Skip to main content

പ്രതിഭകളെ കണ്ടെത്തുന്നതാവണം വിദ്യാഭ്യാസം-മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് * ശാസ്ത്ര പ്രതിഭകൾക്ക് വളരാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിക്ക് തുടക്കം

        ഓരോ വിദ്യാർത്ഥിയുടെയും ഉള്ളിലുള്ള പ്രതിഭ കണ്ടെത്തുന്നതാവണം യഥാർത്ഥ വിദ്യാഭ്യാസമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും മികച്ച ശാസ്ത്ര പ്രതിഭകളായ കുട്ടികൾക്ക് ഐ.ഐ.ടി, ഐ.ഐ.എം, ബി.എ.ആർ.സി തുടങ്ങിയ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പരിശീലനം ലഭിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച നൂതന പദ്ധതിയായ സയൻസ് ബഡീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

        കേവല ഐ.എ.എസുകാരെയോ ഐ.പി.എസുകാരെയോ ഡോക്ടർമാരെയോ എഞ്ചിനീയർമാരെയോ മാത്രം സൃഷ്ടിക്കുകയല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. എന്ത് കാണുമ്പോഴും കേൾക്കുമ്പോഴും പഠിക്കുമ്പോഴും ഇത് എന്തുകൊണ്ടാണ് എന്ന് നിരന്തരം ചോദിക്കുന്നവർക്ക് മാത്രമേ ശാസ്ത്രപ്രതിഭകളാകാൻ കഴിയൂ. സംശയവും ചോദ്യം ചെയ്യലുമാണ് ഒരു പ്രതിഭയുടെ ലക്ഷണമായി കാണേണ്ടത്.  പഠിച്ച് എന്തെങ്കിലും ജോലി സമ്പാദിക്കുക എന്നതാണ് നമ്മുടെയൊക്കെ ചിന്ത. ഈ മനോഭാവം മാറാത്തതുകൊണ്ടാണ് കേരളത്തിൽനിന്ന് ഒരു ശാസ്ത്രജ്ഞൻ പോലും ഉണ്ടാകാത്തത്. സംവാദമാണ് വളർച്ചയുടെ ഉപകരണം. അതിന് ഏറ്റവും ഉപകരിക്കുന്നതാണ് വായന. വായനയിലൂടെയാണ് വിശാലമായ അറിവ് ലഭിക്കുന്നത്. റഫറൻസ് പുസ്തകങ്ങളാണ് ഏറ്റവും കൂടുതൽ വായിക്കേണ്ടത്. ഓരോ വിഷയങ്ങൾ പഠിക്കുമ്പോഴും ആഴത്തിലുള്ള ഉൾക്കാഴ്ചയും ഗവേഷണത്വരയും ഉണ്ടാകണം. എന്നാൽ മാത്രമേ പുതിയ കാര്യങ്ങൾ കണ്ടെത്താൻ കഴിയുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.

        പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.ഷാജഹാൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻ കുമാർ, ആർ.എം.എസ്.എ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ രാഹുൽ എസ്. എന്നിവർ ആശംസ നേർന്നു. ഐ.ടി ഡയറക്ടർ ബി. അബുരാജ് സ്വാഗതവും ആർ. എം. എസ്. എ അഡീഷണൽ ഡയറക്ടർ പി.എസ്.മാത്യു നന്ദിയും പറഞ്ഞു.  

        ഓൺലൈൻ ടെസ്റ്റിലൂടെ തെരഞ്ഞെടുക്കപ്പെട്ട 70 കുട്ടികൾക്കാണ് പ്രതിഭകളായി വളരാൻ പരിശീലനം നൽകുന്നത്. സോഷ്യൽ ഇന്നവേഷൻ, റോബോട്ടിക്‌സ്, ഐ.ടി, അസ്‌ട്രോണമി, അനലറ്റിക്‌സ് എന്നിവയാണ് പദ്ധതിയിലെ വിഷയങ്ങൾ. പരിപാടിക്ക് നേതൃത്വം നൽകുന്നത് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്‌നോളജിയാണ്. രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്റെ സാമ്പത്തിക പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.  പരിശീലന പരിപാടി ഇന്ന് (മെയ് 26) സമാപിക്കും.

പി.എൻ.എക്‌സ്.2011/18

date