിയായ ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ നിര്‍ദേശിച്ചു. 
    പദ്ധതികള്‍ തിരെഞ്ഞെടുക്കുന്നതും ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതും മാസ്റ്റര്‍ സര്‍ക്കുലര്‍ അനുസരിച്ചായിരിക്കണം. തൊഴിലാളികള്‍ക്ക് ഒരു വര്‍ഷം 100 ദിവസം തൊഴില്‍ ലഭിക്കത്തക്കവിധത്തില്‍ എല്ലാ വാര്‍ഡുകളിലും ആവശ്യത്തിന് പ്രവൃത്തികള്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

    അയല്‍ക്കൂട്ടങ്ങളുടെ അനുഭവത്തിന്റെയും നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവൃത്തികള്‍ തിരെഞ്ഞെടുക്കേണ്ടത്. എല്ലാ അയല്‍ക്കൂട്ടങ്ങളിലും ഏറ്റെടുക്കാനുദ്ദേശിക്കുന്ന പ്രവൃത്തികള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി അവിടെ ഉരുത്തിരിയുന്ന ആശയങ്ങളും നിര്‍ദ്ദേശങ്ങളും വാര്‍ഡ്തലത്തില്‍ ക്രോഡീകരിച്ച് ഗ്രാമ പഞ്ചായത്തിന്റെ കര്‍മ്മപദ്ധതി തയ്യാറാക്കണം. 
    സംസ്ഥാന സര്‍ക്കാരിന്റെ ഹരിതമിഷന്‍ പ്രവര്‍ത്തനങ്ങളുമായി സംയോജിപ്പിച്ച് ജലസംരക്ഷണ, പ്രകൃതി വിഭവ പരിപാലന പൊതുപ്രവൃത്തികള്‍, ജലസേചന കുളങ്ങളുടേയും മറ്റ് പരമ്പരാഗത ജലസ്രോതസ്സുകളുടേയും പുനരുദ്ധാരണം, വൃക്ഷത്തൈ ഉത്പാദനവും വനവത്കരണവും, കിണറുകളുടെയും, ശൗചാലയങ്ങളുടെയും നിര്‍മ്മാണം, അവശവിഭാഗങ്ങള്‍ക്കുളള വൃക്തിഗത ആസ്തികളുടെ നിര്‍മ്മാണം, ദീര്‍ഘകാലം ഈടുനില്‍ക്കുന്നതും ആസ്തി സൃഷ്ടിക്കുന്നതുമായ പ്രവൃത്തികള്‍ എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കണം.
    ഫിഷറീസ്, മണ്ണ് പര്യവേഷണവും സംരക്ഷണവും, ജലസേചനം, കൃഷി, ക്ഷീരവികസനം, മൃഗസംരക്ഷണം, വനം വന്യജീവി, സാമൂഹിക നീതി, പട്ടികജാതി- പട്ടിക വര്‍ഗ്ഗ വികസനം, പഞ്ചായത്ത് എന്നീ വകുപ്പുകളുമായും നാളീകേര വികസന ബോര്‍ഡുമായും  സംയോജിച്ചുള്ള പ്രവര്‍ത്തന സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. 

    കശുവണ്ടി വികസന കോര്‍പ്പറേഷനുമായി സഹകരിച്ച് കശുമാവ് കൃഷി വ്യാപനം എന്ന പ്രോജക്ട് ഉള്‍പ്പെടുത്തി ജില്ലയെ കശുവണ്ടി ഉത്പാദനത്തില്‍ സ്വയം പര്യാപ്തമാക്കുന്നതിന് പരിശ്രമിക്കണം. രൂക്ഷമായ വരള്‍ച്ചയെ അതിജീവിക്കാന്‍ എല്ലാ തരത്തിലുളള ജലസംരക്ഷണ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്താം.
    തരിശ് നിലങ്ങള്‍ കൃഷിക്ക് ഉപയുക്തമാക്കുക, ഒറ്റപ്പെട്ടു കിടക്കുന്ന ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്നതിന് ഗ്രാമീണ റോഡുകള്‍ നിര്‍മിക്കുക,  കാര്‍ഷികോത്പന്ന സംഭരണ കേന്ദ്രങ്ങള്‍, സ്വന്തമായി കെട്ടിടങ്ങളില്ലാത്ത അങ്കണവാടികള്‍ക്ക് കെട്ടിടങ്ങള്‍, സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക്  കളിസ്ഥലങ്ങളും പാചകപ്പുരകളും, സ്‌കൂള്‍ ടോയ്‌ലറ്റുകള്‍, മൃഗപരിപാലനം പ്രോത്സാഹിപ്പിക്കുന്നതിന് കോഴിക്കൂട്, ആട്ടിന്‍കൂട്, പശുത്തൊഴുത്ത് തുടങ്ങിയവ നിര്‍മിക്കാം.

ശുചിത്വ പരിപാലനവുമായി ബന്ധപ്പെട്ട് കമ്പോസ്റ്റ് കുഴികള്‍, മഴക്കൊയ്ത്തിനായി കിണറിന് പരിസരത്ത് മഴക്കുഴികള്‍, മഴപ്പാത്തികള്‍ എന്നിവ ഒരുക്കാം. കിണറുകളിലെ ജലവിതാനം ഉയര്‍ത്തുന്നതിന് കിണര്‍ റീച്ചാര്‍ജിംഗ് പദ്ധതിക്ക് മുന്തിയ പരിഗണന നല്‍കാവുന്നതാണ്. ആവശ്യമായ പ്രവൃത്തികള്‍ എല്ലാം അയല്‍ക്കൂട്ടങ്ങളില്‍ നിന്നുതന്നെ ഉരുത്തിരിഞ്ഞ് വരേണ്ടതാണ്. 
    ഗ്രാമസഭകളില്‍ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്താണ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്. ഇതിനായി തൊഴിലാളികളുടെ പ്രത്യേക ഗ്രാമസഭ വിളിച്ചുചേര്‍ക്കണം. ഗ്രാമപഞ്ചായത്തില്‍ പദ്ധതി രൂപീകരിച്ച് ഗ്രാമ പഞ്ചായത്ത് കമ്മിറ്റിയുടെ അംഗീകാരത്തോടെ ബ്ലോക്ക് പഞ്ചായത്തിന് സമര്‍പ്പിക്കണം. ഇത്  ഡിസംബര്‍ 20 നകം ജില്ലാ പഞ്ചായത്തില്‍ സമര്‍പ്പിച്ച് അംഗീകാരം വാങ്ങണം.  ലേബര്‍ ബഡ്ജറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ അവലോകന യോഗം നവംബര്‍ 22ന് നടക്കും.
(പി.ആര്‍.കെ.നമ്പര്‍  2517/17)

date