Skip to main content

പകര്‍ച്ചവ്യാധി പ്രതിരോധ നടപടികളും ബോധവത്കരണവും ഊര്‍ജ്ജിതമാക്കണം:  ജില്ലാ വികസന സമിതി

 

കാക്കനാട്: കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെയും മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതിന്റെയും പശ്ചാത്തലത്തില്‍ ജില്ലയില്‍ പകര്‍ച്ചവ്യാധി പ്രതിരോധ നടപടികളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ വികസനസമിതിയോഗം ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കി.  ജില്ലയില്‍ ഇതുവരെ നിപ്പാ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍.കെ.കുട്ടപ്പന്‍ അറിയിച്ചു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഡെങ്കിപ്പനി, എലിപ്പനി, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ പകര്‍ച്ചവ്യാധികളുടെ നിരക്ക് പകുതിയായി കുറഞ്ഞിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. 

ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത പെരുമ്പാവൂര്‍ വല്ലം പ്രദേശത്തെ 24, 27 വാര്‍ഡുകളില്‍ ഒമ്പത് റൗണ്ട് മോസ്‌കിറ്റോ ഫോഗിങ് നടത്തി.  വാര്‍ഡുതല സാനിറ്റേഷന്‍ കമ്മറ്റികളുടെ ബോധവത്കരണ- ശുചിത്വവല്‍കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും.  

പൊതുവിദ്യാലയങ്ങളില്‍ ചേരാനെത്തുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുത്ത സ്‌കൂളുകള്‍ ഹൈടെക്ക് ആക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് മൂവാറ്റുപുഴ എം.എല്‍.എ. എല്‍ദോ എബ്രഹാം ആവശ്യപ്പെട്ടു.  അഞ്ചു കോടി രൂപ വീതം അനുവദിച്ച 15 സ്‌കൂളുകളും മൂന്നു കോടി രൂപ വീതം അനുവദിച്ച എട്ട് സ്‌കൂളുകളും ജില്ലയിലുണ്ട്. ഇതില്‍ എട്ടെണ്ണത്തിനു മാത്രമാണ് ഉപകരണങ്ങള്‍ വാങ്ങാനുള്ള ടെണ്ടര്‍ നടപടികള്‍ തുടങ്ങിയത്.  ശേഷിക്കുന്നവ ഉടന്‍ റീ ടെണ്ടര്‍ ചെയ്യണം.  മൂവാറ്റുപുഴയില്‍ 10 സ്‌കൂളുകള്‍ക്ക് സ്‌കൂള്‍ വാഹനം അനുവദിച്ചു.  ഇതില്‍ നാലെണ്ണം വലിയ സ്‌കൂള്‍ ബസ്സാണ്.  ഈ സ്‌കൂളുകളിലെ പഴയ സ്‌കൂള്‍ വാഹനങ്ങള്‍ ആര്‍.ടി.ഒ. പരിശോധിച്ച് വില തിട്ടപ്പെടുത്തി ലേലം ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പിനും മോട്ടോര്‍ വാഹന വകുപ്പിനും ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള നിര്‍ദ്ദേശം നല്‍കി.  

ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി ഭവനനിര്‍മ്മാണ ധനസഹായത്തിന് അര്‍ഹത നേടിയ ആവോലി പഞ്ചായത്തിലെ 200 കുടുംബങ്ങള്‍ക്ക് വീടു വെയ്ക്കാന്‍ സ്ഥലമൊരുക്കുന്നതിന് തടസ്സമായ മരങ്ങള്‍ മുറിച്ചുമാറ്റണമെന്നും എം.എല്‍.എ. പറഞ്ഞു.  കടവൂര് വില്ലേജില്‍ 1977നു മുമ്പ് താമസമാക്കിയവര്‍ക്ക് പട്ടയം നല്‍കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  59 വയസ്സ് പൂര്‍ത്തിയായ കുടുംബനാഥന്‍ മരിച്ചാല്‍ വിധവയ്ക്ക് ലഭിക്കുന്ന 20000 രൂപ വിതരണം ചെയ്യാനുള്ള ഇനത്തില്‍ ജില്ലയ്ക്ക് ലഭിക്കാനുള്ള തുക ലഭ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. 

അനാഥാലയങ്ങള്‍, അഗതിമന്ദിരങ്ങള്‍ തുടങ്ങിയവയ്ക്കു നല്‍കുന്ന അരി, ഗോതമ്പ്, പഞ്ചസാര എന്നിവയുടെ വിതരണം  2017 സെപ്റ്റംബര്‍ മുതല്‍ മുടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.   ഇത്തരത്തില്‍ 7458 ഗുണഭോക്താക്കളാണ് ജില്ലയിലുള്ളത്.  

ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധത്തിന്റെ ഭാഗമായി പയിമ്പ്ര, ഊരവനം, രായമംഗലം, രാമമംഗലം, ഊരമന ഗ്രാമപഞ്ചായത്തുകളില്‍  സൗജന്യ വാക്‌സിനേഷന്‍ നടത്തണമെന്നും പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.  

മഴക്കാലത്തിനു മുന്നോടിയായി റോഡിലെ കുഴികളടയ്ക്കുന്ന പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ അങ്കമാലി എം.എല്‍.എ. റോജി എം.ജോണ്‍ നിര്‍ദ്ദേശിച്ചു.  റോഡുകളുടെ ടാറിങ് പൂര്‍ത്തിയാകാത്തതിനാല്‍  ഇരുചക്രവാഹനങ്ങള്‍ നിരന്തരം അപകടത്തില്‍പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.  മൂക്കന്നൂര്‍ റോഡില്‍ അടിക്കടി കുടിവെള്ള പൈപ്പ് പൊട്ടുന്നത് പതിവാണ്.  പൈപ്പിന്റെ കേടുപറ്റിയ അത്രയും ഭാഗം എടുത്തുമാറ്റി പുതിയത് സ്ഥാപിക്കാന്‍ ആദ്ദേഹം ആവശ്യപ്പെട്ടു.  മുമ്പ് സ്ഥാപിച്ച പൈപ്പുകളിലെ ഇന്റര്‍ കണക്ഷന്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.  അങ്കമാലി സിവില്‍ സ്റ്റേഷന്റെ  ചുറ്റുമതില്‍ നിര്‍മ്മാണവും സമീപ റോഡിന്റെ വീതികൂട്ടലും ത്വരിതപ്പെടുത്താനും നിര്‍ദ്ദേശമുണ്ടായി. കാലടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെയും ഫാര്‍മസിസ്റ്റിനെയും  നിയമിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.  

 

വല്ലം മേഖലയില്‍ ഡെങ്കിപ്പനി ബാധിച്ച് മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കണമെന്ന് പെരുമ്പാവൂര്‍ എം.എല്‍.എ. എല്‍ദോസ് കുന്നംപള്ളി ആവശ്യപ്പെട്ടു.  പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്റെ ഭാഗമായി തൊഴിലാളി ക്യാമ്പുകളും തട്ടുകടകളുടെ പരിസരവും പരിശോധിക്കണം.  ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ കുറവ് നികത്തണമെന്നും നിര്‍ദ്ദേശിച്ചു.  

മാലിന്യനിര്‍മാര്‍ജ്ജനം ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളുടെ പരിസരം പരിശോധിക്കുകയും ആവശ്യമായ നടപടികളെടുക്കുകയും ചെയ്യണമെന്ന് കുന്നത്തുനാട് എം.എല്‍.എ. വി.പി.സജീന്ദ്രന്‍ പറഞ്ഞു.  ഇതിന്റെ ഭാഗമായി ജില്ലയിലെ 210 ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.  ഇതില്‍ 18 എണ്ണം ശോച്യാവസ്ഥയിലാണെന്നും പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

രാത്രിയില്‍ ചികിത്സ തേടിയെത്തുന്ന രോഗികളെ അതത് സ്ഥാപനങ്ങളില്‍ത്തന്നെ ചികിത്സിക്കാന്‍ സൗകര്യങ്ങളുണ്ടായിരിക്കണമെന്ന്  ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ. പറഞ്ഞു.  ജനറല്‍- താലൂക്ക്- ജില്ലാ ആശുപത്രികള്‍ ഇതിന് സജ്ജമായിരിക്കണം.  ആശുപത്രികളുടെ ചികിത്സാ മാനദണ്ഡമനുസരിച്ച് ചികിത്സ ഉറപ്പാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.  കലൂര്‍ കല്‍വര്‍ട്ട് പൊളിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്താനും എംഎല്‍എ നിര്‍ദ്ദേശിച്ചു.  കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലേക്കുമുള്ള റൂട്ടില്‍ സ്വകാര്യ- ട്രാന്‍സ്‌പോര്‍ട്ട് വാഹന ഗതാഗതം സ്ഥാപിക്കണമെന്നും കളമശ്ശേരി നഗരസഭയുടെ നേതൃത്വത്തില്‍ ബസ് ടെര്‍മിനല്‍ നിര്‍മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

 

ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണമെന്ന് കെ.ജെ.മാക്‌സി എം.എല്‍.എ. ആവശ്യപ്പെട്ടു.  കൊച്ചിയില്‍ കുടിവെള്ളമെത്തിക്കുന്നതിന് 2017ല്‍ തോപ്പുപടി മുതല്‍ റോഡു പൊളിച്ചത് ഇതുവരെ നന്നാക്കിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  ചെല്ലാനം പാലം അപ്രോച്ച് റോഡിന് ഭരണാനുമതിയായെങ്കിലും ടെണ്ടര്‍ നടപടികളിലേക്ക് കടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  സമീപത്തെ ബണ്ട് പൊതുജനങ്ങള്‍ സഞ്ചാരത്തിനുപയോഗിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. 

ജില്ലാ പഞ്ചായത്തിനു കീഴിലെ സ്‌കൂളുകളില്‍ ബെഞ്ചും ഡെസ്‌കും വിതരണം ചെയ്യുന്നതിന് എഫ്.ഐ.ടിക്ക് രണ്ടുകോടി രൂപ ജില്ലാ പഞ്ചായത്ത് നല്‍കി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും നടപടിയൊന്നുമുണ്ടായില്ലെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ് യോഗത്തില്‍ അറിയിച്ചു.   

മഴക്കെടുതികള്‍ പ്രതിരോധിക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നടപടികള്‍ കൈക്കൊണ്ടതായി ഡെപ്യൂട്ടി കലക്ടര്‍ ഷീലാദേവി അറിയിച്ചു.  ഏഴ് താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതായും ദുരന്തനിവാരണവും ലഘൂകരണവും ലക്ഷ്യമിട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൈക്കൊള്ളേണ്ട നടപടികള്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയതായും അവര്‍ അറിയിച്ചു.  

എംഎല്‍എമാര്‍ക്കും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും പുറമെ ജില്ലാ കളക്ടര്‍ കെ മുഹമ്മദ#് വൈ സഫീറുള്ള, ജില്ലാ പ്ലാനിങ് ഓഫീസര്‍ സാലി ജോസഫ്,  വിവിധ വകുപ്പുകളിലെ ജില്ലാ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

date