Skip to main content

എറണാകുളം അറിയിപ്പുകള്‍

നോര്‍ക്ക: മെയ് 28 മുതല്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ പുനരാരംഭിക്കും

കൊച്ചി: നോര്‍ക്ക റൂട്ട്‌സിന്റെ എറണാകുളം സര്‍ട്ടിഫിക്കേഷന്‍ ഓതന്റിക്കേഷന്‍ സെന്ററില്‍ മെയ് 28 മുതല്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ പുനരാരംഭിക്കും. ജൂണ്‍ 7-ന് തൃശൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും 14-ന് കോട്ടയം കളക്ടറേറ്റ് ഹാളിലും സര്‍ട്ടിഫീക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടാകുമെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു. യൂഎഇ, കുവൈത്ത് എംബസികള്‍ക്കുപുറമെ ഖത്തര്‍, ബഹറിന്‍ എന്നീ രാജ്യങ്ങളിലേക്കുമുളള എംബസി അറ്റസ്റ്റേഷനും നോര്‍ക്ക റൂട്ട്‌സ് മുഖേന ചെയ്യാം. 

 

ഭിന്നശേഷിക്കാര്‍ക്ക് പരിശീലനം

 

കൊച്ചി: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ തുടങ്ങിയവ നടത്തുന്ന വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ കീഴ്മാട് അന്ധ വിദ്യാലയത്തിന്റെ സഹകരണത്തോടെ ജൂണില്‍ 25 ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ മത്സര പരീക്ഷാ പരിശീലനം നടത്തും.

പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ 2018  മെയ് 31-നകം കാക്കനാട് സിവില്‍ സ്‌റ്റേഷന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ ആലുവ കീഴ്മാട് അന്ധ വിദ്യാലയത്തിലോ പേര് രജിസ്റ്റര്‍ ചെയ്യണം. ടെലിഫോണ്‍ മുഖേനയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഫോണ്‍ നമ്പറുകള്‍   ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ്, 0484  2421633

എക്‌സ്‌ചേഞ്ച്, എറണാകുളം- അന്ധ വിദ്യാലയം, കീഴ്മാട്.  0484  2623412

 

സി-ഡിറ്റ് സൈബര്‍ശ്രീയില്‍ പരിശീലനങ്ങള്‍ക്ക് ജൂണ്‍ 4 വരെ അപേക്ഷിക്കാം

 

കൊച്ചി:പട്ടികജാതി വിഭാഗക്കാര്‍ക്കായി സി-ഡിറ്റ് സൈബര്‍ശ്രീ സോഫ്റ്റ്‌വെയര്‍ വികസനം, ടുഡി ആന്റ് ത്രീഡി ഗെയിം വികസനം, പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജീസ് എന്നിവയില്‍ തിരുവനന്തപുരത്ത് പരിശീലനം നല്‍കും. കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കില്‍ എം.സി.എ/എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത നേടിയവര്‍ക്ക് സോഫ്റ്റ്‌വെയര്‍ വികസന പരിശീലനത്തിന് അപേക്ഷിക്കാം. 7 മാസത്തെ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 5500 രൂപ സ്റ്റൈപന്റ് ലഭിക്കും. പ്രായ പരിധി 20 നും 26നും മദ്ധ്യേ.

 

എഞ്ചിനീയറിംഗ്/ എം.സി.എ/ ബി.സി.എ എന്നിവയില്‍ ബിരുധമുള്ളവര്‍ക്കും കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും ടുഡി ആന്റ് ത്രീഡി ഗെയിം വികസന പരിശീലനത്തിന് അപേക്ഷിക്കാം. 6 മാസത്തെ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 3500 രൂപ സ്റ്റൈപന്റ് ലഭിക്കും. പ്രായ പരിധി 20 നും 26നും മദ്ധ്യേ. 

 

വിഷ്വല്‍ മീഡിയയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജിയില്‍പ്പെടുന്ന സൗണ്ട് എഞ്ചിനീയറിംഗ്, എഡിറ്റിംഗ്, വിഷ്വല്‍ ഇഫക്ട് തുടങ്ങിയവയിലും സൈബര്‍ശ്രീപരിശീലനം നല്‍കുന്നു. പരിശീലന കാലാവധി ആറു മാസമാണ്. ഏതെങ്കിലും വിഷയത്തില്‍ എഞ്ചിനീയറിംഗ്/ബിരുദം പാസ്സായവര്‍ക്ക് അപേക്ഷിക്കാം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ സ്റ്റൈപന്റ് ലഭിക്കും. പ്രായ പരിധി 20 നും 26നും മദ്ധ്യേ.

 

വിശദവിവരങ്ങളും അപേക്ഷാഫോറവും www.cybersri.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

 

പൂരിപ്പിച്ച അപേക്ഷകള്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കററുകളുടെ ശരിപകര്‍പ്പ്  സഹിതം  ജൂണ്‍ 4-നു മുമ്പ് സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ, ടിസി 81/2964, തൈക്കാട് പി.ഒ., തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷയും മറ്റ് രേഖകളും cybersritraining@gmail.com എന്ന വിലാസത്തിലേക്ക് ഇ-മെയില്‍ അയയ്ക്കാം. ജൂണ്‍ 6-ന് തിരുവനന്തപുരത്ത് സൈബര്‍ശ്രീ സെന്ററില്‍ വച്ച് നടത്തുന്ന അഭിമുഖത്തില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.  ഫോണ്‍ഃ 0471 2323949

 

ഉന്നത വിജയികള്‍ക്ക് സമ്മാനം

കൊച്ചി: 2018 മാര്‍ച്ച്/ഏപ്രില്‍ മാസങ്ങളില്‍ നടന്ന എസ് എസ് എല്‍ സി, ഹയര്‍ സെക്കണ്ടറി, ഡിഗ്രി, ഡിപ്ലോമ, പി ജി, പ്രെഫഷണല്‍  കോഴ്‌സുകളില്‍ ഒന്നാം ക്ലാസ്/ ഡിസ്റ്റിംഗ്ഷനില്‍ ഉന്നത വിജയം നേടിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രോത്സാഹന സമ്മാനത്തിന് ജില്ല പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു.

 

അപേക്ഷകര്‍ ജില്ലയിലെ ഏതെങ്കിലും അംഗീകൃത വിദ്യാലയത്തില്‍ നിന്നും എസ് എസ് എല്‍ സി ക്ക് ഏറ്റവും കുറഞ്ഞത് 6 ബി ഗ്രേഡും 4 സി ഗ്രേഡും നേടിയവരായിരിക്കണം. പ്ലസ്ടുവിന് ഏറ്റവും കുറഞ്ഞത് 4 ബി ഗ്രേഡും 2 സി. ഗ്രേഡും നേടിയവര്‍ക്കും വി എച്ച് എസ്.ഇ ക്ക് 5ബിയും 3 സി യും ഉള്ളവര്‍ക്കും അപേക്ഷിക്കാം. സി.ബി.എസ്.ഇക്കും മറ്റ് കോഴ്‌സുകള്‍ക്കും കുറഞ്ഞത് 60% മാര്‍ക്ക് നേടിയവര്‍ക്കാണ് സമ്മാനത്തിന് അര്‍ഹതയുള്ളത്. 

 

അപേക്ഷകര്‍ അപേക്ഷയോടൊപ്പം  അസ്സല്‍ ജാതി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ പഠിച്ചിരുന്ന വിദ്യാലയം സ്ഥിതി ചെയ്യുന്ന ബ്ലോക്ക് / മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും ബന്ധപ്പെട്ട ബ്ലോക്ക് / മുന്‍സിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസറുമായി ബന്ധപ്പെടുക

date